Sunday, April 25, 2010

സച്ചിന്റെ സ്വന്തം അഞ്ജലി

മനുഷ്യര്‍ ഇതിഹാസങ്ങളാകുമ്പോള്‍ ജീവിതപങ്കാളിയും പ്രശ്‌സരാകുന്നത് സ്വാഭാവികമാണ്. അങ്ങനെ ഒരു ഇതിഹാസനായകന്റെ പത്‌നിയാവാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തിയാണ് അഞ്ജലി. അഞ്ജലി എന്നാല്‍ കൂപ്പുകൈ എന്നാണര്‍ത്ഥം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസനായകന്റെ പത്‌നിയായി വന്ന അഞ്ജലിയെ ഇന്ത്യ കൂപ്പുകൈയോടെയാണ് സ്വീകരിച്ചത്. പ്രസന്നവദനയായി, മുഖത്ത് പുഞ്ചിരിയണിഞ്ഞ് സച്ചിനോടൊപ്പം വേദികള്‍ പങ്കിടുന്ന അഞ്ജലി അങ്ങനെ നമ്മുടെ മനസ്‌സ് കീഴടക്കി.

1990ല്‍ മുംബയ് വിമാനത്താവളത്തില്‍ വച്ചാണ് ഡോക്ടറായ അഞ്ജലി സച്ചിനെ ആദ്യമായി കാണുന്നത്. ഇംഗ്‌ളണ്ട് പര്യടനം കഴിഞ്ഞു തിരിച്ചു വന്ന ഇന്ത്യന്‍ ടീമിനോടൊപ്പം തിരികെയെത്തിയ സച്ചിനെ യാദൃച്ഛികമായി അഞ്ജലി ശ്രദ്ധിച്ചു. ക്രിക്കറ്റിനെക്കുറിച്ച് യാതൊന്നും അറിയാത്ത അഞ്ജലി സച്ചിനെ തിരിച്ചറിഞ്ഞു പോലുമില്ല. അമ്മയെ സ്വീകരിക്കാന്‍ പോയ അഞ്ജലി സച്ചിനെ അവിടെ വച്ചാണ് പരിചയപ്പെട്ടത്. പിന്നീട് നീണ്ട അഞ്ചു വര്‍ഷത്തെ ബന്ധം, പ്രണയമെന്നോ സൗഹൃദമെന്നോ വ്യക്തമാക്കാനാകാത്ത ആ ബന്ധം 1995ല്‍ വിവാഹത്തില്‍ എത്തി. 1994ല്‍ ന്യൂസിലണ്ടില്‍ വച്ചായിരുന്നു സച്ചിന്റെയും അഞ്ജലിയുടെയും വിവാഹനിശ്ചയം.

ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയാതിരുന്ന അഞ്ജലി ക്രിക്കറ്റിനെക്കുറിച്ച് പഠിച്ചു, ക്രിക്കറ്റിന്റെ സഹയാത്രികയായി. ക്രിക്കറ്റിനെ കുറിച്ച് ഒന്നും അറിയില്ല എന്ന മേന്മയായിരിക്കാം തന്നെ സച്ചിനിലേക്ക് ആകര്‍ഷിച്ചത് എന്ന് അഞ്ജലി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സച്ചിന്റെ പ്രശ്‌സതി പലപ്പോഴും സ്വകാര്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ജനങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ ഭര്‍ത്താവിനെ വയ്പ്പുതാടിയും കണ്ണടയും അണിയിച്ച് സിനിമയ്ക്ക് കൊണ്ടു പോകേണ്ട ഗതികേടും അഞ്ജലി എന്ന ഭാര്യയ്ക്കുണ്ടായി.

ശിശുരോഗവിദ്ഗധയായിരുന്ന അഞ്ജലി തന്റെ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. സച്ചിന്‍ - അഞ്ജലി ദമ്പതികള്‍ക്ക് സാറ, അര്‍ജ്ജുന്‍ എന്ന രണ്ടു മക്കളുണ്ട്.

അക്ഷരച്ചെപ്പ്

നക്ഷത്രമെന്നോടു ചോദിച്ചു ഞാന്‍ തന്നൊരക്ഷരമെന്തേ രസിച്ചുവോ പൈതലേ`

അക്ഷരങ്ങള്‍ അറിവിന്‍െറ ജാലകം തുറക്കുന്നു, സ്വപ്‌നം കാണിക്കുന്നു, മോഹിപ്പിക്കുന്നു. നമ്മുടെയെല്ലാം ജീവിതത്തില്‍ മാസ്‌മരികതയുടെ വര്‍ണ്ണക്കാഴ്‌ചകള്‍ കാട്ടി തരുന്നത്‌ അക്ഷങ്ങളാണ് ‍. മൂന്നാം വയസ്‌സില്‍ വിരല്‍ത്തുമ്പില്‍ പകര്‍ന്നു കിട്ടുന്ന അക്ഷരങ്ങള്‍ പിന്നീടങ്ങോട്ടു നമ്മുടെ ജീവിതത്തില്‍ മാര്‍ഗദീപമാകുന്നു. പുസ്‌തകങ്ങളെന്നും മനുഷ്യന്‌ നല്ല കൂട്ടുകാരായിരുന്നു. പുസ്‌തകങ്ങളോട്‌ മനുഷ്യര്‍ അകലുന്നു എന്നു തോന്നിയപ്പോഴാണ് ഐക്യരാഷ്‌ട്രസഭയുടെ ഉപസംഘടനയായ യുനെസ്‌കോ ലോകപുസ്‌ക ദിനം ആചരിക്കാന്‍തുടങ്ങിയത് .
സാഹിത്യ ലോകത്ത്‌ എന്നും ഓര്‍മ്മിക്കപ്പെടുന്ന ദിവസം തന്നെയാണ്‌ ലോകപുസ്‌തകം ദിനമായി ആഘോഷിക്കുന്ന ഏപ്രില്‍ 23. എഴുത്തിന്‍െറ ചക്രവര്‍ത്തി ഷേക്‌സ്‌പിയറുടെ ജനിച്ചത്‌ 1616 ഏപ്രില്‍ 23നാണ്‌. കാറ്റലോണിയയിലെ സെന്‍റ്‌ ജോര്‍ജ്‌ ദിനവുമായി പുസ്‌തകദിനത്തിന്‌ അടുത്ത ബന്ധമുണ്ട്‌. കാറ്റലോണിയയില്‍ ആ ദിവസം പുരുഷന്മാര്‍ തന്‍െറ പ്രണയിനികള്‍ക്ക്‌ റോസാപുഷ്‌പങ്ങള്‍ നല്‍കുന്ന പതിവുണ്ടായിരുന്നു. റോസാപുഷ്‌പങ്ങള്‍ പുസ്‌തകങ്ങള്‍ക്ക്‌ വഴിമാറി. അത്‌ അവിടുത്തെ പുസ്‌തകവില്‍പന ഗണ്യമായി വര്‍ദ്ധിപ്പിച്ചു.
1995ല്‍ കാറ്റലോണിയന്‍ ആഘോഷത്തിന്‍െറ സ്‌മരണയില്‍ ആദ്യമായി ലോകപുസ്‌തകദിനം ആഘോഷിച്ചു.
വീണ്ടുമൊരു പുസ്‌തകദിനം കൂടി, പുസ്‌തകത്താളുകള്‍ ഡിജിറ്റല്‍ ടെക്‌നോളജിക്കു വഴിമാറുന്നു എന്ന്‌ പരാതി ഉയരുമ്പോള്‍ നമുക്ക് മറക്കാതിരിക്കാം നാം മയില്‍പ്പീലി വെയില്‍ കാണിക്കാതെ സൂക്ഷിച്ച നമ്മുടെ പുസ്‌തകങ്ങളെ, അറിവിന്‍െറ കലവറ നമുക്കു മുന്നില്‍ തുറന്നു വച്ച്‌ നമ്മെ വിസ്‌മയിപ്പിച്ച ആ മഹാസാഗരത്തെ.

Saturday, April 24, 2010

പൂക്കളില്‍ വിടരുന്ന ബോളിവുഡ് ഗാനങ്ങള്‍

ബോളിവുഡിലെ കവികള്‍ക്ക്‌ പൂക്കളോട്‌ വലിയ പ്രിയമാണ്‌. ഫൂലോം കെ രംഗ്‌ സെ എന്ന്‌ പ്രിയമുളളവള്‍ക്ക്‌ കത്തെഴുതിയും ഫൂലോം കാ താരോം കാ സബ്‌ കാ കെഹ്‌നാ ഹേ എന്നു പാടി സഹോദരിയുടെ കണ്ണീരൊപ്പിയും പൂക്കളുടെ പ്രാധാന്യം അവര്‍ അറിയിച്ചു. പുഷ്‌പങ്ങളെ കുറിച്ച്‌ പൊതുവെ പാട്ടുകളുണ്ടെങ്കിലും ചില പ്രത്യേക പൂക്കളെ പ്രതിപാദിക്കുന്ന ഗാനങ്ങളുണ്ട്‌. 1956ല്‍ പുറത്തിറങ്ങിയ ബസന്ത്‌ ബഹാറിലെ കെത്‌കി ഗുലാബ്‌ ജൂഹി ചമ്പക്‌ ബന്‍ ഫൂലേ എന്ന പാട്ടില്‍ വസന്തകാലത്തെക്കുറിച്ചും പൂക്കളുടെ പ്രത്യേകതയെക്കുറിച്ചും പറയുന്നു.
സുജാതയില്‍ നന്‍ഹി കലി സോനേ ചലി എന്ന്‌ അമ്മ തന്‍െറ കുഞ്ഞു മകളെ ഒരു പൂമൊട്ടായി കാണുന്നു. അതു പോലെ ഘര്‍ ഏക്‌ മന്ദിറില്‍ ജൂഹി കി കലി മേരി ലഡ്‌ലി എന്ന ഗാനത്തില്‍ കുട്ടിയെ മുല്ലയോട്‌ ഉപമിക്കുന്നു.
കവികളെയും ഗാനരചയിതാക്കളെയും എന്നും മോഹിപ്പിച്ചിട്ടുളള പുഷ്‌പമാണ്‌ റോസ. തേരെ ഘര്‍ കെ സാമ്‌നേയില്‍ ദേവ്‌ ആനന്ദ്‌ ഫൂല്‍ തും ഗുലാബ്‌ കാ, ക്യാ ജവബ്‌ ആപ്‌ കാ എന്നും പാടുന്നുണ്ട്‌. ആര്‍സുവില്‍ വൃദ്ധനായ ഹക്കീമായി അഭിനയിച്ച രാജേന്ദ്രകുമാര്‍ ഖില്‍ത്തേ രഹേ ഹോത്തോന്‍ കെ ഗുലാബ്‌ ഓര്‍ സ്യാദാ എന്ന്‌ പാടുന്നുണ്ട്‌. ഹസ്‌രത്ത്‌ ജയ്‌പുരി പ്രകൃതിയെ അനശ്വര പ്രണയത്തോട്‌ ബന്ധപ്പെടുത്തുന്നു. ബീവി ഹോ തോ ഐസേയിലെ ഫൂല്‍ ഗുലാബ്‌ കാ ലഹോന്‍ മേന്‍ ഹസാരോന്‍ മേന്‍ ഏക്‌ ചെഹ്‌രാ ജനബ്‌ കാ എന്ന ഗാനത്തില്‍ അഞ്ചന്‍ അത്തരം താരതമ്യം കൊണ്ടു വരുന്നുണ്ട്‌. ഇപ്പോഴും പൂക്കള്‍ ഗാനരചയിതാക്കളെ ആകര്‍ഷിക്കാറുണ്ട്‌. അടുത്ത കാലത്ത്‌ പുറത്തിറങ്ങിയ വെല്‍ക്കമില്‍ പൂവിന്‍െറ സാന്നിധ്യമറിയിക്കുന്ന ഒരു ഗാനമുണ്ട്‌.
നമ്മുടെ ദേശീയ പുഷ്‌പമായ താമരെയും ഗാനങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്‌. ആര്‍സുവിലെ തേരെ ഹോത്ത്‌ ക്യാ ഹേ ഗുലാബി കമല്‍ ഹേയില്‍ താമരയെ ചുണ്ടിനോട്‌ ഉപമിക്കുന്നു. ദോ ആംഗേനില്‍ കമല്‍ കെ ഫൂല്‍ ജെയ്‌സാ ബദന്‍ തോരാ ചിക്‌നാ എന്ന പാട്ടില്‍ താമരയെ ശരീരത്തോട്‌ ഉപമിക്കുന്നു. ചമ്പാ, ചമേലി എന്നീ പൂക്കളും സിനിമാഗാനങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്‌.
സിദ്ദിയില്‍ ചമ്പകലി ദേഖോ എന്നും ചാ ചാ ചായില്‍ ഏക്‌ ചമേലി കെ മന്ദാവേ താലേ എന്നും പാട്ടുണ്ട്‌.
റോസ, താമര, മുല്ല, ചമ്പ, ചമേലി തുടങ്ങിയ പൂക്കളാണ്‌ സാധാരണ ഗാനങ്ങളില്‍ ഉപയോഗിക്കുന്നത്‌. എന്നാല്‍ അപൂര്‍വ്വമായി ചില പൂക്കളുടെ പേരുകളും ഉപയോഗിച്ചു കാണാറുണ്ട്‌. ദേവതയിലെ ഗുല്‍മോഹര്‍ ഘര്‍ തുമാരാ നാം ഹോത്തായും ഡല്‍ഹി 6ലെ സസ്‌റുള്‍ ജണ്ടാ ഫൂലില്‍ വധുവിനെ ജമന്തിയോടു ഉപമിക്കുന്നത്‌ ഹൃദ്യമാണ്‌.

പറഞ്ഞു തീര്‍ക്കാം വിഷമങ്ങള്‍....

പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫ്രഞ്ച്‌ ന്യൂറോളജിസ്‌റ്റും അനാട്ടമി പത്തോളജി പ്രൊഫസറുമായ ജീന്‍ മാര്‍ട്ടിന്‍ ചാര്‍ക്കോട്ടിന്‌ രണ്ട്‌ ശിഷ്യന്മാരുണ്ടായിരുന്നു, ജോസഫ്‌ ബ്രുയറും സിഗ്‌മണ്ട്‌ ഫ്രോയിഡും. അന്ന ഒ എന്ന 21കാരിയെ ബ്രുയര്‍ ഹിസ്‌റ്റീരിയ രോഗത്തിന് ചികിത്സിച്ചിരുന്നു. ബുദ്ധിശാലിയായ അന്നയ്‌ക്ക്‌ വിറയലും ഓര്‍മക്കുറവുമുണ്ടായിരുന്നു. ഇപ്പോള്‍ ഇത്‌ കണ്‍വര്‍ഷന്‍ ഡിസോര്‍ഡര്‍ (മാനസികസമ്മര്‍ദ്ദം ശാരീരികപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുക) എന്നാണ്‌ അറിയപ്പെടുന്നത്‌.
യാദൃച്ഛികമായി ബ്രുയര്‍ ഇല്ലാത്ത ഒരു ദിവസം ഫ്രോയിഡ്‌ അന്നയോട്‌ സംസാരിച്ചിരുന്നു. കുറച്ച്‌ സമയത്തിനു ശേഷം അന്നയുടെ വിറയല്‍ ശമിച്ചു. അന്ന അത്‌ഭുതത്തോടെ പറഞ്ഞു, `ടോക്കിംഗ്‌ ക്യുര്‍`(സംസാരിച്ച്‌ സുഖപ്പെടുത്തുക). വികാരങ്ങളെ പുറത്തുവിടുന്ന ഈ രീതിയെ ഫ്രോയിഡ്‌ ഫ്രീ അസോസിയേഷന്‍ എന്ന്‌ വിളിച്ചു. മനശ്‌ശാസ്‌ത്രത്തിലെ പ്രധാനപ്പെട്ട ചികിത്സാരീതിയായ സൈക്കോഅനാലിസസിന്‍െറ ഉദ്‌ഭവം അങ്ങനെയാണ്‌.

വികാരങ്ങളെ ഉളളിലടക്കിവയ്‌ക്കുന്നത്‌ അപകടകരമായ പ്രവണതയാണ്‌. പലപ്പോഴും ഇത്‌ നിമിത്തം ഉയര്‍ന്ന മാനസികസമ്മര്‍ദ്ദമുണ്ടാകുകയും ഇത്‌ ശാരീരികപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുകയും ചെയ്യുന്നു. പലരും മാനസികസംഘര്‍ഷങ്ങളില്‍ നിന്ന്‌ രക്ഷ നേടാന്‍ മരുന്നുകളെ ആശ്രയിക്കാറുണ്ട്‌. എന്നാല്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്‌ഗം ഫ്രീ അസോസിയേഷനാണ്‌. ഈ ചികിത്സാരീതിയില്‍ ചികിത്സകന്‍ രോഗിയോട്‌ വെറുതെ സംസാരിക്കുന്നു. പലപ്പോഴും ഇത്തരം ആശയവിനിമയങ്ങളില്‍ പ്രത്യേക വിഷയമുണ്ടായിരിക്കില്ല. ക്രമേണ രോഗിയുടെ മനസ്‌സിലെ സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നു.
വികാരങ്ങള്‍ പ്രകടിപ്പിക്കമ്പോഴും പങ്കുവയ്‌ക്കുമ്പോഴും മാനസികസംഘര്‍ഷങ്ങള്‍ക്ക്‌ അയവ്‌ ലഭിക്കും. ഇതു വഴി മാനസികാരോഗ്യം ഉറപ്പാക്കാം.

ആറ്റുകാലമ്മയ്ക്ക് അമ്മയ്ക്ക് പ്രണാമം

അനന്തപുരി ഭക്തിലഹരിയില്‍ മുങ്ങുന്ന മുഹൂര്‍ത്തമാണ്‌ ആറ്റുകാല്‍ പൊങ്കാല. നഗരം അക്ഷരാര്‍ത്ഥത്തില്‍ സ്‌ത്രീസാഗരമാകുന്ന കാഴ്ച. ലോകത്തിലെ ഏറ്റവും വലിയ വനിതാസംഗമം എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാലയില്‍ ജാതിമതഭേദമെന്യേ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാസ്ത്രീകളും പങ്കെടുക്കുന്നു.ദേവിയ്‌ക്കുളള ആത്‌മാര്‍ത്ഥമായ സമര്‍പ്പണമായ പൊങ്കാല സ്‌ത്രീത്വത്തിന്‍െറ ആഘോഷം കൂടിയാണ്‌. ദിവസങ്ങള്‍ക്ക്‌ മുമ്പേ പൊങ്കാലയ്ക്കായി ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നാളെയാണ് ഈവര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ദേവീക്ഷേത്രത്തിന്‍െറ അഞ്ച്‌ കിലോമീറ്റര്‍ ചുറ്റിനും പൊങ്കാല ഇടാറുണ്ട്‌. തിരുവനന്തപുരത്തിന്‍െറ പ്രധാന വീഥികളിലെല്ലാം നാളെ പൊങ്കാല അടുപ്പുകള്‍ നിറയും.

കുംഭമാസത്തിലെ പൂരം നക്ഷത്രവും പൗര്‍ണ്ണമിയും ഒത്തുചേരുന്ന ദിനത്തിലാണ്‌ ലോകപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ്‌ പൊങ്കാല മഹോത്സവം ആരംഭിക്കുന്നത്‌. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍ ഒന്‍പതാം നാളാണ്‌ പൊങ്കാല നടക്കുക. അവസാന ദിവസം കുരുതിതര്‍പ്പണത്തോടെ ഉത്സവം അവസാനിക്കും. എല്ലാ ഉത്സവദിനവും പച്ചപ്പന്തലിലിരുന്ന്‌ കണ്ണകീചരിതം പാടി ദേവിയെ സ്‌തുതിക്കും. തോറ്റന്‍ പാട്ടെന്നാണ്‌ ഇത്‌ അറിയപ്പെടുക.

രാവിലെ ക്ഷേത്രാങ്കണത്തിലെ പണ്ഡാര അടുപ്പില്‍ തീ കൊളുത്തുന്നതോടു കൂടിയാണ്‌ പൊങ്കാല ആരംഭിക്കുന്നത്‌, പിന്നീട്‌ പൊങ്കാല അടുപ്പുകളിലെല്ലാം തീ പകരും. മണ്‍പാത്രത്തില്‍ അരിയും ശര്‍ക്കരയും തേങ്ങയും ചേര്‍ത്താണ്‌ പൊങ്കാല ഉണ്ടാക്കുന്നത്‌. പൊങ്കാല എന്നറിയപ്പെടുന്ന ശര്‍ക്കരപായസത്തിനോടൊപ്പം വെളള നിവേദ്യവും അരിമാവും ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത്‌ കുഴച്ച്‌ വയണയിലയിലുണ്ടാക്കുന്ന തെരളിയും വറത്തുപൊടിച്ച പയറും അരിയും ശര്‍ക്കരയും ചേര്‍ത്ത്‌ ഉരുട്ടിയെടുക്കുന്ന മണ്ഡപ്പുറ്റും ഉണ്ടാക്കുന്നു. മണ്ഡപ്പുറ്റ്‌ നിവേദ്യം തലവേദന മാറാനും ഓര്‍മ്മശക്തിയ്‌ക്കും നേര്‍ച്ചയായി നടത്താറുണ്ട്‌. ചിലര്‍ മാടന്‍ തമ്പുരാനെ സ്‌മരിച്ച്‌ ചെറുപയര്‍ വേവിക്കാറുണ്ട്‌.

തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിന്ന്‌ കഷ്‌ടിച്ച്‌ മൂന്ന്‌ കിലോമീറ്റര്‍ തെക്കുകിഴക്കുമാറി കരമനയാറ്റിന്‍ തീരത്ത്‌ സ്‌ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവീക്ഷേത്രമാണ്‌ ആറ്റുകാല്‍.തമിഴ്‌ നാടിന്‍െറയും കേരളത്തിന്‍െറയും ശില്‍പഭംഗി ക്ഷേത്രഗോപുരങ്ങളില്‍ കാണാം. ഐതിഹ്യവും ചരിത്രവും സമ്മേളിക്കുന്ന കണ്ണകീചരിതത്തിന്‍െറയും ദാരുകവധത്തിന്‍െറയും കഥകള്‍ പറയുന്ന ശില്‍പങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നവയാണ്‌.

ആറ്റുകാല്‍ ഭഗവതിയുടെ കഥ കണ്ണകീ ചരിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇളങ്കോവടികള്‍ ചിലപ്പതികാരം എന്ന തന്‍െറ കൃതിയില്‍ ആ കഥ പറഞ്ഞിരിക്കുന്നു. കാവേരിപട്ടണത്തിലെ ധനികായ വ്യവസായിയായിരുന്നു കോവലന്‍. അദ്ദേഹം സുന്ദരിയായ കണ്ണകിയെ വിവാഹം ചെയ്‌ത്‌ സന്തോഷമായി ജീവിച്ചുവരികെ, മാധവി എന്ന നര്‍ത്തകിയില്‍ ആകൃഷ്‌ടയായി. തന്‍െറ സമ്പാദ്യംമുഴുവന്‍ അവള്‍ക്കായി ചെലവഴിച്ചു. ഒടുവില്‍ കോവലന്‍ തന്‍െറ തെറ്റ്‌ മനസ്‌സിലാക്കി കണ്ണകിയുടെ അരികില്‍ തിരിച്ചെത്തി. അവരിരുപേരും പാണ്‌ഡ്യരാജാവ്‌ ഭരിക്കുന്ന മധുരയിലെത്തി. കണ്ണകി തന്‍െറകാലില്‍ കിടന്ന ചിലമ്പുകളില്‍ ഒരെണ്ണം കോവലന്‍െറ കൈയില്‍ വില്‍ക്കാനേല്‍പ്പിച്ചു. എന്നാലത്‌ രാജ്ഞിയുടേത്‌ മോഷ്‌ടിച്ചതാണെന്നാരോപിച്ച്‌ കോവലനെ രാജാവിന്‍െറ ഭടന്മാര്‍ പിടികൂടി. മോഷണക്കുറ്റത്തിന്‌ പാണ്‌ഡ്യരാജാവ്‌ കോവലനെ തൂക്കിലേറ്റി. വിവരമറിഞ്ഞ കണ്ണകി തന്‍െറ മറ്റേച്ചിലമ്പുമായി രാജാവിന്‍െറ സവിധത്തിലെത്തി. സത്യം മനസ്‌സിലാക്കിയ രാജാവും രാജ്ഞിയും ആത്മഹത്യ ചെയ്‌തു. കോപാന്ധയായ കണ്ണകി മധുര മുഴുവന്‍ ചുട്ടുകരിച്ചിട്ട്‌ കന്യാകുമാരി വഴി കൊടുങ്ങല്ലൂരിലേക്ക്‌ യാത്ര തിരിച്ചു. യാത്രാമദ്ധ്യേ ദേവി കിളളിയാര്‍ കടന്ന്‌ ആറ്റുകാല്‍ വിശ്രമിച്ചുവെന്നാണ്‌ ഐതിഹ്യം.

ദേവിയുടെ വിശ്രമമാണ്‌ ആറ്റുകാല്‍ ക്ഷേത്രത്തിന്‍െറ ഉദ്‌ഭവത്തിനു കാരണഭൂവായത്‌. മുല്ലുവീട്ടിലെ കാരണവര്‍ കിളളിയാറില്‍ സ്‌നാനം ചെയ്‌തു കൊണ്ടിരിക്കുമ്പോള്‍ ഒരു കൊച്ചു പെണ്‍കുട്ടി എത്തി തന്നെ പുഴ കടക്കാന്‍ സഹായിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. അദ്ദേഹം അതനുസരിച്ചു. പെണ്‍കുട്ടിയുടെ ചൈതന്യം കണ്ട്‌ ഭക്തി തോന്നി അദ്ദേഹം കുട്ടിയെ വീട്ടിലേക്ക്‌ ക്ഷണിച്ചു. എന്നാല്‍ പെണ്‍കുട്ടി പെട്ടെന്ന്‌ അപ്രത്യക്ഷയായി. രാത്രി കാരണവരുടെ സ്വപ്‌നത്തില്‍ ഭഗവതി പ്രത്യക്ഷപ്പെട്ട്‌ അദ്ദേഹത്തിന്‍റ കാവില്‍ മൂന്ന്‌ വരകള്‍ കാണുമെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും ആവശ്യപ്പെട്ടു. രാവിലെ കാവിലെത്തിയ കാരണവര്‍ മൂന്ന്‌ വരകള്‍ കണ്ട്‌ അതിശയിച്ചു. അവിടെ ഒരു ചെറിയ ക്ഷേത്രം പണിതു. പിന്നീട്‌ ആ കുടുംബക്ഷേത്രം നാട്ടുകാര്‍ ഏറ്റെടുക്കുകയും ട്രസ്‌റ്റിന്‍െറ കീഴില്‍ ഇന്ന്‌ കാണുംവിധം വികസിക്കുകയും ചെയ്‌തു.

കഴിഞ്ഞ വര്‍ഷം 27 ലക്ഷം സ്‌ത്രീജനങ്ങള്‍ പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാല ലോകത്തിലെ ഏറ്റവും വലിയ വനിതാസംഗമം എന്ന പേരില്‍ ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌സില്‍ തന്‍െറ സ്‌ഥാനം ഒന്നു കൂടി ഉറപ്പിച്ചു.പല പ്രശസ്‌തരും വിദേശികളും പൊങ്കാലയിടാന്‍ എത്താറുണ്ട്‌.

വൈകല്യമുളള ഹിറ്റുകള്‍

വൈകല്യം ജീവിതത്തില്‍ ശാപമാണ്‌. എന്നാല്‍ വൈകല്യങ്ങളെ പ്രതിപാദിക്കുന്ന സിനിമയില്‍ മിക്കവയും വമ്പന്‍ ഹിറ്റുകളാണ്‌. അത്‌ മാനസിക വൈകല്യങ്ങളാകുമ്പോള്‍ പ്രത്യേകിച്ച്‌ ശ്രദ്ധിക്കപ്പെടും. അതിന്‌ ബോളിവുഡെന്നോ കോളിവുഡെന്നോ മോളിവുഡെന്നോ ഭേദമില്ല.2005ല്‍ സഞ്‌ജയ്‌ ലീല ബന്‍സാലി സംവിധാനം ചെയ്‌ത ബ്‌ളാക്ക്‌ ഹെലന്‍ കെല്ലറുടെ ജീവിതത്തില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ നിര്‍മ്മിച്ച ചിത്രമാണ്‌. അന്ധയും ബധിരയുമായ മിഷേലി നെ പഠിപ്പിക്കാന്‍ ദേബ്‌രാജ്‌ സഹായി എന്ന അദ്ധ്യാപകന്‍ എത്തുന്നു. വൈകല്യങ്ങളോട്‌ പൊരുത്തപ്പെടാന്‍ കൂട്ടാക്കാത്ത മിഷേലിനെ ദേബ്‌രാജ്‌ യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകുന്നു. എന്നാല്‍ ദേബ്‌രാജിന്‌ അല്‍ഷിമേഴ്‌സ്‌ ഡിസീസ്‌ ബാധിക്കുന്നു. ഒന്നിനെക്കുറിച്ചു ഓര്‍ക്കാനാകാത്ത അദ്ദേഹത്തെ കാണാന്‍ ഡിഗ്രി നേടിയ അന്ന്‌ മിഷേലെത്തുന്നു. അവളെ തിരിച്ചറിയാനാകാത്ത ദേബ്‌രാജിനെ ഓര്‍മകളിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകുന്നു. തലച്ചോര്‍ സങ്കോചിക്കുന്നത്‌ നിമിത്തം ഓര്‍മയ്‌ക്ക്‌ പ്രശ്‌നം സംഭവിക്കുന്ന രോഗമാണ്‌ അല്‍ഷിമേഴ്‌സ്‌. റാണി മുഖര്‍ജിയുടെ മിഷേലും അമിതാഭ്‌ ബച്ചന്‍െറ ദേബ്‌രാജും എന്നും ഓര്‍മയില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ്‌.ആമീര്‍ ഖാന്‍ സംവിധാനം ചെയ്‌ത്‌ 2007ല്‍ പുറത്തിറങ്ങിയ താരേ സമീന്‍ പറില്‍ ഡിസ്‌ലെക്‌സിയ എന്ന പഠനവൈകല്യത്തെ കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്‌. ദര്‍ഷീല്‍ സഫാരി അവതരിപ്പിച്ച ഇഷാന്‍ നന്ദകിഷോര്‍ അവസ്‌തി ബോര്‍ഡിംഗില്‍ പഠനത്തെ വെറുത്ത്‌ ഒറ്റപ്പെട്ടു ജീവിച്ചു വരികയായിരുന്നു. നികുംഭ്‌ സാറി(ആമീര്‍ ഖാന്‍)ന്‍െറ വരവോടെയാണ്‌ ഇഷാന്‍െറ ജീവിതത്തില്‍ നിറം പടരുന്നത്‌. ചിത്രകലയിലുളള അവന്‍െറ കഴിവിനെ കണ്ടെത്തി നികുംഭ്‌ സാര്‍ പ്രോത്സാഹിപ്പിക്കുന്നു. പഠിക്കാനുളള ബുദ്ധിമുട്ടാണ്‌ ഡിസ്‌ലെക്‌സിയ എന്നറിയപ്പെടുന്നത്‌.
2005ല്‍ തമിഴില്‍ സൂര്യ നായകനായി പുറത്തിറങ്ങിയ ഗജിനി 2008ല്‍ ആമീര്‍ ഖാന്‍ ഹിന്ദിയിലേക്ക്‌ റീമേക്ക്‌ ചെയ്‌തു. സൂര്യയുടെ സഞ്‌ജയ്‌ രാമസാമി ആമീര്‍ ഖാന്‍െറ കൈയില്‍ സഞ്‌ജയ്‌ സിന്‍ഹാനിയ എന്ന പേരില്‍ ഭദ്രമായി. ധനികനായ സഞ്‌ജയിക്ക്‌ മോഡലായ കല്‍പ്പന(അസിന്‍)യോട്‌ പ്രണയം തോന്നുന്നു. എന്നാല്‍ നന്മയ്‌ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന കല്‍പ്പനയെയും സഞ്‌ജയിയെയും സാമൂഹികവിരുദ്ധര്‍ ആക്രമിക്കുന്നു. കല്‍പ്പന കൊല്ലപ്പെടുകയും സഞ്‌ജയ്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ സഞ്‌ജയ്‌ ആന്‍റിരോഗ്രേഡ്‌ അമ്‌നേഷ്യ എന്ന രോഗാവസ്ഥയിലെത്തുന്നു. പൂര്‍വ്വകാലത്തെ ഓര്‍മകള്‍ ഇടയ്‌ക്കിടയ്‌ക്കു മാത്രം പ്രത്യക്ഷപ്പെടുന്നു ഈ അവസ്ഥയില്‍ സഞ്‌ജയ്‌ കല്‍പ്പനയുടെ കൊലയാളികളെ കണ്ടെത്തി കൊലപ്പെടുത്തുന്നു.
അച്ഛന്‍െറയും മകന്‍െറയും അപൂര്‍വ്വസുന്ദരമായ ഹൃദയബന്ധത്തിന്‍െറ കഥ പറഞ്ഞ പാ ഒട്ടനവധി പ്രത്യേകതകള്‍ കൊണ്ട്‌ ശ്രദ്ധേയമായ ഒന്നാണ്‌. ആര്‍ ബാല്‍ക്കി സംവിധാനം ചെയ്‌ത്‌ 2009ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ അഭിഷേക്‌ ബച്ചന്‍െറയും വിദ്യാ ബാലന്‍െറയും മകനായി അമിതാഭ്‌ ബച്ചന്‍ അഭിനയിച്ചിരിക്കുന്നു. പ്രോഗെറിയ എന്ന ജനിതക വൈകല്യമാണ്‌ ഔറോ എന്ന ബാലന്‌ തന്‍െറ മാനസിക വയസ്‌സിനെക്കാള്‍ ശാരീരിക പ്രായം അഞ്ച്‌ പ്രാവശ്യം കൂടുതലുണ്ട്‌. തന്‍െറ വൈകല്യം കൊണ്ട്‌ ഔറോ അനുഭവിക്കുന്ന മാനസികവ്യഥയാണ്‌ ചിത്രത്തില്‍ പറയുന്നത്‌. ഒടുവില്‍ ഔറോ മരണപ്പെടുന്നു.
കരണ്‍ ജോഹര്‍ 2010ല്‍ സംവിധാനം ചെയ്‌ത മൈ നെയിം ഈസ്‌ ഖാനില്‍ ഷാരൂഖ്‌ ഖാന്‍െറ റിസ്‌വാന്‍ ഖാന്‍ എന്ന കഥാപാത്രത്തിന്‌ ബാല്യത്തില്‍ യന്ത്രങ്ങള്‍ നന്നാക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു. എന്നാല്‍ സാമൂഹികമായി ഒറ്റപ്പെട്ടു കഴിഞ്ഞ റിസ്‌വാന്‍ ഖാന്‌ അസ്‌പെര്‍ഗെര്‍സ്‌ സിന്‍ഡ്രമാണെന്ന്‌ അദ്ദേഹത്തിന്‍െറ സഹോദരന്‍െറ സൈക്കോളജിസ്‌റ്റ്‌ കൂടിയായ ഭാര്യ കണ്ടെത്തി. ഖാന്‍ ഹിന്ദുവായ മന്ദിരയെ വിവാഹം ചെയ്‌തു. മുസ്‌ളീമായതിന്‍െറ പേരില്‍ തീവ്രവാദിയായി ആരോപിപ്പിക്കപ്പെടുന്ന ഖാന്‍ അത്‌ തെളിയിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്‍െറ രോഗം പലപ്പോഴും തടസ്‌സം നില്‍ക്കുന്നു. ജയിലിലാകുന്ന ഖാനെ സൈക്യാട്രിസ്‌റ്റായ രാധ കാണുകയും അദ്ദേഹത്തിന്‍െറ നിഷ്‌കളങ്കത തെളിയിച്ച്‌ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്നു.
എസ്‌ ഷങ്കര്‍ സംവിധാനം ചെയ്‌ത്‌ 2005ല്‍ പുറത്തിറങ്ങിയ അന്ന്യന്‍ തമിഴ്‌ സിനിമ എന്നെന്നും ഓര്‍ക്കുന്ന ഒരു വമ്പന്‍ ഹിറ്റായിരുന്നു. അപരിചിത്‌ എന്ന പേരില്‍ ഹിന്ദിയിലേക്ക്‌ ഡബ്ബ്‌ ചെയ്‌ത ചിത്രത്തിന്‍െറ നായകന്‍ വിക്രം അവതരിപ്പിച്ച രാമാനുജം അയ്യങ്കാര്‍ എന്ന അമ്പിയാണ്‌. സഹോദരിയുടെ മരണ ശേഷം മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ടര്‍ ബാധിക്കുന്ന അമ്പിക്ക്‌ മറ്റ്‌ രണ്ട്‌ വ്യക്തിത്വങ്ങള്‍ കൂടിയുണ്ട്‌. നന്മയ്‌ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അന്ന്യനും പ്രണയലോലുപനായ റെമോയും. ഈ വ്യക്തിത്വങ്ങള്‍ക്ക്‌ പരസ്‌പരം അറിയാന്‍ സാധിക്കില്ല എന്നതാണ്‌ പ്രത്യേകത. ഈ ചിത്രത്തില്‍ മനോരോഗവിദഗ്‌ധന്‍ ഒടുവില്‍ രോഗം കണ്ടെത്തുന്നു.
ഫാസില്‍ സംവിധാനം ചെയ്‌ത്‌ 1993ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്‌ മലയാളത്തിലെ എക്കാലത്തെയും വന്‍ ഹിറ്റായിരുന്നു. പിന്നീട്‌ ഈ ചിത്രം അപതമിത്ര എന്ന പേരില്‍ കന്നടയിലും ചന്ദ്രമുഖി എന്ന പേരില്‍ തമിഴിലും തെലുങ്കിലും രാജ്‌മോഹല്‍ എന്ന പേരില്‍ ബംഗാളിയിലും ഫൂല്‍ ഫൂല്ലയ്യ എന്ന പേരില്‍ ഹിന്ദിയിലും നിര്‍മ്മിച്ചു. എമ്പതി സൈക്കോസിസിലേക്ക്‌ മാറുന്ന മാരകമായ ഒരവസ്ഥയാണ്‌ ഈ ചിത്രത്തില്‍ കാണിക്കുന്നത്‌. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രം നാഗവല്ലിയായി മാറുന്നത്‌ ദ്വന്ദ്വ വ്യക്തിത്വത്തിന്‍െറ ഫലമാണ്‌.
2006ല്‍ പുറത്തിറങ്ങിയ വടക്കുംനാഥന്‍ ബൈപോളാര്‍ ഡിസോര്‍ടറിന്‍െറ വിവിധ വശങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നു. അതിബുദ്ധിമാനായ ഭരതപിഷാരടിയുടെ മാനസികവികാരങ്ങളാണ്‌ ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്നത്‌. ഭരതപിഷാരടിയുടെ ചെറിയ വികാരവ്യതിയാനങ്ങള്‍ പോലും മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
മാനസികവൈകല്യങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ പ്രയാസമാണെന്ന്‌ പല താരങ്ങളും പറയാറുണ്ട്‌. അതൊക്കെ കൊണ്ടാവാം വൈകല്യങ്ങള്‍ ആവിഷ്‌കരിച്ച ചിത്രങ്ങള്‍ ഹിറ്റുകളാകുന്നത്‌.

Monday, April 19, 2010

പ്രണയത്തിന്‍െറ മനശ്‌ശാസ്‌ത്രം

നിങ്ങള്‍ക്ക്‌ അനിയന്ത്രിതമായി ഹൃദയമിടിപ്പ്‌ അനുഭവപ്പെടുന്നുണ്ടോ? വിശപ്പും ഉറക്കവും കുറയുന്നുണ്ടോ? ഒരു പ്രത്യേക വ്യക്തിയെ അഭിമുഖീകരിക്കാന്‍ നിങ്ങള്‍ പ്രയാസപ്പെടുന്നുണ്ടോ? എങ്കില്‍ ചിന്തിക്കേണ്ട സമയമായി, നിങ്ങള്‍ പ്രണയത്തിലാണ്‌.....

പ്രണയത്തിന്‍െറ മനശ്‌ശാസ്‌ത്രത്തെക്കുറിച്ച്‌ ഏറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. അടുത്ത കാലത്ത്‌ നടന്ന ന്യൂറോസയന്‍സ്‌ ഗവേഷണ പ്രകാരം പ്രണയത്തിലകപ്പെടുന്ന വ്യക്തികളുടെ തലച്ചോറില്‍ ചില പ്രത്യേക രാസവസ്‌തുക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഫെറോമോണ്‍സ്‌, ഡൊപാമൈന്‍, നോര്‍എപ്പിനെര്‍ഫിന്‍, സെറോടോണിന്‍ എന്നീ രാസവസ്‌തുക്കള്‍ തലച്ചോറിന്‍െറ സന്തോഷത്തിന്‍െറ ആസ്‌ഥാനത്തെ ഉത്തേജിപ്പിക്കുകയും അതു വഴി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ വ്യതിയാനമുണ്ടാകുകയും ചെയ്യുന്നു. ഉയര്‍ന്ന ഹൃദയമിടിപ്പ്‌, ഉറക്കമില്ലായ്‌മ, വിശപ്പില്ലായ്‌മ, ആഹ്‌ളാദത്തിന്‍െറ ആധിക്യം എന്നിവയാണ്‌ ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങള്‍.

1973ല്‍ ജോണ്‍ ലീ എന്ന വിഖ്യാത മനശ്‌ശാസ്‌ത്രജ്ഞന്‍ `കളേര്‍സ്‌ ഓഫ്‌ ലവ്‌ `എന്ന തന്‍െറ പുസ്‌തകത്തില്‍ പ്രണയം ആറ്‌ വിധത്തിലുണ്ടെന്ന്‌ പറയുന്നു.

1. ഇറോസ്‌ - അനുയോജ്യനായ ഒരു വ്യക്തിയെ പ്രണയിക്കുക.
2. ലുഡൂസ്‌ - പ്രണയത്തെ തമാശയായി കണക്കാക്കുക.
3. സ്‌റ്റോറേജ്‌ - പ്രണയത്തെ സൗഹൃദമായി കരുതുക.
4. മാനിയ - ഭ്രാന്തമായ പ്രണയം.
5. പ്രാഗ്‌മ - പ്രായോഗികമായ പ്രണയം.
6. അജേപ്‌ - നിസ്‌സ്വാര്‍ത്ഥമായ പ്രണയം.

റോബര്‍ട്ട്‌ സ്‌റ്റേന്‍ബെര്‍ഗിന്‍െറ `ട്രൈയാംഗുലര്‍ തിയറി ഓഫ്‌ ലവി`ല്‍ പ്രണയത്തിന്‍െറ മൂന്ന്‌ വ്യത്യസ്‌ത മുഖങ്ങളെക്കുറിച്ച്‌ അദ്ദേഹം പ്രതിപാദിക്കുന്നു.

1. ഇന്‍റിമെസി (വൈകാരികമായ അടുപ്പം) - ഇത്തരം അടുപ്പത്തില്‍ വ്യക്തിപരമായ രഹസ്യങ്ങള്‍ പങ്കുവയ്‌ക്കും. ഗാഢമായ സൗഹൃദത്തിലും പ്രണയത്തിലുമാണ്‌ ഈ അടുപ്പം കാണുന്നത്‌.

2. പാഷന്‍ (അഭിനിവേശം) - ഇത്‌ പലപ്പോഴും ശാരീരികാകര്‍ഷണത്തെ അടിസ്‌ഥാനപ്പെടുത്തിയായിരിക്കും.

3. കമ്മിറ്റ്‌മെന്‍റ്‌ (പ്രതിബദ്ധത) - പല ബന്ധങ്ങളുടെയും ഏറ്റവും മുഖ്യമായ ഘടകമാണിത്‌. ദാമ്പത്യജീവിതത്തെ മുന്നോട്ട്‌ നയിക്കുന്നത്‌ ഈ വികാരമാണ്‌.

അവനവനോട്‌ തോന്നുന്ന അമിതമായ പ്രണയത്തെ `നാര്‍സിസം` എന്ന്‌ മനശ്‌ശാസ്‌ത്രം അനുമാനിക്കുന്നു. തന്‍െറ പ്രതിച്ഛായയെ പ്രണയിച്ച്‌ ജീവന്‍ വെടിഞ്ഞ ഗ്രീക്ക്‌ കഥയിലെ നായകനായ നാര്‍സിസ്‌ രാജകുമാരന്‍െറ ഓര്‍മ്മയ്‌ക്കാണ്‌ ഈ പേര്‌ നല്‍കിയത്‌.

ആത്‌മാര്‍ത്ഥമായ പ്രണയം നിങ്ങളുടെ ആരോഗ്യത്തെ അനുകൂലമായി ബാധിക്കും. നിങ്ങള്‍ക്ക്‌ ഉയര്‍ന്ന ലക്ഷ്യങ്ങളുണ്ടാകുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ മനസ്‌സ്‌ സജ്ജമാകുകയും ചെയ്യും.

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍.....


മലയാള സംഗീത ലോകത്തിന്‌ ആ പേര്‌ ഒരിക്കലും മറക്കാന്‍ കഴിയില്ല. പല കവിതകള്‍ക്കും ഈണത്തിന്‍െറ മാധുര്യം നല്‍കിയ ആ സംഗീതജ്ഞന്‍ മലയാളികളുടെ ഓര്‍മ്മകളില്‍ എക്കാലവും ജീവിക്കും. അതേ, മലയാളത്തിന്‍െറ സ്വന്തം ദേവസംഗീതം ജി ദേവരാജന്‍. അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ട്‌ ഇന്ന്‌ നാല്‌ വര്‍ഷമാകുകയാണ്‌. കെ പി എ സിയുടെ പൊന്നരിവാള്‍ അമ്പിളിയില്‍.....എന്ന ഗാനമാണ്‌ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്‌. പിന്നീട്‌ വയലാറുമായി ചേര്‍ന്ന്‌ ഒട്ടനവധി മനോഹര ഗാനങ്ങള്‍ അദ്ദേഹം സൃഷ്‌ടിച്ചു.

ഹിന്ദുസ്ഥാനി സംഗീതവും കര്‍ണാടിക്‌ സംഗീതവും അദ്ദേഹത്തിന്‌ ഒരു പോലെ വഴങ്ങി. ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍......,സന്യാസിനി........, സംഗമം.....,ചന്ദ്രകളഭം.....തുടങ്ങിയ ഗാനങ്ങള്‍ എക്കാലത്തെയും ഹിറ്റുകളാണ്‌. വയലാറിനൊപ്പം മാത്രമല്ല ഒ എന്‍ വി, പി ഭാസ്‌കരന്‍ എന്നിവരോടൊപ്പവും ചേര്‍ന്ന്‌ ദേവരാജന്‍ മാസ്‌റ്റര്‍ അനശ്വര ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. അദ്ദേഹത്തിന്‍െറ മുഴുവന്‍ ഗാനങ്ങളുടെയും ശേഖരം ദേവഗീതികള്‍ എന്ന പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്‌.

1999ല്‍ ചലച്ചിത്ര ഗാനശാഖയ്‌ക്കു നല്‍കിയ സമഗ്രസംഭാവനയെ മാനിച്ച്‌ അദ്ദേഹത്തിന്‌ കേരള സര്‍ക്കാര്‍ ജെ സി ഡാനിയല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 2006 മാര്‍ച്ച്‌ 14ന്‌ ഹൃദയാഘാതത്തിന്‍െറ രൂപത്തില്‍ വിധി അദ്ദേഹത്തെ നമ്മില്‍ നിന്ന്‌ അടര്‍ത്തി കൊണ്ട്‌ പോയി. ഇപ്പോഴത്തെ തട്ടുപൊളിപ്പന്‍ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ശുദ്ധസംഗീതത്തെ സ്‌നേഹിക്കുന്ന എല്ലാവരും മോഹിക്കും, ദേവരാജന്‍ മാസ്‌റ്റര്‍ എന്ന അതുല്ല്യ പ്രതിഭ ഉണ്ടായിരുന്നെങ്കില്ലെന്ന്‌.

പഠനവൈകല്യം ഒരു രോഗമല്ല...


താരേ സമീന്‍ പര്‍ എന്ന ചിത്രത്തിലെ ഇഷാന്‍ നന്ദകിഷോര്‍ അവസ്‌തിയെ(ദര്‍ഷീല്‍ സഫാരി) ഓര്‍മ്മയില്ലേ? പഠനത്തെ വെറുത്ത്‌ ബോര്‍ഡിംഗ്‌ സ്‌കൂളില്‍ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഇഷാന്‍െറ ജീവിതത്തില്‍ പ്രകാശം പടരുന്നത്‌ ചിത്രകലാ അദ്ധ്യാപകനായ റാംശങ്കര്‍ നികുംഭിന്‍െറ വരവോടെയാണ്‌. പഠനവൈകല്യമുള്ള വിദ്യാര്‍ഥികളുടെ പ്രതിനിധിയാണ് ഇഷാന്‍.
പഠനവൈകല്യമുളള കുട്ടികള്‍ മറ്റു പല മേഖലകളിലും മിടുക്കരായിരിക്കും. അത്‌ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ്‌ വേണ്ടത്‌. താരേ സമീന്‍ പറില്‍ ആമീര്‍ ഖാന്‍ ചെയ്യുന്നതും അതു തന്നെയാണ്‌. ചിത്രരചനയില്‍ താല്‌പര്യമുളള ഇഷാനെ ആ മേഖലയിലേക്ക്‌ അദ്ധ്യാപകന്‍ നയിക്കുന്നു. അവന്‍െറ കഴിവുകളെ രക്ഷിതാക്കളെ പറഞ്ഞു മനസ്‌സിലാക്കുന്നു.

പഠനവൈകല്യങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഡിസ്‌ലെക്‌സിയയും ഡിസ്‌ഗ്രാഫിയയും. വായിക്കാനുളള ബുദ്ധിമുട്ട്‌ ഡിസ്‌ലെക്‌സിയ എന്നും എഴുതാനുളള ബുദ്ധിമുട്ട്‌ ഡിസ്‌ഗ്രാഫിയ എന്നും അറിയപ്പെടുന്നു. ഇത്തരം വൈകല്യം ബാധിച്ച കുട്ടികള്‍ക്ക്‌ അക്ഷരങ്ങള്‍ മാറിപോകാറുണ്ട്‌. ഇംഗ്‌ളീഷ്‌ അക്ഷരമാലയിലെ പി, ഡി, ബി എന്നീ അക്ഷരങ്ങള്‍ ഉപയോഗിക്കുമ്പോഴാണ്‌ പ്രധാനമായും ഈ പ്രശ്‌നം സംഭവിക്കുക. നിസ്‌സാര കണക്കുകള്‍ പോലും ഇവര്‍ക്ക്‌ ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ഇതൊരിക്കലും ഒരു വൈകല്യമായി രക്ഷിതാക്കളോ അദ്ധ്യാപകരോ കണക്കാക്കുന്നില്ല. കുട്ടികള്‍ ഉഴപ്പുന്നുവെന്നാണ്‌ അവര്‍ പറയുന്നത്‌.

പഠനവൈകല്യം ബുദ്ധിമാന്ദ്യം പോലെ ഒരു രോഗമല്ല. പഠനവൈകല്യങ്ങളുളളവര്‍ക്ക്‌ ബിഹേവിയര്‍ തെറാപ്പി നല്‌കുന്ന വിവിധ കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്‌. തിരുവനന്തപുരത്തും ഷൊര്‍ണ്ണൂറും പ്രവര്‍ത്തിക്കുന്ന ഐക്കണ്‍സാണ്‌ ഇതില്‍ പ്രധാനപ്പെട്ട സ്‌ഥാപനം.

ലിയനാര്‍ഡോ ഡാവിഞ്ചി, വാള്‍ട്ട്‌ ഡിസ്‌നി, അഗതാ ക്രിസ്‌റ്റി, തോമസ്‌ എഡിസണ്‍, പാബേ്‌ളാ പിക്കാസോ, അഭിഷേക്‌ ബച്ചന്‍ എന്നീ പ്രമുഖര്‍ക്കും ഡിസ്‌ലെക്‌സിയ ഉണ്ടായിരുന്നു.

മനസ്‌സിന്‍െറ ധ്രുവങ്ങളില്‍


നിമ്മി മിടുക്കിയായിരുന്നു. നന്നായി പഠിക്കും, പ്രസംഗിക്കും ഒന്നാന്തരമായി പാട്ടുപാടും. ബന്ധുക്കള്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും അവള്‍ നിറഞ്ഞു നിന്നു. പെട്ടെന്നൊരു ദിവസം അവള്‍ നിശബ്‌ദയായി. വിശപ്പും ഉറക്കവും നഷ്‌ടപ്പെട്ട്‌ ദിവസങ്ങളോളം അവള്‍ തന്‍െറ മുറിയില്‍ ഒതുങ്ങിക്കൂടി. അവളുടെ മാറ്റത്തില്‍ എല്ലാവരും ആശങ്കാകുലരായി.

എല്ലാവരേയും അമ്പരപ്പിച്ച് അവള്‍ ഒരുനാള്‍ പഴയ നിലയിലെത്തി. എന്നാല്‍ കാര്യങ്ങള്‍ വീണ്ടും പഴയതുപോലെയായി. ഇത്തവണ അവള്‍ ആത്മഹത്യയുടെ വക്കില്‍ വരെ എത്തി.

സംഗതി ഗുരുതരമാണെന്ന്‌ നിമ്മിയുടെ വീട്ടുകാര്‍ക്ക്‌ ബോധ്യപ്പെട്ടു. അവര്‍ അവളെ ഒരു മനോരോഗവിദഗ്‌ധനെ കാണിച്ചു.

ബൈപോളാര്‍ രോഗമെന്നറിയപ്പെടുന്ന മനോരോഗമായിരുന്നു നിമ്മിക്ക്‌. ബൈപോളാര്‍ എന്നാല്‍ രണ്ടു ധ്രുവങ്ങളെന്നാണര്‍ത്ഥം. മനസ്‌സ്‌ സമനിലയില്‍ നില്‍ക്കാതെ രണ്ട്‌ ധ്രുവങ്ങളിലായി ചാഞ്ചാടി നില്‍ക്കുന്ന ഈ അവസ്ഥയില്‍ ഉന്മാദവും വിഷാദവും മാറി മാറി വരുന്നു.


ലക്ഷണങ്ങള്‍

ഉന്മാദാവസ്ഥയില്‍ രോഗി അമിതമായി സംസാരിക്കുകയും അമിതമായി ജോലി ചെയ്യുകയും ചെയ്യുന്നു. ഇതൊരു സ്വഭാവമായി അല്ലാതെ രോഗാവസ്ഥയായി ആരും കണക്കാക്കില്ല. എന്നാല്‍ വിഷാദഘട്ടത്തില്‍ അലസത പ്രകടിപ്പിക്കുകയും ഒറ്റയ്‌ക്കിരിക്കുകയും ചെയ്യുന്നു. ബൈപോളാര്‍ രോഗികള്‍ മാറി മാറി ഈ അവസ്ഥയിലായിരിക്കും. ഇങ്ങനെ വരുമ്പോള്‍ സമൂഹത്തെ ഉള്‍ക്കൊള്ളാനോ മനസ്‌സിലാക്കാനോ രോഗിക്ക്‌ കഴിയില്ല. മനോനിലയിലുണ്ടാകുന്ന ഈ വൈകല്യങ്ങള്‍ പല ഘട്ടങ്ങളിലും ജീവിതത്തിന്‍െറ താളം തെറ്റിക്കും.

കാരണം

ചെറിയ ചെറിയ മൂഡ്‌ മാറ്റങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകുന്നതാണ്‌. അത്‌ സ്വാഭാവികമാണ്‌. മനുഷ്യമനസ്‌സ്‌ ഒരു ഗ്രാഫില്‍ വരച്ചാല്‍ മേല്‍ത്തലവും താഴ്‌ത്തലവുമുളെളാരു റേഞ്ചായിരിക്കും. ഈ റേഞ്ചിനുളളില്‍ നില്‍ക്കുന്നതാണ്‌ സാധാരണ മനസ്‌സ്‌. എന്നാല്‍ ചിലര്‍ക്ക്‌ ഈ പരിധിയില്‍ ഒതുങ്ങി നില്‍ക്കാതെ മനസ്‌സ്‌ മുകളിലേക്കും താഴേക്കും അസാധാരണമായി സഞ്ചരിക്കുന്നു. മനസ്‌സ്‌ മേല്‍ത്തലത്തിലെത്തുമ്പോള്‍ അത്യുല്‍സാഹം കൂടി ഉന്മാദാവസ്ഥയിലും താഴ്‌ന്ന തലത്തിലെത്തുമ്പോള്‍ വിഷാദാവസ്ഥയിലുമെത്തുന്നു. മനസ്‌സിന്‍െറ ഈ അവസ്ഥ ബൈപോളാര്‍ എന്നറിയപ്പെടുന്നു.

തലച്ചോറില്‍ വൈകാരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സര്‍ക്യൂട്ടുകളിലുണ്ടാകുന്ന ചില തകരാറുകളാണ്‌ ബൈപോളാര്‍ രോഗത്തിന്‍െറ മുഖ്യകാരണം. ലിംപിക്‌ സിസ്‌റ്റത്തിന്‍െറ പ്രവര്‍ത്തനം നോര്‍മ്മലായി നിര്‍ത്തുന്നത്‌ മസ്‌തിഷ്‌ക രാസസ്രവങ്ങളായ ഡൊപാമൈന്‍, സെറോടോണിന്‍ തുടങ്ങിയവയാണ്‌. ഇവയ്‌ക്കുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്‌ മനോനിലയെ താളംതെറ്റിക്കുന്നത്‌. ഡൊപാമൈന്‍ നില കൂടുമ്പോള്‍ മാനസിക ഊര്‍ജ്ജം വര്‍ദ്ധിച്ച്‌ ഉന്മാദവസ്ഥയിലും സെറോടോണിന്‍ കുറയുമ്പോള്‍ മനസ്‌സ്‌ വിഷാദവസ്ഥയിലുമെത്തുന്നു. പാരമ്പര്യം, മാനസിക സമ്മര്‍ദ്ദം, ജീവിതഗതിയിലുണ്ടാകുന്ന സംഭവങ്ങള്‍, ചില ഹോര്‍മോണ്‍ മാറ്റങ്ങള്‍ എന്നിവയാണ്‌ മറ്റു രോഗകാരണങ്ങള്‍.


ചികിത്സ

രോഗം കൃത്യമായി നിര്‍ണ്ണയിക്കുകയാണ്‌ ചികിത്സയുടെ കാര്യത്തില്‍ ഏറ്റവും പ്രധാനം. പലപ്പോഴും ഈ രോഗം കൃത്യമായി നിര്‍ണയിക്കാന്‍ അത്രയെളുപ്പമല്ല. ഇപ്പോള്‍ ഏതവസ്ഥയിലാണ്‌? എത്രകാലം ഇങ്ങനെ നില്‍ക്കും? എപ്പോഴാണ്‌ മൂഡ്‌ മാറ്റമുണ്ടാകുന്നത്‌? തുടങ്ങിയ കാര്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ബുദ്ധിമുട്ടാണ്‌. സാധാരണ ജീവിതസാഹചര്യങ്ങളോട്‌ പൊരുത്തപ്പെടാനാകാത്ത വിധം മനോനിലയില്‍ മാറ്റമുണ്ടായാല്‍ ചികിത്സ തേടേണ്ടതുണ്ട്‌. പ്രധാനമായും മൂഡ്‌ സ്‌റ്റെബിലൈസര്‍ മരുന്നുകളാണ്‌ ഉപയോഗിക്കുന്നത്‌.

ശരിയായ ജീവിത ചിട്ടകളും ഉറക്കക്രമങ്ങളും പാലിക്കുക, മാനസികസമ്മര്‍ദ്ദം ഒഴിവാക്കി കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്‌താല്‍ ബൈപോളാര്‍ രോഗം നിയന്ത്രിച്ചു നിര്‍ത്താം.

Sunday, April 18, 2010

ഇവര്‍ക്കു കൂട്ടായി നക്ഷത്രങ്ങള്‍


അവര്‍ അനാഥരായിരുന്നു, പാലും പാല്‍നിലാവും സ്വപ്‌നം കണ്ട്‌ കഴിഞ്ഞിരുന്ന അവര്‍ക്കു നേരെ ഒരു നാള്‍ നക്ഷത്രങ്ങള്‍ കൈ നീട്ടി, താരാട്ടു പാടി, അവരെ ഓമനിച്ചു.

ഓരോ ശിശുരോദനത്തിലും കേള്‍ക്കുന്നത് ഒരു കോടി ഈശ്വരവിലാപമാണെന്ന്‌ കവി പാടിയത്‌ നേരാണെങ്കില്‍ ഈ നക്ഷത്രങ്ങള്‍ ധന്യരാണ്‌. എത്ര ഈശ്വരന്മാരുടെ കണ്ണീരാണ്‌ ഇവരൊപ്പുന്നത്‌.

ലോകമെമ്പാടും എത്ര കുരുന്നുകളാണ്‌ തെരുവീഥികളില്‍ അകപ്പെടുന്നത്‌. ഇവരില്‍ ചിലര്‍ക്ക്‌ ലോകപ്രശസ്‌തരുടെ മക്കളാകാനുളള ഭാഗ്യം ലഭിച്ചു.



കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന കാര്യത്തില്‍ പ്രധാനമായും പറയേണ്ട പേര്‌ ആന്‍ജലീന ജോളിയുടേതാണ്‌.

പ്രസവിച്ച മൂന്ന്‌ മക്കളോടൊപ്പം ദത്തെടുത്ത മൂന്ന്‌ മക്കളെയും പക്ഷഭേദമില്ലാതെ സ്‌നേഹിക്കുന്ന ആന്‍ജലീനക്ക്‌ ഭര്‍ത്താവ്‌ ബ്രാഡ്‌ പിറ്റിന്‍െറ സ്‌നേഹപൂര്‍ണ്ണമായ പിന്തുണയുണ്ട്‌.

പോപ്‌ ഗായിക മഡോണ മലാവിയില്‍ നിന്ന്‌ ഡേവിഡ്‌ ബാന്‍ഡയെ സ്വന്തമാക്കിയത്‌ ഒട്ടനവധി നിയമയുദ്ധങ്ങള്‍ നടത്തിയാണ്‌. ആന്‍ജലീനയുടെയും ബ്രാഡ്‌ പിറ്റിന്‍െറയും ഉപദേശങ്ങള്‍ ഇക്കാര്യത്തില്‍ മഡോണ സ്വീകരിച്ചിരുന്നു.

മെഗ്‌ റിയാന്‍ ചൈനയില്‍ നിന്ന്‌ ഡെയ്‌സിയെയും ഇവാന്‍ മെഗ്‌ഗ്രിഗോര്‍ ഈവ്‌ ദമ്പതികള്‍ ഒരു മംഗോളിയന്‍ പെണ്‍കുട്ടിയെയും ദത്തെടുത്ത്‌ വാര്‍ത്ത സൃഷ്‌ടിച്ചു.

വലേറി ഹാര്‍പെറും ടോണി കാക്രിയോട്ടിയും നാല്‌ വയസ്‌സുളള കുട്ടിയെ ദത്തെടുത്തിരുന്നു.

സ്‌റ്റീവന്‍ സ്‌പില്‍ ബര്‍ഗും കേറ്റ്‌ ക്യാപ്‌ഷായും അനാഥരായ ഏഴ്‌ കുട്ടികളുടെ രക്ഷിതാക്കളാണ്‌.

ജെയിംസ്‌ കാവിയെണലും ഭാര്യയും ഒരു ചൈനീസ്‌ കുട്ടിയെ ദത്തെടുത്തിരുന്നു.

എമി, ജോന്ന എന്നീ പേരുളള രണ്ട്‌ വിയറ്റനാമി പെണ്‍കുട്ടികള്‍ ബ്ലേക്ക് എഡ്‌വാര്‍ഡിന്‍െറ സുരക്ഷിതത്വത്തില്‍ സന്തുഷ്‌ടരായി കഴിയുന്നു. അമേരിക്കന്‍ നടിയും ഗായികയും ഫാഷന്‍ മോഡലുമായ മിയ ഫാറോ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ പത്ത്‌ കുട്ടികളെ ദത്തെടുത്തു. അവരില്‍ ചിലര്‍ക്ക്‌ വൈകല്യങ്ങളുമുണ്ട്‌.

പടിഞ്ഞാറന്‍ രാജ്യങ്ങളിലുളളതിലും നിയമക്കുരുക്കാണ്‌ ഇന്ത്യയില്‍ ദത്തെടുക്കലിന്‌. എന്നാല്‍ കുന്തി ഉപേക്ഷിച്ച കര്‍ണ്ണനെ രക്ഷപ്പെടുത്തിയ അതിരഥന്‍െറയും രാധയുടെയും നാട്ടില്‍ , പറയിപെറ്റ പന്ത്രണ്ട്‌ മക്കളില്‍ പത്തു പേര്‍ക്കും അഭയം ലഭിച്ച മണ്ണില്‍ , അനാഥര്‍ക്ക്‌ അഭയം ലഭിക്കാതിരിക്കുമോ?

കാഴ്‌ചയില്‍ തന്നെ പോലെയിരിക്കുന്ന കുട്ടികളെ ദത്തെടുക്കാന്‍ ആഗ്രഹിച്ച സുസ്‌മിതാ സെന്നിന്‌ ലഭിച്ച ഭാഗ്യമാണ്‌ റിനിയും അലീഷയും. 2004ല്‍ വിവാഹിതയാകുന്നതിനു മുമ്പേ പൂജയെയും ഛായയെയും ദത്തെടുത്ത്‌ രവീണാ ടണ്ടന്‍ അമ്മയായി.

ക്രിസ്‌റ്റി ക്രാഫോഡിന്‍െറ മോമ്മി ഡിയറസ്‌റ്റ്‌ എന്ന പുസ്‌തകം പ്രശസ്‌തരുടെ ദത്തുപുത്രര്‍ അനുഭവിക്കേണ്ടി വരുന്ന മാനസികസംഘര്‍ഷത്തെക്കുറിച്ചും വൈകാരിക അരക്ഷിതാവസ്‌ഥയെക്കുറിച്ചും പ്രതിപാദിക്കുന്നു. പ്രശസ്‌ത നടി ജൊവാന്‍ ക്രാഫോഡിന്‍െറ ദത്തുപുത്രിയാണ്‌ നടിയായ ക്രിസ്‌റ്റി. അനാഥമന്ദിരത്തില്‍ ജീവിക്കുകയായിരുന്നു ഭേദമെന്ന്‌ ക്രിസ്‌റ്റി മോമ്മി ഡിയറസ്‌റ്റില്‍ വെളിപ്പെടുത്തിയിരുന്നു.

തെരുവില്‍ വളര്‍ന്ന്‌ പെട്ടെന്നൊരു ദിവസം കോടീശ്വരനായി മാറിയ അനാഥന്‍െറ കഥ പറഞ്ഞ `സ്‌ലം ഡോഗ്‌ മില്ല്യനയറി`ലെ ജമാലിന്‍െറ നിസ്‌സംഗതയാണ്‌ പല താര പുത്രര്‍ക്കും. എങ്കിലും നിസ്‌സഹായതയുടെ പേരില്‍ ഇവരെ ഉപേക്ഷിക്കേണ്ടി വന്ന അമ്മമാര്‍ക്ക്‌ ആശ്വസിക്കാം തങ്ങളുടെ മക്കള്‍ക്ക്‌ ഇരുളില്‍ കാവലായി നക്ഷത്രങ്ങളുണ്ട്‌.

ഹാസ്യസമ്രാട്ടിന്‍െറ ഓര്‍മ്മയ്ക്ക് രണ്ട് പതിറ്റാണ്ട്


മലയാള സിനിമയുടെ ഹാസ്യലോകത്ത് 35 വര്‍ഷം വിരാജിച്ച നടന്‍ അടൂര്‍ ഭാസി ഓര്‍മ്മയായിട്ട് ഇന്ന്(മാര്‍ച്ച് 29) 20 വര്‍ഷം തികയുന്നു. മഹത്തായ ഒരു പാരമ്പര്യത്തിന്‍െറ പിന്‍ബലം എന്നും അദ്ദേഹത്തിന് കൂട്ടായി ഉണ്ടായിരുന്നു. തിരുവിതാംകൂറിന്‍െറ ചരിത്രമെഴുതിയ സി വി രാമന്‍ പിളളയുടെ കൊച്ചുമകനും അക്ഷരങ്ങളിലൂടെ ഹാസ്യത്തിന്‍െറ ഭാവഭേദങ്ങള്‍ രചിച്ച ഇ വി കൃഷ്ണപിളളയുടെ മകനുമായ അടൂര്‍ ഭാസി പക്ഷേ മലയാളത്തിനു സംഭാവന ചെയ്തതു അക്ഷരങ്ങളല്ല, എക്കാലത്തും ഓര്‍മിക്കപ്പെടുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളാണ്.

1927ല്‍ തിരുവനന്തപുരത്ത് ഇ വി കൃഷ്ണപിളളയുടെയും മഹേശ്വരിയമ്മയുടെയും ഏഴ് മക്കളില്‍ നാലാമനായി ജനിച്ച കെ ഭാസ്കരന്‍ നായര്‍ നാടകനടനായും പത്രപ്രവര്‍ത്തകനായും സാമൂഹികപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ച ശേഷമാണ് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. അദ്ദേഹത്തിന്‍െറ സഹോദരന്‍ ചന്ദ്രാജി അറിയപ്പെടുന്ന നടനാണ്. ആകാശവാണിയുടെ നാടകങ്ങളില്‍ അടൂര്‍ ഭാസി സജീവമായി. കൈനിക്കര കുമാരപിളള, ജഗതി എന്‍ കെ ആചാരി, നാഗവളളി ആര്‍ എസ് കുറുപ്പ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, വീരന്‍ എന്നറിയപ്പെട്ടിരുന്ന പി കെ വീരരാഘവന്‍ നായര്‍ തുടങ്ങിയവരുമായുളള സൗഹൃദം അഭിനയത്തെ സീരിയസായി കാണാന്‍ അദ്ദേഹത്തെ സഹായിച്ചു.

തിരമാലയിലെ ഒരു അപ്രധാന വേഷത്തിലൂടെയാണ് അടൂര്‍ ഭാസി സിനിമയില്‍ എത്തുന്നത്. 1961ല്‍ പുറത്തിറങ്ങിയ മുടിയനായ പുത്രനിലൂടെയാണ് ഭാസി ശ്രദ്ധിക്കപ്പെട്ടത്. പിന്നീടങ്ങോട്ടു അടൂര്‍ ഭാസിയുടെ നാളുകളായിരുന്നു. അദ്ദേഹമില്ലാത്ത ഒരു സിനിമയെക്കുറിച്ച് പോലും മലയാളിക്ക് അന്ന് ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. എസ് പി പിളള - ഭാസി - ബഹദൂര്‍ എന്ന കോമഡി ത്രയം സിനിമകളിലെ അഭിവാജ്യഘടകമായിരുന്നു. തനിക്കു വില്ലന്‍ കഥാപാത്രങ്ങളും ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം കരിമ്പനയിലൂടെയും ഇതാ ഒരു മനുഷ്യനിലൂടെയും തെളിയിച്ചു. 1974ല്‍ ചട്ടക്കാരിയിലെ അഭിനയത്തിന് അദ്ദേഹത്തിന് നല്ല നടനുളള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ജോണ്‍ എബ്രഹാമിന്‍െറ ചെറിയാച്ചന്‍െറ ക്രൂരകൃത്യങ്ങളിലെ അഭിനയവും അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയിട്ടുണ്ട്.

രഘുവംശം, അച്ചാരം അമ്മിണി ഓശാരം ഓമന, ആദ്യപാഠം എന്നീ ചിത്രങ്ങള്‍ അടൂര്‍ ഭാസി സംവിധാനം ചെയ്തവയാണ്. നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി പിന്നണി പാടിയിട്ടുളള അദ്ദേഹത്തിന്‍െറ പാട്ടുകളില്‍ ഏറെ പ്രസിദ്ധം ലോട്ടറി ടിക്കറ്റ് എന്ന ചിത്രത്തിനു വേണ്ടി ആലപിച്ച ഒരു രൂപ നോട്ടു കൊടുത്താല്‍........എന്ന ഗാനമാണ്. 1989ല്‍ അഭിനയിച്ച ചക്കിക്കൊത്ത ചങ്കരനാണ് അദ്ദേഹത്തിന്‍െറ അവസാനത്തെ സിനിമ. 1990ല്‍ അടൂര്‍ ഭാസി എന്ന മഹാകലാകാരന്‍ ഈ ലോകത്തോടു വിട പറഞ്ഞു.

ദുശ്ശീലങ്ങള്‍ക്കു ഗുഡ്‌ബൈ


ഒരു സുഹൃത്ത് പുകവലിക്കാന്‍ പ്രേരിപ്പിക്കുകയാണെങ്കില്‍, അത് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ തലച്ചോറാണ്. സാഹചര്യങ്ങളാണ് ശീലങ്ങളുണ്ടാക്കുന്നതെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലെ സൈക്യാട്രി പ്രൊഫസര്‍ ഡോക്ടര്‍ എസ് കെ ഖണ്ടല്‍വാല്‍ പറയുന്നു.
നിരന്തരം പുകവലിക്കുന്നതിനു കാരണം അതിനു പ്രേരിപ്പിക്കുന്ന ഒരു രാസവസ്തുവാണെങ്കില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് വല്ലപ്പോഴും വലിക്കുന്നവരെസ്വാധീനിക്കുക. ന്യൂഡല്‍ഹിയിലെ മാക്‌സ് ഹെല്‍ത്ത്‌കെയറിലെ സൈക്യാട്രിസ്റ്റും മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ബിഹേവിയര്‍ സയന്‍സ് ചീഫുമായ ഡോക്ടര്‍ സമീര്‍ പരിഖ് അഭിപ്രായപ്പെടുന്നു. ഒരു പുക എടുത്ത് പത്ത് മിനിറ്റിനു ശേഷം തലച്ചോറില്‍ ഡൊപാമൈന്‍ ഉത്പാദിപ്പിക്കപ്പെടുകയും ആ രാസവസ്തു സന്തോഷവും സമാധാനവും പ്രദാനം ചെയ്യുകയും ചെയ്യുന്നു. എന്നാലും പുക വിഷമാണ്.

ഒരു സിഗരറ്റിന്‍െറ ഉപയോഗം പോലും രക്തധമനികളില്‍ ക്ഷതമുണ്ടാക്കും. ഈ ക്ഷതം ഹൃദ്‌രോഗം ഉണ്ടാക്കുകയും രക്തം കട്ട പിടിപ്പിക്കുകയും ചെയ്യും. നിക്കോട്ടിന്‍ മിഠായി ചവച്ച് ഈ ശീലത്തില്‍ നിന്ന് മോചനം നേടാം.

ടെലിവിഷന്‍ കാണുന്നതിനിടയില്‍ കൊറിക്കുന്നത് ഒരു നല്ല ശീലമല്ല. ഇത് മാനസികസമ്മര്‍ദ്ദമുണ്ടാക്കുകയും സുഹൃദ്‌വലയത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയും ചെയ്യുന്നു.

ടെലിവിഷന്‍ കാണുന്നവരില്‍ 71 ശതമാനം പേരും കൂടുതല്‍ ആഹാരം കഴിക്കുന്നു. 19 മണിക്കൂര്‍ ഒരാഴ്ച ടിവി കാണുന്ന 97 ശതമാനം പേര്‍ക്കും ഭാരം വര്‍ദ്ധിക്കുന്നതായി ഒരു ബല്‍ജിയന്‍ പഠനം വെളിവാക്കുന്നു.

കാപ്പിയും അടിമത്തമുണ്ടാക്കും. സ്ഥിരമായി കാപ്പി ഉപയോഗിക്കുന്നവര്‍ക്ക് അത് കിട്ടാതായാല്‍ ക്ഷീണവും തലവേദനയുമുണ്ടാകും. 2007ലെ ഒരു പഠനത്തില്‍ തെളിഞ്ഞത് 400 മില്ലിഗ്രാം കാപ്പിയുടെ നിത്യോപയോഗം 35 ശതമാനം ഇന്‍സുലിന്‍ കുറയ്ക്കുകയും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കാപ്പിയുടെ അളവ് ക്രമേണ കുറച്ച് ഈ ദുശ്ശീലത്തില്‍ നിന്ന് രക്ഷ നേടാം.

ഐപോഡില്‍ ഉയര്‍ന്ന സ്വരത്തില്‍ പാട്ടു കേള്‍ക്കുന്നതും ദുശീലമാണ്. ഇത് കേള്‍വിക്ക് തകരാറുണ്ടാക്കും. മറ്റുളളവര്‍ സംസാരിക്കുമ്പോള്‍ കേള്‍ക്കാവുന്ന പാകത്തില്‍ പാട്ടു വയ്ക്കണം. ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടകരമായ ഒരു ദുശീലമാണ്. ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയോ സൈലന്‍റാക്കിയോ ശീലമുണ്ടാക്കി ഈ ദുശീലത്തെ ഒഴിവാക്കാം

ഇന്ദിരയുടെ മോഹഭംഗം


ഇന്ത്യയിലെ പ്രസിദ്ധ നയതന്ത്രജ്ഞരെല്ലാം ഇന്ത്യയെക്കുറിച്ച്‌ സ്വപ്‌നം കണ്ടത്‌ അക്ഷരങ്ങളിലൂടെയാണ്‌. അവര്‍ കത്തുകളെഴുതി സ്വപ്‌നങ്ങള്‍ പങ്കുവച്ചു, ആശയങ്ങള്‍ കൈമാറി. ജയിലില്‍ കിടന്നപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്ദിര ഗാന്ധിക്ക്‌ അയച്ച എഴുത്തുകള്‍ അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പേരില്‍ പ്രസിദ്ധമാണ്‌.
ഇന്ത്യകണ്ട ഏറ്റവും ശക്തയായ വനിതയായിരുന്നു ഇന്ദിര ഗാന്ധി. ഇന്ത്യക്കെന്നും പ്രിയപ്പെട്ട നെഹ്‌റുവിന്‍െറ പ്രിയപ്പെട്ട മകള്‍. അച്ഛന്‍െറ നിഴലില്‍ ജീവിക്കാതെ തന്‍െറ കഴിവു കൊണ്ടാണ്‌ ഇന്ദിര രാജ്യത്തിന്‍െറ ഉന്നതപദവിയിലെത്തിയത്‌. അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരയുടെ ഭരണം മറ്റു രാഷ്‌ട്രത്തലവന്മാരുടെ പോലും ശ്രദ്ധ പിടിച്ചു പറ്റി. ശക്തമായ അഭിപ്രായവും തീരുമാനം എടുക്കാനുളള നൈപുണ്യവും കൊണ്ട്‌ ഒരു കാലഘട്ടത്തിന്‍െറ പ്രതീകമായിരുന്നു ഇന്ദിരാഗാന്ധി. ആ ഉരുക്കുവനിതയുടെ ഉളളില്‍ എപ്പോഴും ഒരു മോഹഭംഗത്തിന്‍െറ നീറ്റലുണ്ടായിരുന്നു.

ഇന്ദിര പ്രഗല്‌ഭരായ രണ്ടാണ്‍മക്കളുടെ അമ്മയായിരുന്നു. പക്ഷേ, രാജീവ്‌ ഗാന്ധിയുടെയും സഞ്‌ജയ്‌ ഗാന്ധിയുടെയും സാന്നിധ്യത്തിനുമപ്പുറം ഇന്ദിരയുടെ മനസ്‌സ്‌ ഒരു മകള്‍ക്കായി കൊതിച്ചിരുന്നു. പല സ്വകാര്യവേളകളിലും ഇന്ദിര ഈ ആഗ്രഹം വെളിപ്പെടുത്തിയിരുന്നു. ജഗത്തിന്‌ ഒരു അനിയത്തിയെ ലഭിച്ചതിലുളള അവന്‍െറ സന്തോഷം എനിക്ക്‌ സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടെന്നും തന്‍െറ മനസ്സ് ഒരു മകള്‍ക്കായി വല്ലാതെ ദാഹിക്കുന്നുണ്ടെന്നും ഇന്ദിര ഗാന്ധി നട്‌വര്‍ സിംഗിന്‌ കത്തെഴുതിയിരുന്നു(നട്‌വര്‍ സിംഗിന്റെ മകനാണ് ജഗത് സിംഗ്).

ഒരുപാട്‌ പ്രശസ്‌തരുടെ എഴുത്തുകള്‍ വിലപ്പെട്ട നിധിയായി സൂക്ഷിച്ച നട്‌വര്‍ സിംഗ്‌, അവയെല്ലാം സ്‌നേഹപൂര്‍വ്വം കെ നട്‌വര്‍ സിംഗ്‌ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ഇന്ദിര ഗാന്ധിയുടേത്‌ കൂടാതെ ഇ എം ഫ്രോസ്‌റ്റര്‍, രാജാജി, ലോര്‍ഡ്‌ മൗണ്ട്‌ ബാറ്റന്‍, ദലൈ ലാമ, പ്രസിഡന്‍് നൈറ, വിജയലക്ഷ്‌മി പണ്ഡിറ്റ്‌, എം എഫ്‌ ഹുസൈന്‍, രാജീവ്‌ ഗാന്ധി, ആര്‍ കെ നാരായണന്‍, നര്‍ഗീസ്‌ ദത്ത്‌, ദേവ്‌ ആനന്ദ്‌ എന്നിവരുടെ കത്തുകളും ഈ പുസ്‌തകത്തില്‍ അടങ്ങിയിട്ടുണ്ട്‌.

ഡിജിറ്റല്‍ ടെക്‌നോളജി കത്തുകളുടെ സ്ഥാനം കീഴടക്കിയ ഇക്കാലത്തും അക്ഷരങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ രാഷ്‌ട്രീയ നേതാക്കള്‍ നമുക്കുണ്ട്‌. ലക്ഷക്കണക്കിന്‌ ആരാധകരുളള ശശി തരൂരിന്‍െറ ട്വിറ്റര്‍ ഇത്തരത്തില്‍ ശ്രദ്ധേയമാണ്‌.

പോക്കുവെയിലിന്‍െറ ഓര്‍മ്മയ്‌ക്ക്‌....


മലയാളസിനിമയ്‌ക്ക്‌ അദ്ദേഹം എല്ലാമായിരുന്നു. സംവിധായകനായും തിരക്കഥാകൃത്തായും സംഗീതജ്ഞനായും കാര്‍ട്ടൂണിസ്‌റ്റായും അദ്ദേഹം മലയാളത്തില്‍ നിറഞ്ഞു നിന്നു. അതു വരെയുണ്ടായിരുന്ന സിനിമാസങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചു കൊണ്ട്‌ തന്‍േറതായ ഒരു സ്‌റ്റെല്‍ മലയാളത്തിനു സമ്മാനിച്ചു. ആക്‌ഷനും കട്ടും പറയാതെ കാമറാമാനെ സ്‌പര്‍ശിച്ചു മാത്രം ആശയവിനിമയം കൈമാറിയിരുന്ന ആ വലിയ കലാകാരന്‍ അരവിന്ദന്‍ അല്ലാതെ മറ്റാരാണ്‌. അദ്ദേഹത്തിന്‍െറ 19ാം ചരമ വാര്‍ഷികമാണ്‌ ഇന്ന്‌. മാതൃഭൂമി വാരികയില്‍ കാര്‍ട്ടൂണിസ്‌റ്റായി ഔദ്യോഗിക ജീവിതമാരംഭിച്ച അരവിന്ദന്‍ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന പേരില്‍ കാര്‍ട്ടൂണ്‍ പംക്തി കൈകാര്യം ചെയ്‌തു തുടങ്ങി. കാവാലം നാരായണ പണിക്കരുമായുളള ബന്ധം അരവിന്ദനെ രംഗകലയോട്‌ അടുപ്പിച്ചു. 1974ല്‍ ഉത്തരായനമെന്ന അരവിന്ദന്‍െറ ആദ്യത്തെ സിനിമ പുറത്തിറങ്ങി. ഐതിഹ്യവുമായി അടുത്ത്‌ നില്‍ക്കുന്ന കാഞ്ചനസീതയായിരുന്നു അദ്ദേഹത്തിന്‍െറ രണ്ടാമത്തെ ചിത്രം. ഒരു സര്‍ക്കസ്‌ ട്രൂപ്പിന്‍െറ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച തമ്പ്‌ അദ്ദേഹത്തിന്‍െറ മാസ്‌റ്റര്‍പീസ്‌ എന്ന്‌ വേണമെങ്കില്‍ പറയാം. വിപ്‌ളവകവിയായ ബാലചന്ദ്രന്‍ ചുളളിക്കാടിനെ നായകനാക്കി അരവിന്ദന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ്‌ പോക്കുവെയില്‍. 1986ല്‍ മികച്ച ചിത്രത്തിനുളള ദേശീയ അവാര്‍ഡ്‌ ലഭിച്ച ചിദംബരത്തിന്‍െറ നിര്‍മ്മാതാവും സംവിധായകനും അരവിന്ദനാണ്‌. മികച്ച സംവിധായകനുളള ദേശീയ അവാര്‍ഡ്‌ അദ്ദേഹത്തെ തേടി മൂന്നു തവണ എത്തി. 1978ല്‍ കാഞ്ചനസീതയിലൂടെയും 1979ല്‍ തമ്പിലൂടെയും 1987ല്‍ ഒരിടത്തിലൂടെയും അരവിന്ദന്‍ ഈ നേട്ടം സ്വായത്തമാക്കി. ഇതോടൊപ്പം അനവധി സംസ്ഥാന അവാര്‍ഡുകളും അരവിന്ദന്‍ സ്വന്തമാക്കി. കുമ്മാട്ടി എന്ന പേരില്‍ അദ്ദേഹം കുട്ടികള്‍ക്കായി ഒരു ചിത്രമെടുത്തിരുന്നു. പിറവി, എസ്‌തപ്പാന്‍, ആരോ ഒരാള്‍ എന്നീ ചിത്രങ്ങള്‍ക്ക്‌ അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചു. ബംഗാളിലെ അഭയാര്‍ത്ഥികളുടെ കഥ പറയുന്ന വാസ്‌തുഹാര പുറത്തിറങ്ങുന്നതിനു മുമ്പ്‌ 1991 മാര്‍ച്ച്‌ 15ന്‌ അരവിന്ദന്‍ മലയാളത്തോടു വിട പറഞ്ഞു.

ഇന്നങ്ങുറങ്ങി തകര്‍ക്കാം....


പുരാണത്തിലെ കുംഭകര്‍ണ്ണന്‍െറ കഥ നമുക്കൊക്കെ അറിയാം. എത്ര ഉറങ്ങിയാലും മതിയാവാത്ത അത്തരം കുംഭകര്‍ണ്ണന്മാര്‍ നമുക്കിടയില്‍ തന്നെയുണ്ട്‌. മനസ്‌സ്‌ ഇന്ദ്രിയങ്ങളില്‍ നിന്ന്‌ വേര്‍പെട്ട അവസ്ഥയാണ്‌ ഉറക്കം. പുറം ലോകവുമായിട്ടുളള എല്ലാ ബന്ധങ്ങളും ഉറക്കത്തില്‍ വിച്ഛേദിക്കപ്പെടുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ ചുറ്റുപാടുകളുമായി ബന്ധമുണ്ടെങ്കില്‍ ഉറക്കത്തില്‍ സ്വന്തമായ ഭാവനയുടെ ലോകത്തായിരിക്കും വിഹരിക്കുക. മനസ്‌സിന്‍െറ അബോധമനസ്‌സ്‌ പ്രവര്‍ത്തിക്കുകയും ചിന്തകളും മറ്റും സ്വപ്‌നങ്ങളായി മാറുന്നു. ഉറക്കത്തെക്കുറിച്ച്‌ പല സിദ്ധാന്തങ്ങളുമുണ്ട്‌. തലച്ചോറിലെ രക്തപ്രവാഹത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്‌ ഉറക്കത്തിനു കാരണമെന്ന്‌ ചിലര്‍ വാദിക്കുന്നു. നിരന്തര പ്രവര്‍ത്തനം മൂലം മാലിന്യം അടിഞ്ഞു കൂടിയ രക്തം തലച്ചോറിലെ ഹൈപ്പോതലാമസിനോടനുബന്ധിച്ചുളള അറയില്‍ വന്നു നിറയുമ്പോള്‍ ഉറക്കം അനുഭവപ്പെടുന്നു എന്ന്‌ ചിലര്‍ വാദിക്കുന്നു. എന്തായാലും ഇലക്‌ട്രിക്‌ എന്‍സിഫാലോഗ്രാഫ്‌ ഉപയോഗിച്ചുളള പരീക്ഷണത്തിന്‌ ഉറക്കത്തിന്‌ വിവിധഘട്ടങ്ങളുണ്ടെന്ന്‌ മനസ്‌സിലാക്കിയിരിക്കുന്നു. മനുഷ്യര്‍ മാത്രമല്ല, പക്ഷികളും ഉരഗങ്ങളും മീനുകളുമൊക്കെ ഉറങ്ങാറുണ്ട്‌.

ലോകത്തിലെ എല്ലാ ഉറക്കപ്രിയര്‍ക്കുമായി സ്വന്തമായി ഒരു ദിനമുണ്ട്‌, മാര്‍ച്ച്‌ 19. വേള്‍ഡ്‌ അസോസിയേഷന്‍ ഒഫ്‌ സ്‌ളീപ്‌ മെഡിസിനാണ്‌ ലോക ഉറക്ക ദിനമെന്ന ആശയം കൊണ്ടു വന്നത്‌. ഉറക്കത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ച്‌ ജനങ്ങളെ ബോധവത്‌കരിക്കാനും ഉറക്കരോഗങ്ങളെ മാറ്റിനിര്‍ത്താന്‍ സഹായിക്കാനുമാണ്‌ അവര്‍ ഈ ദിനത്തില്‍ ശ്രമിക്കുക. നിദ്ര പ്രധാനമായും രണ്ടു തരത്തിലുണ്ട്‌. റാപിഡ്‌ ഐ മൂവ്‌മെന്‍റ്‌ എന്നറിയപ്പെടുന്ന ഗാഡനിദ്രയും നോണ്‍ റാപിഡ്‌ ഐ മൂവ്‌മെന്‍റ്‌ എന്ന വിവിധ അവസ്ഥയിലുളള ഉറക്കവുമുണ്ട്‌. ഉറക്കത്തിന്‍െറ ഏറ്റക്കുറച്ചിലുകള്‍ ഇ ഈ ജിയിലൂടെ ഗ്രാഫായി അളക്കാം. ഒരാള്‍ ശരാശരി എട്ട്‌ മണിക്കൂര്‍ ഉറങ്ങണമെന്നാണ്‌ പറയുന്നത്‌. എന്നാല്‍ പ്രായം ചെല്ലും തോറും ആളുകളില്‍ ഉറക്കം കുറഞ്ഞു വരാറുണ്ട്‌.

ബോധമനസ്‌സ്‌ ഉറങ്ങുമ്പോള്‍ അബോധ മനസ്‌സിലെ ചിന്തകളും വികാരങ്ങളും സ്വപ്‌നമായി പുറത്തു വരുന്നു എന്നാണ്‌ പ്രമാണം. മനസ്‌സില്‍ അടിഞ്ഞു കൂടുന്ന സഫലീകരിക്കാത്ത ആഗ്രഹങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രതിഫലനമാണ്‌ സ്വപ്‌നം. ബാഹ്യവും ശാരീരികവും മാനസികവുമായ ഉറവിടങ്ങളില്‍ നിന്നുളള പ്രചോദനങ്ങള്‍ നിദ്രയുടെ അനുസൃത സ്വഭാവത്തില്‍ തടസ്‌സമുണ്ടാക്കുകയും നാഡീകേന്ദ്രത്തിന്‍െറ പൂര്‍ണ്ണ നിരോധനത്തിന്‌ ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു രക്ഷപ്പെടലാണ്‌ സ്വപ്‌നങ്ങള്‍. സ്വപ്‌നം കാണാത്തവരായി ആരുമില്ല. പക്ഷേ പല സ്വപ്‌നങ്ങളും ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ പോകാറുണ്ട്‌.

പല വിധ നിദ്രാ പ്രശ്‌നങ്ങളും മനുഷ്യനെ ബാധിക്കാറുണ്ട്‌. ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന സോമ്‌നാംബുളിസം അഥവാ നിദ്രാടനം, ഇന്‍സോമ്‌നിയ അഥവാ ഉറക്കക്കുറവ്‌, നാര്‍ക്കോലെപ്‌സി എന്ന അനിയന്ത്രിതനിദ്ര എന്നിവയാണ്‌ പ്രധാന ഉറക്ക പ്രശ്‌നങ്ങള്‍.

എങ്ങനെയൊക്കെയായാലും ശരിക്കൊന്നുറങ്ങാന്‍ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. ഇന്ന്‌ ഈ ലോക ഉറക്കദിനത്തില്‍ നമുക്ക്‌ ഉറങ്ങിത്തകര്‍ക്കാം....

വെളളിവെളിച്ചം പൊലിഞ്ഞിട്ട്‌ രണ്ടു വര്‍ഷം


മലയാള കവിതയ്‌ക്ക്‌ ഒരു പുത്തന്‍ താളം സമ്മാനിച്ച കവി കവിയാണ്‌ കടമ്മനിട്ട രാമകൃഷ്‌ണന്‍. 1935ല്‍ ജനിച്ച എം ആര്‍ രാമകൃഷ്‌ണ പണിക്കര്‍ എന്ന ബാലനില്‍ നിന്ന്‌ കടമ്മനിട്ട എന്ന കവിയിലേക്കുളള വളര്‍ച്ചയില്‍ ഏറെ സ്വാധീനിച്ചത്‌ പടയണി പാട്ടുകളായിരുന്നു. മലയാള കവിത കണ്ട എക്കാലത്തെയും മികച്ച വിപ്‌ളവകവിയായിരുന്നു കടമ്മനിട്ട.
` നിങ്ങള്‍ ഓര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്‌....`
എന്നദ്ദേഹം നമ്മെ ഓര്‍മ്മിപ്പിച്ചു. നിങ്ങളെന്‍െറ കറുത്ത മക്കളെ ചുട്ടു തിന്നില്ലേ എന്നു കുറത്തി നമ്മോടു ചോദിച്ചു.

1965ല്‍ പ്രസിദ്ധീകരിച്ച `ഞാന്‍` ആണ്‌ കടമ്മനിട്ട ആദ്യകവിത. കുറത്തി, കടിഞ്ഞൂല്‍ പൊട്ടന്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടമ്മനിട്ടയുടെ കവിതകള്‍, വെളളിവെളിച്ചം, സൂര്യശില, ശാന്ത എന്നിവയാണ്‌ കടമ്മനിട്ടയുടെ പ്രശസ്‌തമായ കൃതികള്‍.
1982ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു.
1996ല്‍ ആറമുളയില്‍ നിന്ന്‌ അദ്ദേഹം നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.
2008 മാര്‍ച്ച്‌ 31ന്‌ മലയാള കവിതയെ വിഷാദത്തിലാഴ്‌ത്തി മരണം കടമ്മനിട്ടയെ കൂട്ടി കൊണ്ട്‌ പോയി. നമ്മളെങ്ങനെ നമ്മളായെന്ന്‌ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ ആ ഗാംഭീര്യ ശബ്‌ദം നമ്മുക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഇങ്ങനെയും ഒരു സിനിമക്കാലമുണ്ടായിരുന്നു


ഏതായാലും ക്യാമറ കൊണ്ട്‌ ചരിത്രമുണ്ടാക്കിയ ക്യാമറാമാന്‍ ഡയറക്‌ടര്‍ കൂടിയായാല്‍ എന്തു സംഭവിക്കും? മരണം നേരില്‍ കാണേണ്ടിവന്നത്‌ ആ അര്‍പ്പണമനോഭാവത്തിന്‍െറ പേരിലാണ്‌. മുറപ്പെണ്ണ്‌ സംവിധാനം ചെയ്യുമ്പോഴായിരുന്നു ആ സംഭവം.

`റെഡിഫോര്‍ ടേക്ക്‌` പറഞ്ഞ സമയം. ശാരദയുടെ സൈഡിലേക്കുളള ഒരു മൂവ്‌മെന്‍റാണ്‌ ചിത്രീകരിക്കുന്നത്‌. ഒരു ഭാഗത്ത്‌ ലൈറ്റിംഗ്‌ വേണ്ടത്ര തൃപ്‌തികരമല്ലെന്ന്‌ തോന്നി.
പിന്നെ തീരെ വൈകിയില്ല. ഓടിച്ചെന്ന്‌ ലൈറ്റ്‌ അഡ്‌ജസ്‌റ്റ്‌ ചെയ്യാന്‍ ഫ്‌ളഡ്‌ലൈറ്റ്‌സിന്‍െറ ബ്രായ്‌ക്കറ്റില്‍ പിടിച്ചു. ലൈറ്റിന്‍െറ ബോഡിയില്‍ ലീക്കുണ്ടായിരുന്നിരിക്കണം. പിന്നെന്തു പറയാന്‍ ? രണ്ട്‌ ലൈറ്റ്‌സും ചേര്‍ത്തുളള ആ എത്തിപ്പിടുത്തത്തില്‍ ശരീരത്തില്‍ ഷോക്കടിച്ചു. രണ്ടു ടെര്‍മിനലില്‍ നിന്നുളള കറന്‍റ്‌ 440! ആ സ്‌ഥിതി ഒന്നോര്‍ത്തു നോക്കൂ!

ശാരദയുടെ ഷോട്ട്‌. കണ്ണില്‍ അവസാനം നിന്ന രൂപം ശാരദയുടേത്‌. മാഞ്ഞുമാഞ്ഞ്‌ അതു കേന്ദ്രബിന്ദുവായി. അതും അണഞ്ഞു.

ആരോ ബുദ്ധിപൂര്‍വ്വം കറന്‍റ്‌ ഓഫാക്കിയിരിക്കണം. പിന്നെ എണീറ്റോടുന്നതാണ്‌ ഓര്‍മ്മയില്‍. എല്ലാവരും അന്തംവിട്ടു നില്‌ക്കുകയാണ്‌.

ഇന്നും ഇതാലോചിക്കുമ്പോള്‍ വിന്‍സെന്‍റിന്‍െറ മനസ്‌സിലൊരു പിടച്ചില്‍.`പേജ്‌ : 46
സിനിമ ബാല്യത്തിലെ നിറമുളള ഒരു ഓര്‍മയാണ്. അത്തരം ചില ഓര്‍മകളിലൂടെയാണ് അക്ബര്‍ കക്കട്ടില്‍ തന്‍െറ പുതിയ ഗ്രന്ഥമായ ഇങ്ങനെയും ഒരു സിനിമക്കാലം ആരംഭിക്കുന്നത്. വെളളിത്തിര പൊക്കി നോക്കുന്ന കുട്ടിയായിട്ടാണ് പ്രേംചന്ദ് അവതാരികയില്‍ കക്കട്ടിലിനെ വിശേഷിപ്പിക്കുന്നത്. മഹത്തായ ഒരു സംസ്കാരം അവകാശപ്പെടാനുളള മലയാള സിനിമയിലെ കാണാക്കഥകള്‍ വളപ്പൊട്ടുകള്‍ പോലെ പെറുക്കിയെടുത്ത് ആവിഷ്കരിച്ചിരിക്കുകയാണ് കക്കട്ടില്‍ ഈ പുസ്തകത്തില്‍.

രണ്ടു സീക്വന്‍സുകളിലായി പിന്നാമ്പുറത്തെയും മുന്നിലെയും കഥകള്‍ പറയുന്ന പുസ്തകത്തില്‍ ഗതകാലസിനിമയിലെ വര്‍ണ്ണപ്പൊട്ടുകള്‍ എന്നു പേരിട്ട ആദ്യ സീക്വന്‍സില്‍ 90 വയസ്‌സിനും 72 വയസ്‌സിനും ഇടയിലുളള ഏഴു പേരുടെ കഥ പറയുന്നു. ഒപ്പം 62കാരിയായ കവിയൂര്‍ പൊന്നമ്മയുടെയും. ഇതുവഴി നമുക്ക് സിനിമയിലെ ആരും പറയാത്ത ചില കാണാക്കാഴ്ചകളിലേക്ക് പോകാം.

നിര്‍മ്മാതാവും വിതരണക്കാരനും കഥാകൃത്തുമായ ടി ഇ വാസുദേവനെയാണ് കക്കട്ടില്‍ ആദ്യം പരിചയപ്പെടുത്തുന്നത്. സമകാലികനായ പി സുബ്രഹ്മണ്യവുമായി ബന്ധപ്പെട്ട ഒരു ഓര്‍മ്മ അദ്ദേഹം ലേഖകനുമായി പങ്കുവയ്ക്കുന്നു. തന്‍െറ നൂറാമത്തെ ചിത്രം വരുന്നു എന്ന് പ്രഖ്യാപിച്ച ടി ആര്‍ സുന്ദരവും 75-ാമത്തെ ചിത്രം അനൗണ്‍സ് ചെയ്ത കുഞ്ചാക്കോയും മരിച്ചു. അത് സുബ്രഹ്മണ്യത്തിന് സംഭവിക്കാതിരിക്കാന്‍ ടി ഇ വാസുദേവന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ യാദൃച്ഛികമെന്നോണ്ണം തന്‍െറ 75-ാമത്തെ ചിത്രം പൂര്‍ത്തിയാക്കാതെ സുബ്രഹ്മണ്യം വിടപറഞ്ഞു. അതിനു ശേഷം ടി ഇ വാസുദേവന്‍ കടുത്ത വിശ്വാസിയായി.

82 വയസ്‌സുളള നവോദയ അപ്പച്ചന്‍െറ കഥ രസകരമാണ്. അദ്ദേഹത്തിന് പ്രേംനസീറും മോഹന്‍ലാലും അഭിനയിച്ച കടത്തനാടന്‍ അമ്പാടി ഏറ്റെടുക്കേണ്ടി വരുന്നു. അത് അദ്ദേഹത്തെ വലിയ പ്രതിസന്ധികളിലേക്ക് നയിക്കുന്നു.
സ്ക്രീനിലെ വില്ലനായ ജോസ്പ്രകാശിന്‍െറ സിനിമാപ്രവേശം ഗായകനായിട്ടായിരുന്നു. വില്ലന്‍ പ്രകടനം കണ്ട് പിണങ്ങുന്ന ഭാര്യയെ സമാധാനിപ്പിക്കാന്‍ അദ്ദേഹം അവരെ ഷൂട്ടിംഗ് സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.

പ്രേംനസീറിന്‍െറ ക്‌ളാസ്‌മേറ്റായ പരമു, ശോഭനാ പരമേശ്വരന്‍ നായര്‍ ആയ കഥ അത്യന്തം രസകരമാണ്. മുറപ്പെണ്ണിന്‍െറ സെറ്റില്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ട ഒരോര്‍മ്മയുണ്ട് വിന്‍സെന്‍റ് മാസ്റ്റര്‍ക്ക്. ലൈറ്റിംഗ് അഡ്ജസ്റ്റ് ചെയ്യാന്‍ പോയ അദ്ദേഹത്തിന് വൈദ്യുതാഘാതമേറ്റു. ആരോ ബുദ്ധിപൂര്‍വ്വം കറണ്ട് ഓഫ് ചെയ്തതുകൊണ്ട് വിന്‍സെന്റ് മാസ്റ്റര്‍ രക്ഷപ്പെട്ടു.

കെ എസ് സേതുമാധവന്‍െറ മനസ്‌സില്‍ മൂന്ന് രൂപങ്ങളുണ്ട്. സിനിമാലോകം കണ്ട പ്രഗല്ഭര്‍, കമലഹാസനും സത്യനും പ്രേംനസീറും. അഭിനയത്തോടുളള അര്‍പ്പണമനോഭാവംകൊണ്ട് ഉയരങ്ങളിലെത്തിയവരാണ് ആ മൂന്ന് കലാകാരന്മാരും.

ആയിരത്തോളം സിനിമാഗാനങ്ങള്‍ക്ക് ഈണം നല്‍കിയ എം കെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ തന്‍െറ ഗുരുവായ ജി ദേവരാജനുമായി പിണങ്ങേണ്ടി വന്ന സാഹചര്യവും ആ പിണക്കം കാലം മായ്ച്ചു കളയുന്നതും നമുക്ക് ആസ്വാദ്യകരമായി തോന്നും.

65 വയസ്‌സായ കവിയൂര്‍ പൊന്നമ്മ ഇപ്പോഴും മലയാളസിനിമയിലെ സ്‌നേഹമയിയായ അമ്മയാണ്. സത്യന്‍െറയും മോഹന്‍ലാലിന്‍െറയും അമ്മയായി അഭിനയിച്ച ദിപ്തസ്മരണകള്‍ കവിയൂര്‍ പൊന്നമ്മയുടെ മനസ്‌സില്‍ നിറഞ്ഞു നില്‍ക്കുന്നു.

സീക്വന്‍സ് രണ്ടില്‍ ലേഖകന്‍ പങ്കുവയ്ക്കുന്നത് സിനിമയിലെ ഹാസ്യസന്ദര്‍ഭങ്ങളാണ്. ചിരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരുടെ ജീവിതാനുഭവങ്ങള്‍ സിനിമയിലെത്തുന്നത് എങ്ങനെയെന്ന് നമുക്ക് കാണാം.

മലയാളസിനിമയിലെ ജീനിയസ് എന്ന് വിശേഷിപ്പിക്കാവുന്ന ശ്രീനിവാസന്‍െറ മിക്ക കഥാപാത്രങ്ങളെയും അദ്ദേഹം ജീവിതവീഥിയില്‍ നിന്ന് കണ്ടെത്തിയതാണ്. പാവം പാവം രാജകുമാരനും തലയണമന്ത്രവും സന്മനസ്‌സുളളവര്‍ക്ക് സമാധാനവും വടക്കുനോക്കിയന്ത്രവും അദ്ദേഹം സൃഷ്ടിച്ചത് സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നാണ്.

സീരിയസ് വേഷങ്ങളും നര്‍മ്മവേഷങ്ങളും ഒരു പോലെ അഭിനയിച്ചു ഫലിപ്പിക്കുന്ന ജഗദീഷിന് കഥാപാത്രങ്ങളുടെ മാനറിസം സ്വായത്തമാക്കാന്‍ സഹായിച്ചത് തന്‍െറ നിരീക്ഷണപാടവമാണ്.

ഹാസ്യം അഭിനയിക്കേണ്ട കാര്യമില്ല, അത് താനേ വരുന്നതാണെന്ന് മാമുക്കോയ പറയുന്നു. സാധാരണ ശരീരഭാഷയിലൂടെ നമ്മെ സ്വാധീനിച്ച മാമുക്കോയയെ ഗഫൂര്‍ കാ ദോസ്ത് ആയാണല്ലോ നാം കാണുന്നത്.

ചിരിപ്പിക്കുന്ന വില്ലത്തിയായ ഫിലോമിനയെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ലേഖകന്‍ പുസ്തകം ഉപസംഹരിക്കുന്നത്. മലയാളസിനിമയുടെ ഉത്ഭവം മുതല്‍ 1990കള്‍ വരെയുളള കാലഘട്ടത്തിന്‍െറ കഥയാണ് അക്ബര്‍ കക്കട്ടില്‍ ഈ പുസ്തകത്തിലൂടെ പറയുന്നത്.

വന്‍ ലാഭനഷ്ടങ്ങളുടെയും താരപരിവേഷത്തിന്‍െറയും ഇക്കാലത്ത് നമുക്ക് ഓര്‍ക്കാം. ഇങ്ങനെയും ഒരു സിനിമക്കാലമുണ്ടായിരുന്നു...


ഇങ്ങനെയും ഒരു സിനിമക്കാലം അക്‌ബര്‍ കക്കട്ടില്‍
ഗ്രീന്‍ ബുക്‌സ്‌
വില : 65 രൂപ

ജീവിതത്തിലെ ഹെയര്‍പിന്‍ ബെന്‍ഡുകള്‍

നിന്നെക്കുറിച്ചോര്‍ത്ത്
കരഞ്ഞ രാത്രികളാണ്
നീ എന്‍േറതായിരുന്നു
എന്നതിന്റെ തെളിവ്'

ഓര്‍ക്കാപ്പുറത്ത് മഴ പെയ്യുമ്പോള്‍ കുട നിവര്‍ത്താന്‍ പാടുപെടുന്ന കുട്ടിയുടെ മനസ്‌സാണ് എസ് കലേഷിന്റെ കവിതകള്‍ക്ക്. കലേഷിന്റെ കവിതയില്‍ കുമാരനും ഗ്രാമീണനും കാമുകനുമുണ്ടെന്ന് കവി സച്ചിദാനന്ദന്‍ അവതാരികയില്‍ പറയുന്നു.

'ഹെയര്‍പിന്‍ ബെന്‍ഡ്' എന്ന ശീര്‍ഷകം തന്നെ കലേഷിന്റെ പുസ്തകത്തെ കൂടുതല്‍ അറിയാന്‍ നമ്മെ പ്രചോദിപ്പിക്കും. തിരസ്‌കരിക്കപ്പെട്ട പ്രണയം എക്കാലത്തും കവിതകളിലെ ഒഴിവാക്കാനാകാത്ത ഇതിവൃത്തമാണ്. എന്നാല്‍ കലേഷിന്റെ കവിതകളിലെ നഷ്ടപ്രണയത്തിന് പുതിയതായി വാങ്ങിയ നോട്ടുപുസ്തകത്തിന്റെ ഗന്ധമാണ്.

പ്രണയിനിയുടെ ഹെയര്‍ പിന്‍ കളഞ്ഞുകിട്ടിയാലോ എന്ന് പ്രതീക്ഷിച്ച് വഴിയില്‍ കാത്തുനില്‍ക്കുന്ന കാമുകന്റെ മനസ്‌സിലെ വികാരമെന്താണ്? കലേഷ് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി വേദനിപ്പിക്കുന്നു.
'അയല്‍പക്കക്കാരായ പ്‌ളസ് ടു കുട്ടികള്‍ കളിപറഞ്ഞ് രസിച്ച് പ്രണയത്തിന്റെ വയല്‍വരമ്പ് കടക്കുന്നതേയുളളൂ' എന്ന വരികളില്‍ പ്രണയം കൗമാരത്തിന്റെ ആഘോഷമാണെന്ന് പറയാതെ പറയുന്നു.

'നോഹയുടെ പെട്ടകം' എന്ന കവിത ഒരു സാധാരണ വിഷയത്തെ അസാധാരണമായി കൈകാര്യം ചെയ്തിരിക്കുന്നു. ഒരു പ്രൈവറ്റ് ബസിന്റെ പശ്ചാത്തലത്തിന്റെ ഒരു ഗ്രാമത്തിന്റെ അവസ്ഥ വരച്ചുകാട്ടുന്നു. ചായക്കടക്കാരന്റെ മകള്‍ എന്ന കവിതയില്‍ പൂക്കളുടെ മുഖമുളള ഗ്‌ളാസ് പ്രണയം പറയാതെ പറയുന്നുവെന്ന് നമുക്കു മനസ്‌സിലാകും.

സിനിമാക്കഥകളിലെ പോലെ പെട്ടെന്ന് വലുതാകണമെന്ന് കവി പറയുമ്പോള്‍ ഇതു നമ്മുടെയെല്ലാം സ്വകാര്യ ആശയാണെന്ന് നാം തിരിച്ചറിയുന്നു. പൂക്കള്‍ക്കും തുമ്പികള്‍ക്കും മഴത്തുളളികള്‍ക്കും നമ്മോട് എന്തോ പറയാനുണ്ടെന്ന് കലേഷ് ഓര്‍മ്മിപ്പിക്കുന്നു.

നഷ്ടപ്പെടലുകള്‍ ജീവിതത്തിന്റെ അനിവാര്യതയാണെന്ന് കവി പറയുമ്പോള്‍ പ്രണയവും മരണവും ഒരുപോലെയാണെന്ന് നാം മനസ്‌സിലാക്കുന്നു. പ്രണയിനിയുടെ വിവാഹം പല കവിതകളിലും കടന്നുവരുമ്പോള്‍ നഷ്ടപ്പെടലിന് മൈലാഞ്ചിയുടെ നിറം കൈവരുന്നു.

ആഗസ്റ്റ് 24, 2006 എന്ന കവിതയില്‍ പ്രണയത്തിന് മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പാണ്. നാട്ടിന്‍പുറത്തെ നന്മകളും നഗരത്തിന്റെ ഭ്രമിപ്പിക്കുന്ന കെട്ടുകാഴ്ചകളും കലേഷിന്റെ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു. കെട്ടിടങ്ങളുടെ ഉയരത്തെ പേടിക്കുന്ന ഒരു നാട്ടുമ്പുറത്തുകാരന്റെ മനസ്‌സ് എല്ലാവര്‍ക്കുമുണ്ടെന്ന് സൈറണ്‍ എന്ന കവിതയിലൂടെ കലേഷ് നമ്മെ ഓര്‍മിപ്പിക്കുന്നു.

കവിതയിലെ പുതിയ ചന്ദ്രോദയം എന്ന് എസ് കലേഷിനെ നമുക്ക് നിസ്‌സംശയം പറയാം.
ഹെയര്‍പിന്‍ ബെന്‍ഡ്
എസ് കലേഷ്
ഫേബിയന്‍ ബുക്ക്‌സ്
വില : 50 രൂപ

Thursday, April 15, 2010

കായംകുളം കൊച്ചുണ്ണിയുടെ വാലന്റൈന്‍ ഡേ

കുസൃതിച്ചിരിയുമായി അഭിനയലോകം കീഴടക്കുന്ന മണിക്കുട്ടനുമായി ഒരു വാലന്റൈന്‍ ദിന സല്ലാപം...

മീശമാധവന്‍ എന്ന ചിത്രത്തില്‍ മാധവനെന്ന കളളനെ അവതരിപ്പിച്ചു കൊണ്ടാണ്‌ ദിലീപ്‌ മലയാളസിനിമയില്‍ സൂപ്പര്‍സ്‌റ്റാറായത്‌. അതുപോലെ, ഒരു കൊച്ചു കലാകാരന്‍ കായംകുളം കൊച്ചുണ്ണിയുടെ വേഷം അവതരിപ്പിച്ച്‌ വീട്ടമ്മമാരുടെ മനസ്‌സ്‌ കീഴടക്കി. പിന്നീട്‌ കൗമാരമനസ്‌സുകളുടെ ബോയ്‌ഫ്രണ്ടായി അദ്ദേഹം ബിഗ്‌സ്‌ക്രീനിലേക്ക്‌ കടന്നു വന്നു. കളഭത്തിലെ നിഷ്‌കളങ്കനായ ബ്രാഹ്‌മണയുവാവ്‌ പാര്‍ത്ഥസാരഥിയെയും ഛോട്ടാമുംബയിലെ കൊച്ചുതെമ്മാടിയായ സൈനുവിനെയും ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കനിലെ വിപ്‌ളവകാരിയായ അലക്‌സിനെയും കുരുക്ഷേത്രയിലെ പ്രണയലോലുപനായ സൈനികന്‍ പ്രകാശിനെയും അവതരിപ്പിച്ച്‌ മണിക്കുട്ടന്‍ എന്നറിയപ്പെടുന്ന തോമസ്‌ ജെയിംസ്‌ മലയാളസിനിമയില്‍ തന്‍േറതായ ഒരു സ്‌ഥാനം നേടി. കുസൃതിച്ചിരിയുമായി അഭിനയലോകം കീഴടക്കുന്ന മണിക്കുട്ടനുമായി ഒരു വാലന്റൈന്‍ ദിന സല്ലാപം...

അഭിനയജീവിതത്തിലേക്ക്‌ വന്നത്‌ ‌?

തിരുവനന്തപുരം കുടപ്പനക്കുന്ന്‌ മേരിഗിരി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. പിന്നീട്‌ ഏഴാം ക്‌ളാസില്‍ പട്ടം സെന്‍റ്‌ മേരീസ്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ `വര്‍ണ്ണച്ചിറകുകള്‍` എന്ന കുട്ടികളുടെ ചിത്രത്തില്‍ സുഹാസിനിയോടൊപ്പം അഭിനയിച്ചു. ഡിഗ്രിക്ക്‌ മഹാത്മാഗാന്ധി കോളേജില്‍ പഠിക്കുമ്പോള്‍ `ഒരു പീലിക്കണ്ണിന്‍െറ ഓര്‍മ്മയ്‌ക്ക്‌` എന്ന കാംപസ്‌ ചിത്രത്തില്‍ നായകവേഷം ചെയ്‌തു. അതിന്‍െറ സിഡി കണ്ടാണ്‌ കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലേക്ക്‌ ക്ഷണം ലഭിച്ചത്‌.

കായംകുളം കൊച്ചുണ്ണിയിലെ അനുഭവങ്ങള്‍ ?

ആദ്യം ഒരു ചെറിയ വേഷത്തിലേക്കാണ്‌ വിളിച്ചത്‌. പിന്നീട്‌ കേന്ദ്രകഥാപാത്രമായ കൊച്ചുണ്ണിയുടെ കൗമാരപ്രായം അഭിനയിക്കാന്‍ സാധിച്ചു.

സിനിമാസ്വപ്‌നങ്ങളുടെ തുടക്കം?

സിനിമാമോഹമൊന്നും ഉണ്ടായിരുന്നില്ല. യാദൃച്ഛികമായിട്ടാണ്‌ സിനിമയില്‍ എത്തിയത്‌. കായംകുളം കൊച്ചുണ്ണി കണ്ടാണ്‌ സംവിധായകന്‍ വിനയന്‍ തന്‍െറ ബോയ്‌ഫ്രണ്ട്‌ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്‌. അതിലെ രമേഷ്‌ എന്ന കഥാപാത്രം എന്‍െറ ജിവിതത്തിലെ വഴിത്തിരിവായി.

ബാല്യകാല ഓര്‍മകള്‍ ‌?

സാമാന്യം പഠിക്കുന്ന, അത്യാവശ്യം കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കുട്ടിയായിരുന്നു.

കുടുംബത്തെക്കുറിച്ച്‌ ?

അച്ഛനും അമ്മയും രണ്ട്‌ ചേച്ചിമാരുമടങ്ങിയ ഒരു സാധാരണകുടുംബം. ഇപ്പോള്‍ ഇരുവരും വിവാഹിതരായി രണ്ട്‌ സ്‌ഥലങ്ങളിലായി ജീവിക്കുന്നു.

മണിക്കുട്ടന്‍ എന്ന പേരിന് പിന്നില്‍?

തോമസ്‌ പഴയ ഒരു പേരാണ്‌. അത്‌ കേള്‍ക്കുമ്പോള്‍ ഒരുപാട്‌ പ്രായമുളളതായി തോന്നും. മണിക്കുട്ടന്‍ എന്നത്‌ എന്നെ വീട്ടില്‍ വിളിക്കുന്ന പേരാണ്‌. കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കാനെത്തുമ്പോഴാണ്‌ മണിക്കുട്ടന്‍ എന്ന പേര്‌ സ്വീകരിച്ചത്‌. പിന്നീട് സിനിമയിലെത്തിയപ്പോഴും ആ പേര്‌ തന്നെ നിലനിര്‍ത്തി.

മോഹന്‍ലാലിനോടൊപ്പമുളള അനുഭവങ്ങള്‍ ?

ഛോട്ടൈ മുംബയുടെ ഷൂട്ടിംഗ്‌ 40 ദിവസം നീണ്ടു നിന്നിരുന്നു. കാമറയുടെ മുമ്പില്‍ എത്തുമ്പോള്‍ അദ്ദേഹം വല്ലാതെ എനര്‍ജെറ്റിക്കാവും. അദ്ദേഹത്തിന്‍െറ കൂടെ അഭിനയിക്കുമ്പോള്‍ ആ എനര്‍ജി നമുക്കും പകര്‍ന്നു കിട്ടും.

ആരാധികമാര്‍?

അത്യാവശ്യം ഉണ്ട്‌.

പ്രണയാനുഭവങ്ങള്‍?

കാംപസില്‍ ധാരാളം പെണ്‍കുട്ടികള്‍ ഉളളതുകൊണ്ട്‌ ഒരു പ്രത്യേകവ്യക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല.

വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുന്നുണ്ടോ?

എടുത്തുചാടി വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോഴത്തെ ഭൂരിഭാഗം യുവാക്കളെയും പോലെ ഞാനും കരിയറിനാണ്‌ പ്രാധാന്യം കല്‍പ്പിക്കുന്നത്‌.

ഭാവിസ്വപ്‌നങ്ങള്‍ എന്തൊക്കെയാണ്‌?

ഒരു നല്ല കലാകാരനായി അറിയപ്പെടണമെന്നാണ്‌ ആഗ്രഹം.

ഈ വാലന്റൈന്‍സ്‌ ദിനത്തില്‍ പ്രണയിക്കുന്നവര്‍ക്ക്‌ നല്‌കാനുളള സന്ദേശം എന്താണ്‌?


പ്രണയത്തിന്‍െറ വിജയവും പരാജയവും നിങ്ങളുടെ കൈയിലാണ്‌. പണ്ട്‌ പ്രണയമെന്ന്‌ കേള്‍ക്കുമ്പോള്‍ ആര്‍ക്കും പേടിയില്ല. ഇപ്പോള്‍ പ്രണയത്തിന്‌ തീവ്രവാദസ്വഭാവമാണുളളത്‌. സത്യസന്ധമായും ആത്മാര്‍ത്ഥമായും പ്രണയിക്കുന്നവര്‍ക്ക്‌ വാലന്റൈന്‍സ്‌ ദിനം മാത്രമല്ല എന്നും ആഘോഷമാണ്‌, അവര്‍ക്കെന്‍െറ ആശംസകള്‍. അല്ലാത്തവരോട്‌ ഒരു അഭ്യര്‍ത്ഥന, വാലന്റൈന്‍സ്‌ ദിനം എന്ന ഒരു ദിവസം ആഘോഷിക്കാന്‍ വേണ്ടി മാത്രം പ്രണയിച്ച്‌ അതിന്‍െറ പവിത്രത നശിപ്പിക്കരുത്‌.

കാലം സൂക്ഷിക്കുന്ന പ്രണയമുദ്രകള്‍

സന്ധ്യയ്ക്ക്, ചാറ്റല്‍ മഴയേറ്റ്‌ ആകാശം നോക്കിനില്‌ക്കുന്ന അനുഭൂതിയാണ്‌ പ്രണയം...

വാകപ്പൂക്കള്‍ കൊഴിഞ്ഞുകിടക്കുന്ന നീണ്ട വഴിത്താരകളില്‍ ഒറ്റയ്‌ക്കു നടക്കുമ്പോള്‍ കേള്‍ക്കുന്ന പിന്‍വിളിയാണ്‌ പ്രണയം...

കൗമാര കുതൂഹലങ്ങളില്‍, യൗവനത്തിന്‍െറ തീക്ഷ്ണതയില്‍, വാര്‍ദ്ധക്യത്തിന്‍െറ സ്‌മരണകളില്‍ എന്നും പ്രണയം തീവ്രതയോടെ ജീവിക്കുന്നു.

കാലനദി കടന്നു ചരിത്രത്തിലിടം നേടിയ എത്രയെത്ര പ്രണയങ്ങള്‍, ലോകഹൃദയത്തില്‍ ഇടം നേടിയ എത്രയെത്ര പ്രണയികള്‍. അതെ, പ്രണയം അനശ്വരമാണ്‌.
യമുനയുടെ കരയില്‍ കൃഷ്‌ണതുളസിക്കാട്ടിലൂടെ നടക്കുമ്പോള്‍ ചെവിയോര്‍ത്താല്‍ കേള്‍ക്കാം, കുടമണികളുടെ നാദം ഒപ്പം ഹൃദ്യമായ മുരളീരവവും. തന്നെക്കാള്‍ അഞ്ചു വയസ്‌സു കൂടുതലുളള രാധയോട്‌ കൃഷ്‌ണനുളള വികാരം എന്തായിരുന്നു? ഏതായാലും രാധാ-കൃഷ്‌ണ പ്രണയസങ്കല്‍പ്പം ഇതിഹാസങ്ങളിലും മനുഷ്യമനസ്‌സുകളിലും ഇന്നും ആര്‍ദ്രതയോടെ നിറഞ്ഞുനില്‌ക്കുന്നു. ആത്മാനന്ദത്തിനു വേണ്ടിയല്ലാതെ കൃഷ്‌ണനെ സ്‌നേഹിച്ച രാധ വരവര്‍ണ്ണിനിയായ യോഗിനിയായി ദ്വാരകയില്‍ ജീവിച്ചു. മരിക്കുന്നതു വരെ രാധയുടെ സ്‌ഥാനത്ത്‌ കൃഷ്‌ണന്‍ ഒരു മയില്‍പ്പീലി തന്‍െറ നെറുകയില്‍ അണിഞ്ഞിരുന്നു.

`കാടുചൊല്ലുന്നതാമെന്നെ കബളിപ്പിക്കുവാന്‍ കൈയിലോടു മേന്തി നടക്കുന്നിതുല്‌പല ബാണന്‍` എന്ന്‌ കുമാരനാശാന്‍ കരുണയില്‍ പറഞ്ഞത്‌ കാമദേവനെക്കുറിച്ചാണ്‌. അരവിന്ദം, അശോകം, നവമാലിക, നീലോല്‌പലം, ചൂതം എന്നീ പുഷ്‌പബാണങ്ങള്‍കൊണ്ട്‌ മനസ്‌സുകളെ കീഴടക്കാന്‍ നടക്കുന്ന കാമദേവന്‍ റോമന്‍ കഥയിലുമുണ്ട്‌. ക്യുപിഡ്‌ സ്‌നേഹത്തിന്‍െറ ദേവതയായ വീനസിന്‍െറ മകനാണ്‌. പ്രണയത്തിന്‍െറ വികാരങ്ങളെയും ആഗ്രഹങ്ങളെയും പ്രതിനിധീകരിക്കുന്ന അമ്പും വില്ലുമാണ്‌ ക്യുപിഡിന്‍െറ ആയുധങ്ങള്‍. തന്നെക്കാള്‍ സുന്ദരിയായ സൈക്കിനെ നശിപ്പിക്കാന്‍ വീനസ്‌ ക്യുപിഡിനെ അയക്കുന്നു. എന്നാല്‍ സൈക്കിനെ കണ്ട്‌ പ്രണയത്തിലായ ക്യുപിഡ്‌ തന്നെ കാണാന്‍ ശ്രമിക്കരുത്‌ എന്ന നിബന്ധനയോടെ അവളോടൊപ്പം ജീവിച്ചു. എന്നാല്‍ ഒരു ദിവസം പ്രലോഭനങ്ങള്‍ക്കടിമപ്പെട്ട്‌ ക്യുപിഡിനെ കാണാന്‍ ശ്രമിച്ച സൈക്കിനോട്‌ കോപിച്ച്‌ ക്യുപിഡ്‌ അപ്രത്യക്ഷനായി. തന്‍െറ പ്രണയസാഫല്യത്തിനായി വീനസിനോട്‌ പ്രാര്‍ത്ഥിച്ച സൈക്കിനെ വീനസ്‌ ഒരുപാട്‌ പരീക്ഷിച്ചു. എന്നാല്‍ അതിലൊക്കെ വിജയിച്ച സൈക്കിനോട്‌ ഒടുവില്‍ ക്യുപിഡ്‌ ക്ഷമിച്ചു.

ഗ്രീക്ക്‌ കഥയിലെ ഓര്‍ഫ്യുസും യൂറിഡൈസും പ്രണയബദ്ധരായിരുന്നു. ഒരുനാള്‍ സര്‍പ്പദംശമേറ്റ്‌ യൂറിഡൈസ്‌ മരിച്ചു. ഓര്‍ഫ്യൂസ്‌ `ലൈര്‍` എന്ന തന്‍െറ സംഗീതോപകരണവും മീട്ടി ലോകം മുഴുവന്‍ യൂറിഡൈസിനെ തേടിയലഞ്ഞു. ഒടുവില്‍ പരലോകത്തുമെത്തി. ഓര്‍ഫ്യൂസിന്‍െറ സംഗീതത്തില്‍ മനംമയങ്ങിയ പരലോകത്തിലെ രാജാവ്‌ യൂറിഡൈസിനെ ഓര്‍ഫ്യൂസിനോടൊപ്പം ഒരു നിബന്ധനയോടെ അയച്ചു. ഇരുവരും പോകുമ്പോള്‍ ഓര്‍ഫ്യൂസ്‌ മുമ്പെ നടക്കണം, പുറംലോകം എത്തുന്നതു വരെ തിരിഞ്ഞു നോക്കരുത്‌. പക്ഷേ, പകല്‍വെളിച്ചം വീണപ്പോള്‍ ഓര്‍ഫ്യൂസ്‌ തിരിഞ്ഞുനോക്കി. യൂറിഡൈസ്‌ എന്നെന്നേക്കുമായി അപ്രത്യക്ഷയായി.

`ഒരു പേരിലെന്തിരിക്കുന്നു? റോസാപുഷ്‌പത്തെ മറ്റെന്തു പേരില്‍ വിളിച്ചാലും അതിന്‍െറ നിറവും സുഗന്ധവും മാറുമോ?`. റോമിയോ ജൂലിയറ്റിനോട്‌ പറഞ്ഞ ആദ്യവാക്കുകളാണിത്‌. ആദ്യകാഴ്‌ചയിലേ അനുരാഗബദ്ധരായ അവരുടെ കഥ ദുരന്തപര്യവസായിയാണ്‌. കടുത്ത ശത്രുതയിലായിരുന്ന രണ്ടു കുടുംബങ്ങളിലാണ്‌ റോമിയോയും ജൂലിയറ്റും ജനിച്ചത്‌. അതുകൊണ്ടു തന്നെ അവര്‍ക്ക്‌ ഒന്നിക്കാന്‍ സാധിച്ചില്ല. ജൂലിയറ്റിന്‍െറ വിവാഹം അവളുടെ വീട്ടുകാര്‍ കൗണ്ട്‌ പാരീസുമായി ഉറപ്പിച്ചു. ഇതില്‍ മനംനൊന്ത ജൂലിയറ്റ്‌ സഹായത്തിനായി ബിഷപ്പായ ഫ്രയര്‍ ലോറന്‍സിനെ സമീപിച്ചു. 24 മണിക്കൂര്‍ മരണത്തെപ്പോലുളള ഒരബോധാവസ്‌ഥയില്‍ അകപ്പെടുന്ന ഒരു മരുന്ന്‌ അദ്ദേഹം ജൂലിയറ്റിന്‌ നല്‌കി. അവള്‍ എഴുന്നേല്‌ക്കുമ്പോള്‍ ഒന്നിക്കാനായി ഒരു സന്ദേശം അദ്ദേഹം റോമിയോയിക്കു അയച്ചു. തന്‍െറ വിവാഹത്തലേന്ന്‌ ജൂലിയറ്റ്‌ മരുന്ന്‌ കഴിച്ചു. നിര്‍ഭാഗ്യവശാല്‍ റോമിയോക്ക്‌ സന്ദേശം ലഭിച്ചില്ല. ജൂലിയറ്റിന്‍െറ മരണവാര്‍ത്ത അറിഞ്ഞ റോമിയോ അവളുടെ കല്ലറയിലെത്തി. അവിടെ അപ്പോള്‍ കൗണ്ട്‌ പാരീസ്‌ ഉണ്ടായിരുന്നു. അയാളെ വധിച്ച ശേഷം റോമിയോ സ്വയം കുത്തി മരിച്ചു. ഉറക്കമുണര്‍ന്ന ജൂലിയറ്റ്‌ കണ്ടത്‌ മരിച്ചു കിടക്കുന്ന റോമിയോയെയാണ്‌. ഒടുവില്‍ അവള്‍ ആത്മഹത്യ ചെയ്‌തു.

ടോളമിക്‌ രാജവംശയായ ഈജിപ്‌ഷ്യന്‍ രാജ്‌ഞി ക്‌ളിയോപാട്രയും റോമന്‍ ജനറല്‍ മാര്‍ക്ക്‌ ആന്‍റണിയും പ്രണയത്തിലായി. ഒക്‌ടേവിയന്‍ സേനക്കെതിരെ ആക്‌ടിയം യുദ്ധം നയിക്കാന്‍ റോമിലേക്ക്‌ പോയ ആന്‍റണി അതില്‍ പരാജയപ്പെടുന്നു. അവിടെ വച്ച്‌ ആന്‍റണി ക്‌ളിയോപാട്ര മരിച്ചെന്ന്‌ കിംവദന്തി കേള്‍ക്കുന്നു. അതില്‍ ദു:ഖാര്‍ത്തനായ ആന്‍റണി മരണത്തെ സ്വയം വരിച്ചു. ആന്‍റണിയുടെ മരണവാര്‍ത്ത അറിഞ്ഞ ക്‌ളിയോപാട്ര സ്വന്തം നാവില്‍ സര്‍പ്പദംശമേല്‍പ്പിച്ച്‌ മരിക്കുന്നു.

ലൈല സുന്ദരിയല്ലായിരുന്നു, പക്ഷേ മജ്‌നു സുന്ദരനും. സുന്ദരിയല്ലാത്ത ലൈലയെ എങ്ങനെയാണ്‌ ഇഷ്‌ടപ്പെട്ടതെന്ന്‌ എല്ലാവരും മജ്‌നുവിനോടു ചോദിച്ചു. മജ്‌നു ഉത്തരം പറഞ്ഞതിങ്ങനെയാണ്‌, `ലൈലയുടെ സൗന്ദര്യം കാണണമെങ്കില്‍ നിങ്ങള്‍ മജ്‌നുവിന്‍െറ കണ്ണിലൂടെ നോക്കണം.` ഖയിസ്‌ എന്ന മജ്‌നു കവിയായിരുന്നു. ലൈലയെ വിവാഹം ചെയ്യണമെന്ന ഖയിസിന്‍െറ ആഗ്രഹം നിരാകരിച്ച്‌ അവളുടെ അച്ഛന്‍ അവളെ മറ്റൊരാള്‍ക്ക്‌ വിവാഹം ചെയ്‌തുകൊടുത്തു. ഈ വാര്‍ത്ത അറിഞ്ഞ ഖയിസ്‌ മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞു നടന്നു. ഒടുവില്‍ അസുഖം ബാധിച്ച്‌ ലൈല മരിച്ചു. പിന്നീട്‌ അജ്ഞാതയായ ഒരു സ്‌ത്രീയുടെ ശവകുടീരത്തിനരികില്‍ ഖയിസിനെ കണ്ടെത്തി. അപ്പോഴും ശവകുടീരത്തിനരികിലെ ഒരു പാറയില്‍ ഖയിസ്‌ ഒരു കവിത കുറിച്ചിട്ടിരുന്നു.

മുഗള്‍ രാജാവായ അക്‌ബറിന്‍െറ പുത്രന്‍ സലീമിന്‍െറ പ്രണയിനി സാധാരണക്കാരിയായ, അതീവസുന്ദരിയും നര്‍ത്തകിയുമായ അനാര്‍ക്കലിയായിരുന്നു. ചക്രവര്‍ത്തി ഈ പ്രണയത്തോടു എതിര്‍പ്പ്‌ പ്രകടിപ്പിച്ചു. അതിന്‍െറ പേരില്‍ സലീമിന്‌ അച്ഛനുമായി യുദ്ധം ചെയ്യേണ്ടി വന്നു. അതില്‍ പരാജയപ്പെട്ട സലീമിന്‍െറ മുന്നില്‍വച്ച്‌ അനാര്‍ക്കലിയെ ജീവനോടെ ഒരു മുറിയിലാക്കി ഇഷ്‌ടികകള്‍ കൊണ്ട്‌ അടച്ചു. സലീം പിന്നീട്‌ ജഹാംഗീര്‍ എന്ന പേരില്‍ ചക്രവര്‍ത്തിയായി. അപ്പോഴും അദ്ദേഹത്തിന്‍െറ ഓര്‍മ്മകളില്‍ അനാര്‍ക്കലി നിറഞ്ഞുനിന്നിരുന്നു.

മറ്റൊരു മുഗള്‍ രാജാവായ ഷാജഹാന്‍െറയും മുംതാസിന്‍െറയും പ്രണയം കാലാന്തരങ്ങളായി നമ്മുടെ മനസ്‌സിലുണ്ട്‌. പ്രണയത്തിന്‍െറ നിത്യസ്‌മാരകമായ താജ്‌മഹല്‍ ഇന്നും ലോകാദ്‌ഭുതങ്ങളിലൊന്നായി നിലനില്‍ക്കുന്നു. ഷാജഹാന്‍െറ പ്രിയപ്പെട്ട ഭാര്യയായിരുന്നു മുംതാസ്‌. അദ്ദേഹത്തിന്‍െറ 14 മക്കള്‍ക്ക്‌ ജന്മം നല്‌കിയ മുംതാസ്‌ ഒടുവിലത്തെ കുഞ്ഞിന്‍െറ ജനനത്തോടെ മരിച്ചു. അവരുടെ ഓര്‍മ്മയില്‍ സൃഷ്‌ടിച്ച താജ്‌മഹലിന്‍െറ പണി 20 വര്‍ഷം കൊണ്ടാണ്‌ പൂര്‍ത്തിയായത്‌.

`നിനക്കാണോ പ്രകൃതി അതിന്‍െറ ശക്തിയും മധുരവും സൗന്ദര്യവും തന്നത്‌? നീയൊരാളാണോ എന്‍െറ ഹൃദയത്തെ ഭരിക്കുന്നത്‌?`. നെപ്പോളിയന്‍ ബോണപാര്‍ട്ട്‌ ജോസഫൈനിന്‌ നല്‌കിയ പ്രണയലേഖനമാണിത്‌. റോസിന്‌ ജോസഫൈന്‍ എന്ന പേര്‌ നല്‌കിയത്‌ നെപ്പോളിയനാണ്‌. വിവാഹം കഴിഞ്ഞ്‌ രണ്ട്‌ ദിവസത്തിനു ശേഷം ഇറ്റലിയില്‍ ഫ്രഞ്ച്‌ സൈന്യത്തെ നയിക്കാന്‍ അദ്ദേഹത്തിന്‌ പോകേണ്ടി വന്നു. ആ വേര്‍പാടിന്‍െറ വേളയില്‍ നെപ്പോളിയന്‍ ജോസഫൈന്‌ ഒരുപാട്‌ പ്രണയലേഖനങ്ങള്‍ അയച്ചു. അവ ഇന്ന് ചരിത്രത്തില്‍ രജതമുദ്രകള്‍. കുഞ്ഞ്‌ ജനിക്കാത്തതിന്‍െറ പേരില്‍ ഒടുവില്‍ ജോസഫൈനും നെപ്പോളിയനും വിവാഹമോചിതരായി.

പിയറി ക്യൂറിയും മേരിയും ശാസ്‌ത്രലോകത്തിലെ ദമ്പതികളാണ്‌. വാര്‍സോവില്‍ ജനിച്ച മേരി വിദ്യാഭ്യാസത്തിനായി പോളണ്ടിലെത്തുന്നു. അവിടെവച്ച്‌ പിയറിയുടെ ശ്രദ്ധ നേടിയ മേരി അദ്ദേഹത്തിന്‍െറ ഔദ്യോഗിക പങ്കാളിയായി പിന്നീട്‌ ജീവിതപങ്കാളിയും. ശാസ്‌ത്രലോകത്ത്‌ ആ ദമ്പതികള്‍ ഒട്ടനവധി സംഭാവനകള്‍ നല്‌കി.

ഇംഗ്‌ളണ്ടിലെ രാജ്ഞിയായ വിക്‌ടോറിയ തന്‍െറ ബന്ധുവായ ആല്‍ബര്‍ട്ട്‌ രാജകുമാരനെ വിവാഹം ചെയ്‌തു. അവരുടെ ദീപ്‌തമായ സ്‌നേഹവും സഹകരണവും ഭരണത്തില്‍ ഒരുപാട്‌ സഹായിച്ചു. ആല്‍ബര്‍ട്ട്‌ രാജകുമാരന്‍െറ വിയോഗം വിക്‌ടോറിയയെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തി. അദ്ദേഹത്തിന്‍െറ മരണശേഷം രാജ്ഞി മൂന്ന്‌ വര്‍ഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടില്ല. അതിനു ശേഷം മരിക്കുന്നതു വരെ നീണ്ട 40 വര്‍ഷം അവര്‍ കറുത്ത വസ്‌ത്രം മാത്രമേ ഉപയോഗിച്ചിട്ടുളളൂ.

രഹസ്യസ്വഭാവം സൂക്ഷിച്ച പ്രണയമാണ്‌ ലോകത്തെ വിറപ്പിച്ച ഹിറ്റ്‌ലറുടെയും ഈവ ബ്രൗണിന്‍െറതും. തന്‍െറ പേഴ്‌സണല്‍ ഫോട്ടോഗ്രാഫറുടെ അസിസ്‌റ്റന്‍റ്‌ മോഡലായ 17കാരിയായ ഈവയെ ഹിറ്റ്‌ലര്‍ പരിചയപ്പെടുന്നു. ഹിറ്റ്‌ലറുടെ സ്വകാര്യ ആഘോഷങ്ങളിലെ ശ്രദ്ധാകേന്ദ്രമായിരുന്നു ഈവ. ഹിറ്റ്‌ലറിന്‌ 56ഉം ഈവയ്ക്ക് 33ഉം വയസ്‌സുളളപ്പോള്‍ അവരുടെ വിവാഹം നടന്നു. അവര്‍ ഒരുമിച്ച്‌ ആത്മഹത്യ ചെയ്യുന്നതു വരെ ഈവ ബ്രൗണിനെക്കുറിച്ച്‌ പൊതുജനത്തിന്‌ അറിയില്ലായിരുന്നു.

ചരിത്രത്തില്‍ ആഹ്‌ളാദത്തിന്‍െറയും നൊമ്പരങ്ങളുടെയും സ്‌മരണകള്‍ നിലനിര്‍ത്തുന്ന എത്രയെത്ര പ്രണയമുഹൂര്‍ത്തങ്ങള്‍. കാലം കഴിഞ്ഞുപോകുമ്പോള്‍ പ്രണയത്തിന്‍െറ തീവ്രതയ്‌ക്കു മാറ്റമുണ്ടെന്നു സമ്മതിക്കാതെ വയ്യ. മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും അടക്കി വാഴുന്ന ഇക്കാലത്ത്‌, ചാറ്റിംഗും എസ്‌ എം എസും ആശയവിനിമയം നടത്താന്‍ സഹായിക്കുമ്പോള്‍, സ്‌പര്‍ശം കൊണ്ട്‌ ലോകത്തെ തിരിച്ചറിഞ്ഞ ഹെലന്‍ കെല്ലറുടെ വാക്കുകള്‍ ശ്രദ്ധിക്കുക.

`ഈ ലോകത്തിലെ ഏറ്റവും മനോഹരമായ വസ്‌തുവിനെ നമുക്ക്‌ കാണാനോ തൊടാനോ സാധിക്കില്ല. അത്‌ ഹൃദയംകൊണ്ട്‌ അനുഭവിക്കുന്ന ഒന്നാണ്‌...`

ഭയപ്പെടേണ്ട, ഞങ്ങളുണ്ട്‌...

നിങ്ങള്‍ ഒരു സ്‌ത്രീയാണോ? രാത്രി വഴിയില്‍ ഒറ്റപ്പെട്ടു പോയോ? ആരുടെയെങ്കിലും ശല്യം നേരിടേണ്ടി വന്നോ? വീട്ടിലോ ഓഫീസിലോ ആരുടെയെങ്കിലും ഉപദ്രവം നേരിടേണ്ടി വന്നോ?

ഏതു പാതിരാത്രിയിലും നിങ്ങള്‍ക്ക്‌ ആശ്രയിക്കാന്‍ ഇനി ഇവരുണ്ട്‌. വനിതകളുടെ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച വനിതാ ഹെല്‍പ്പ്‌ലൈന്‍ 2009 മേയ് ഒന്നിനാണ്‌ നിലവില്‍ വന്നത്‌.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ വനിതകളുടെ ഏതാവശ്യത്തിനും എപ്പോള്‍ വേണമെങ്കിലും സഹായഹസ്‌തവുമായി എത്തും. കേരളത്തിലെ ഓരോ ജില്ലയിലും വനിതാ ഹെല്‍പ്പ്‌ലൈന്‍ ഉണ്ട്‌. തിരുവനന്തപുരം ജില്ലയില്‍ രണ്ടിടത്ത്‌ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. കന്റോണ്‍മെന്റ് പൊലീസ്‌ സ്‌റ്റേഷനിലും കഴക്കൂട്ടം കണ്‍ട്രോള്‍ റൂമിലുമാണ്‌ വനിതാ ഹെല്‍പ്പ്‌ ലൈന്‍ പ്രവര്‍ത്തിക്കുന്നത്‌.

ക്രൈം ഡിറ്റാച്ച്‌മെന്‍റ്‌ അസിസ്‌റ്റന്‍റ്‌ കമ്മിഷണറാണ്‌ ഹെല്‍പ്പ്‌ലൈനിന്‍െറ തലപ്പത്ത്‌.

പതിനായിരത്തില്‍ പരം കേസുകളില്‍ സഹായിക്കാന്‍ വനിതാ ഹെല്‍പ്പ്‌ലൈനിന്‌ ഇതു വരെ സാധിച്ചിട്ടുണ്ട്‌. തങ്ങള്‍ക്ക്‌ ഓടിയെത്താനാകുന്ന പരിധിയിലാണെങ്കില്‍ അവര്‍ അപ്പോള്‍ തന്നെ എത്താറുണ്ട്‌. അല്ലെങ്കില്‍ അടുത്തുളള പൊലീസ്‌ സ്‌റ്റേഷനില്‍ വിളിച്ച്‌ സഹായമെത്തിക്കാന്‍ ഏര്‍പ്പാടാക്കും.

കാലം മാറ്റിവരച്ച സ്ത്രീചിത്രങ്ങള്‍

` ഓല മേഞ്ഞ കള്ളുഷാപ്പിലേക്ക്‌ കടന്നു ചെന്ന്‌ എനിക്ക്‌ ഒരു കുപ്പി അന്തിക്കള്ള്‌ കഴിക്കണം.
നാട്ടിന്‍പുറത്തെ കലുങ്കിലിരുന്ന്‌ എനിക്ക്‌ ഒരു ബീഡി ആഞ്ഞു വലിക്കണം.`
ഒരു കാലത്ത്‌ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ഒരു ഫെമിനിസ്‌റ്റ്‌ പറഞ്ഞ വരികളാണിവ. അന്ന്‌ ഈ വാക്കുകള്‍ കേട്ട്‌ കേരളം സ്‌തംഭിച്ചു.
എന്നാലിപ്പോള്‍ കാലം മാറി. പബ്ബുകളിലും ബാറുകളിലെ ഇരുണ്ട വെളിച്ചത്തിലും സ്‌ത്രീത്വം ആഘോഷിക്കപ്പെടുകയാണ്‌. വിരുന്നു സല്‍ക്കാരങ്ങളില്‍ മദ്യം ഇന്ന്‌ ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്‌. ബിയറിന്‍െറ ശീതളിമയില്‍ നിന്ന്‌ ഹോട്ടിന്‍െറ ലഹരിയിലേക്ക്‌ സ്‌ത്രീത്വം പതുക്കെ കയറി. 50 % സ്‌ത്രീകളും ഇപ്പോള്‍ മദ്യത്തിന്‌ അടിമപ്പെട്ടവരാണെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു.

പത്ത്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കംപള്‍സീവ്‌ കണ്‍ഫസര്‍ പോലൊരു ബ്ലോ‌ഗിനെക്കുറിച്ച്‌ നമുക്ക്‌ ചിന്തിക്കാന്‍ കഴിയുമോ? പ്രണയത്തിന്‍െറയും രതിയുടെയും ആര്‍ദ്രഭാവങ്ങള്‍ വരച്ചു കാട്ടിയ മാധവിക്കുട്ടിയെ കുറ്റവാളിയായി കണ്ട നാട്‌ കാലം മാറിയപ്പോള്‍ ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞുനിന്ന കംപള്‍സീവ്‌ കണ്‍ഫസര്‍ എന്ന മീനാക്ഷി റെഡ്‌ധി മാധവന്‍െറ ബ്ലോഗിനെ ആരാധനയോടെയാണ്‌ സമൂഹം കണ്ടത്‌. ധീരമായ പെണ്ണെഴുത്തെന്നും തുറന്നെഴുത്തെന്നും പറഞ്ഞ്‌ വിമര്‍ശകര്‍ പോലും അവരെ അംഗീകരിച്ചു.

കുപ്പിവളകളും കുടമുല്ലപ്പൂവിന്‍െറ സുഗന്ധവും സ്‌ത്രീസങ്കല്‍പ്പങ്ങളില്‍നിന്ന്‌ മാഞ്ഞുതുടങ്ങിയിരിക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസം കരസ്ഥമാക്കി പല പെണ്‍കുട്ടികളും ഐടി മേഖലയില്‍ ജോലി തേടുന്നു. ഹൈടെക്‌ ജീവിതത്തിന്‍െറ ഭാഗമായി ആണ്‍സുഹൃത്തുക്കളുമായി ചാറ്റിലൂടെ സല്ലപിക്കുമ്പോള്‍ ആര്‍ യു എ വിര്‍ജിന്‍ എന്ന ചോദ്യത്തിന്‌ അല്ലെങ്കില്‍.... എന്ന്‌ തിരിച്ചു ചോദിക്കാന്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ ധൈര്യപ്പെടുന്നു.

ആണ്‍പെണ്‍ സൗഹൃങ്ങളുടെയും പ്രണയത്തിന്‍െറയും അതിര്‍വരമ്പുകള്‍ക്ക്‌ ഇപ്പോള്‍ ഒരുപാട്‌ മാറ്റം സംഭവിച്ചിരിക്കുന്നു. അവയൊക്കെ ഇപ്പോള്‍ വെറും ശാരീരികാവശ്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.

ജീവിതം ആഘോഷിക്കുമ്പോള്‍ മൊബൈലുകളിലും ഇന്‍റര്‍നെറ്റിലും ഒരു അശ്‌ളീല ചിത്രമായി ഒടുവില്‍ ഒരു തുണ്ട്‌ കയറിലോ ഒരിറ്റു വിഷത്തിലോ ജീവിതം അവസാനിപ്പിച്ച്‌ സ്‌ത്രീത്വം ഒരു ചോദ്യച്ചിഹ്‌നമാകാതിരിക്കട്ടെ....

തന്വിയാണവള്‍, കല്ലല്ലിരുമ്പല്ല...

അവളറിയാതവള്‍ യജ്ഞത്തിലെ പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി
ഈ തെരുവിലവളെ കല്ലെറിഞ്ഞു കിരാതരാം പകല്‍മാന്യ മാര്‍ജ്ജാരവര്‍ഗ്‌ഗം`

വീണ്ടുമൊരു മാര്‍ച്ച്‌ എട്ട്‌ കൂടി. ലോകത്തിലെ എല്ലാ വനിതകള്‍ക്കും വേണ്ടി സ്വന്തമായി ഒരു ദിനം വന്നിട്ട്‌ ഇന്ന്‌ 100 വര്‍ഷം തികയുന്നു. ഓരോ വര്‍ഷവും നമ്മള്‍ ഈ ദിവസം ആഘോഷിക്കും. സ്‌ത്രീശാക്‌തീകരണത്തെക്കുറിച്ചും ഉന്നമന
ത്തെക്കുറിച്ചും ഒരുപാട്‌ പ്രസംഗിക്കും, ഒടുവില്‍ അതെല്ലാം മറക്കും.

ജീവിതത്തിലൊരിക്കലെങ്കിലും ആണാകാന്‍ മോഹിക്കാത്ത പെണ്ണുണ്ടാകുമോ? ആര്‍ത്തവ നാളുകളില്‍ വേദന അനുഭവിക്കുമ്പോള്‍, സ്വാതന്ത്ര്യത്തിന്‌ വീട്ടുകാര്‍ കടിഞ്ഞാണിടുമ്പോള്‍, ഏതു പെണ്ണും ആഗ്രഹിച്ചു പോകും ആണായിരുന്നെങ്കില്ലെന്ന്‌...

എങ്കിലും സ്‌ത്രീത്വം ആസ്വദിക്കപ്പെടുന്ന ചില മുഹൂര്‍ത്തങ്ങളുണ്ട്‌. നിറമുളള കുപ്പിവളകളണിയുമ്പോള്‍, വ്യത്യസ്‌തമായ കുപ്പായങ്ങളിടുമ്പോള്‍, മാതൃത്വത്തിന്‍െറ മഹത്വമനുഭവിക്കുമ്പോള്‍ അറിയുന്നു സ്‌ത്രീത്വം ധന്യമാണ്‌. സ്‌ത്രീകളെ പൂജിക്കാന്‍ പഠിപ്പിച്ച സംസ്‌കാരമാണ്‌ നമ്മുടേത്‌. പിതാവും ഭര്‍ത്താവും പുത്രനും സ്‌ത്രീയെ സംരക്ഷിക്കണമെന്ന്‌ ഋഷിവര്യന്മാര്‍ നമ്മെ ഓര്‍മ്മപ്പെടുത്തി.

കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ,പുരാണങ്ങളിലും ഇതിഹാസങ്ങളിലും ചരിത്രത്തിലും നിറഞ്ഞുനില്‍ക്കുന്ന എത്ര സ്‌ത്രീരത്‌നങ്ങള്‍. ആത്മാഭിമാനത്തിന്‍െറയും സ്‌നേഹത്തിന്‍റയും ധീരതയുടെയും പ്രതീകങ്ങളായ എത്ര സ്‌ത്രീജനങ്ങള്‍ .

ജനകന്‌ ഉഴവുച്ചാലില്‍നിന്ന്‌ കിട്ടിയ സീത, രാമന്‍െറ മാനസസ്വപ്‌നമായ സീത, ഒടുവില്‍ ആത്മാഭിമാനത്തിന്‍െറ പേരില്‍ ഭൂമി പിളര്‍ന്ന്‌ അന്തര്‍ദ്ധാനം ചെയ്‌ത സീത, ഭാരതസ്‌ത്രീകളില്‍ ആദ്യം ഓര്‍ക്കേണ്ടത്‌ ആ പേരു തന്നെയാണ്‌.

അഭിമാനം വ്രണപ്പെടുത്തിയതിന്‍െറ പേരില്‍ ദുശ്‌ശാസനന്‍െറ രക്തത്തിനായി കൊതിച്ച്‌ അഴിഞ്ഞ മുടിയുമായി കാത്തിരുന്ന ദ്രൗപദി സ്‌ത്രീത്വത്തിന്‍െറ പ്രതികാരരൂപമാണ്‌.
അന്ധനായ ഭര്‍ത്താവിന്‍െറ സഹയാത്രികയാകാന്‍ ഇരുട്ടിനെ വരിച്ച ഗാന്ധാരി ത്യാഗത്തിന്‍െറ സ്‌ത്രീരൂപമാണ്‌. ശ്രീജിതനായ രാവണന്‍െറ ശ്രീയായ ഭാര്യ മണ്ഡോദരി ആത്മസമര്‍പ്പണത്തിന്‍െറ പ്രതീകമാണ്‌. ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലത്ത്‌ പട നയിച്ച ഝാന്‍സി റാണി ധീരതയുടെ സ്‌ത്രീരൂപമാണ്‌. വടക്കന്‍ പാട്ടുകളില്‍ ഇന്നും ഉണ്ണിയാര്‍ച്ചയുടെ പെണ്‍കരുത്ത്‌ നിറഞ്ഞുനില്‍ക്കുന്നുണ്ട്‌.

അകലെ നിന്ന്‌ ആ സ്‌ത്രീ നമ്മുക്കിടയിലേക്ക്‌ കടന്നു വന്നു, സ്‌നേഹത്തിന്‍െറയും കാരുണ്യത്തിന്‍െറയും വ്യത്യസ്‌തമുഖങ്ങള്‍ നമുക്കു മുന്നില്‍ കാട്ടി തന്നത്‌ ആ ദേവതയാണ്‌; മദര്‍ തെരേസ. ഇന്ദിരാ ഗാന്ധി എന്നത്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ട പേരാണ്‌. ഇന്ത്യന്‍ സ്‌ത്രീത്വത്തിന്‍െറ യശസ്സ് വാനോളം ഉയര്‍ത്തിയ കല്‍പ്പന ചൗള ഒടുവില്‍ ആകാശത്തു തന്നെ പൊലിഞ്ഞു.

ഇന്ത്യയുടെ ഭരണം ഇപ്പോള്‍ വളയിട്ട കൈകളിലാണെന്ന്‌ വേണമെങ്കില്‍ പറയാം. ആദ്യത്തെ വനിതാ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലും ആദ്യത്തെ വനിതാ ലോക്സഭാ സ്‌പീക്കര്‍ മീരാ കുമാറും യു പി എ അദ്ധ്യക്ഷ സോണിയ ഗാന്ധിയും പ്രതിപക്ഷനേതാവ്‌ സുഷമ സ്വരാജും ഇപ്പോള്‍ ഭരണത്തിന്റെ പല തലങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ്‌.

എന്നാല്‍ ഇന്ത്യന്‍ സ്‌ത്രീയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്‌. എവിടെ വേണമെങ്കിലും ചതിക്കപ്പെടാം. സ്‌ത്രീ ശരീരം മാത്രമാണെന്ന്‌ കരുതുന്ന സമൂഹത്തിലാണ്‌ നാം ജീവിക്കുന്നത്‌. സഹപാഠികളുടെയും സുഹൃത്തുക്കളുടെയും എന്തിനധികം ബന്ധുക്കളുടെ പോലും ചതിയില്‍ പെട്ട്‌ ജീവനൊടുക്കുന്നു അവള്‍. നമുക്കൊരു നല്ല കാലം പ്രതീക്ഷിക്കാം, സ്ത്രീത്വം പൂജിക്കപ്പെട്ടില്ലെങ്കിലും അപമാനിക്കപ്പെടാത്ത നല്ല കാലം.

എല്ലാവരുടെയും ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്ന എത്ര സ്‌ത്രീ സാന്നിധ്യങ്ങള്‍ . അമ്മൂമ്മയുടെ പഴങ്കഥകളും അമ്മയുടെ വാത്സല്യവും പെങ്ങളുടെ കുസൃതിയും കാമുകിയുടെ പരിഭവവും ഭാര്യയുടെ സ്‌നേഹവും മകളുടെ കുറുമ്പും സ്‌ത്രീത്വത്തിന്‍െറ വിഭിന്ന മുഖങ്ങളാണ്‌. സ്‌ത്രീത്വത്തിന്‍െറ ആ പ്രകാശം ഒരിക്കലും അണയാതിരിക്കട്ടെ...

മനസ്‌സിലെന്നും മഴയായ് കര്‍ണികാരവസന്തം

'കണി കാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി
കനക കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞു കാണേണം ഭഗവാനേ...'

മാസങ്ങളില്‍ സുന്ദരിയേതെന്നു ചോദിച്ചാല്‍ മേടമെന്നു നിസ്‌സംശയം പറയാം. വാകയും മുല്ലയും പൂവിടുന്ന മാസം, മാമ്പഴത്തിന്റെയും ചക്കയുടെയും കാലം. കുട്ടികള്‍ക്കിത് വേനലവധിയുടെ ആഘോഷകാലം. കടുത്ത ചൂടെന്ന് പരിതപിച്ചിരിക്കുമ്പോള്‍ ഇടയ്ക്കിടെ പ്രകൃതി മഴയായ് ആശ്വസിപ്പിക്കുമ്പോള്‍, മേടത്തിന് പുതുമഴയുടെ മണമാണ്. മേടപ്പിറവി മലയാളക്കരയ്ക്ക് ആചാരമാണ്, ആഘോഷമാണ്, ആവേശമാണ്. മലയാളക്കര ഒന്നാകെ മേടം ഒന്നിന് വിഷു ആഘോഷിക്കും. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഉത്സവം എന്നാണ് വിഷു അറിയപ്പെടുന്നത്.

മലയാളികള്‍ വിഷു ആഘോഷിക്കുന്ന ദിവസം ഇന്ത്യയിലെ പല ഭാഗത്തും പുതുവര്‍ഷമാണ്. പഞ്ചാബികള്‍ ബൈസാഖിയെന്നും അസംകാര്‍ ബിഹുവെന്നും ഈ ആഘോഷത്തെ വിളിക്കുമ്പോള്‍ കര്‍ണാടകയിലെ തുളുനാട്ടില്‍ അന്ന് ബിസുവാണ്, തമിഴ്‌നാട്ടില്‍ പുത്താണ്ടും.

ജ്യോതിശാസ്ത്രപരമായി മേടപ്പുലരിയാണ് മേഷ രാശിയിലേക്ക് സൂര്യന്‍ മാറുന്നത്. 'വിഷു’ എന്ന വാക്കിന് സംസ്‌കൃതത്തില്‍ തുല്യമെന്നാണര്‍ത്ഥം. വിഷുദിനത്തില്‍ രാത്രിയുടെയും പകലിന്റെയും ദൈര്‍ഘ്യം ഒരുപോലെ ആയിരിക്കും. വിഷുക്കണി ഒരുക്കിയാണ് നാം വിഷുപ്പുലരിയെ സ്വീകരിക്കുന്നത്. കൊന്നപ്പൂക്കള്‍ വിഷുക്കണിക്ക് അലങ്കാരമാവുന്നു.

ഗോള്‍ഡന്‍ ഷവര്‍ ട്രീ എന്ന് പരക്കെ അറിയപ്പെടുന്ന കണിക്കൊന്ന ഫെബേഷ്യ എന്ന കുടുംബത്തില്‍ ഉള്‍പ്പെടുന്നു. കാഷ്യ ഫിസ്റ്റുല എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കൊന്നപ്പൂവിന്റെ സ്വദേശം തെക്കേ ഏഷ്യയാണ്. പാകിസ്ഥാനിലും ഇന്ത്യയിലും മ്യാന്‍മറിലും ശ്രീലങ്കയിലും കാണപ്പെടുന്ന കൊന്ന തായ്‌ലന്‍ഡിന്റെ ദേശീയ വൃക്ഷമാണ്. കേരളത്തിന്റെ ഔദ്യോഗിക പുഷ്പവും കണിക്കൊന്നയാണെത് നമുക്ക് അഭിമാനമാവുന്നു.

സാധാരണയായി കൊന്നയെ ഒരലങ്കാര വൃക്ഷമായിട്ടാണ് കണക്കാക്കുന്നതെങ്കിലും ആയുര്‍വേദത്തില്‍ ഇത് അരഗവദ (രോഗനാശിനി) യാണ്. പനി, വാതം, രക്ത പിത്ത ദോഷങ്ങള്‍, ഹൃദ്‌രോഗം, ആമാശയപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കൊന്നയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കാം.

കൊന്നപ്പൂവിന്റെ ഉത്പത്തിയെ സംബന്ധിച്ച് കേരളത്തില്‍ ഒരു ഐതിഹ്യമുണ്ട്. ഉത്തരകേരളത്തില്‍ ഒരു കൃഷ്ണന്റെ അമ്പലത്തിനരികില്‍ ഒരു ദരിദ്ര കുടുംബം വസിച്ചിരുന്നു. അവിടുത്തെ ബാലന്‍ ഭഗവാന്‍ കൃഷ്ണനുമായി സൗഹൃത്തിലാകുന്നു. എന്നും ആ ബാലനോടൊപ്പം കളിക്കാന്‍ ഉണ്ണിക്കൃഷ്ണന്‍ എത്തുമായിരുന്നു. ഒരു ദിവസം കൃഷ്ണന്‍ തന്റെ അരയില്‍ കിടന്ന അരഞ്ഞാണമൂരി ബാലന് നല്‍കി. പിറ്റേന്ന് അമ്പലനട തുറന്ന മേല്‍ശാന്തിക്ക് കൃഷ്ണവിഗ്രഹത്തിലെ അരഞ്ഞാണം നഷ്ടപ്പെട്ടെന്ന് മനസ്‌സിലായി. അത് അന്വേഷിച്ച് ചെന്ന അദ്ദേഹം കണ്ടത് അരഞ്ഞാണം കൈയില്‍ പിടിച്ചിരിക്കുന്ന ബാലനെയാണ്. അദ്ദേഹം ക്ഷ്രേതാധികാരികളെ വിളിച്ചു വരുത്തി. അവര്‍ ബാലനെ കളളനെന്നാരോപിച്ച് ശകാരിച്ചു. ആ കുട്ടിയുടെ വാക്കുകള്‍ ആരും വിശ്വസിച്ചില്ല. ബഹളം കേട്ട് എത്തിയ ബാലന്റെ അമ്മയ്ക്ക് തന്റെ മകന്‍ കളളനായത് സഹിക്കാന്‍ കഴിഞ്ഞില്ല. ആ സ്ത്രീ തന്റെ മകനെ കണക്കറ്റ് ഉപദ്രവിച്ചു. ആ കുട്ടിയുടെ കൈയിലിരുന്ന അരഞ്ഞാണം വാങ്ങി അമ്മ ദൂരേക്ക് എറിഞ്ഞു. അത് ഒരു മരച്ചില്ലയില്‍ ചെന്നു വീണു, ഉടന്‍ ആ മരം മുഴുവന്‍ പൂത്തുലഞ്ഞു. ആ പൂക്കളാണെെ്രത കൊന്നപ്പൂക്കള്‍.

കണി എന്ന വാക്കിന് ആദ്യം കാണുന്നത് എന്നാണ് അര്‍ത്ഥം, അപ്പോള്‍ വിഷുക്കണി എന്നാല്‍ വിഷുവിന് ആദ്യം കാണുന്നത് എന്നാണര്‍ത്ഥം.
വിഷു ആഘോഷിക്കുന്നത് പ്രധാനമായും വിഷുക്കണി ഒരുക്കിയും വിഷുക്കൈനീട്ടം നല്കിയും വാങ്ങിയുമാണ്. വിഷുവിന് മഞ്ഞനിറമാണ്, വരുന്ന ഒരു വര്‍ഷം മുഴുവന്‍ ധന്യമാകാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് നാം കൊന്നപ്പൂവും പീതാംബരനെയും കണി കണ്ടുണരുന്നു.

ഓട്ടുരുളിയില്‍ അരി, കോടിമുണ്ട്, വെറ്റില, പഴുത്തടയ്ക്ക, കണ്ണാടി, സ്വര്‍ണ്ണം, വെളളി, നാണയം, കണിവെളളരിക്ക ഉള്‍പ്പെടുന്ന പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍, പുസ്തകം എന്നിവ ഒരുക്കും. ഒപ്പം കൃഷ്ണവിഗ്രഹവും കത്തിച്ച നിലവിളക്കുമുണ്ടാകും.
വിഷുത്തലേന്ന് കുടുംബത്തിലെ സ്ത്രീകള്‍ പൂജാമുറിയില്‍ കണി ഒരുക്കും. പിറ്റേന്ന് രാവിലെ കുടുംബാംഗങ്ങള്‍ മുഴുവന്‍ കണികണ്ട ശേഷം മൃഗങ്ങളെയും വൃക്ഷങ്ങളെയും കണി കാണിക്കും.

തെക്കന്‍ കേരളത്തില്‍ വിഷു ഒരു ആചാരവും വടക്കന്‍ കേരളത്തില്‍ ഒരു ആഘോഷവുമാണ്. പെരുമ്പാവൂര്‍ മുതലാണ് വിഷുവിന്റെ ആചാരങ്ങള്‍ക്ക് മാറ്റം വരുന്നത്. അവിടെ കൈനീട്ടമായി അരിയും നെല്ലും പൂവും നാണയവും സ്വര്‍ണ്ണവും വെളളിയും നല്കാറുണ്ട്. തെക്കന്‍ കേരളത്തില്‍ പൊതിച്ച നാളികേരം വയ്ക്കുമ്പോള്‍ മലബാറില്‍ നാളികേരം ഉടച്ചാണ് വയ്ക്കാറ്.

ചിലയിടങ്ങളിലൊക്കെ നാളികേരത്തില്‍ തിരിയിട്ട് കത്തിച്ച് വയ്ക്കാറുണ്ട്. കൊല്ലത്ത് അഷ്ടകം എന്ന പേരില്‍ അരിയും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി കണിക്ക് വയ്ക്കാറുണ്ട്. മഞ്ഞനിറമുളള വെളളരിക്കയാണ് സാധാരണയായി വിഷുക്കണിക്ക് ഉപയോഗിക്കുക, എന്നാല്‍ തെക്കന്‍ കേരളത്തില്‍ അത് അപൂര്‍വ്വമായി മാത്രമേ കിട്ടാറുളളൂ. അതു കൊണ്ട് അവിടെയൊക്കെ സാധാരണ വെളളരിയാണ് കണി വയ്ക്കുന്നത്.

പാലക്കാട്ട് നാളികേരം നുറുക്കി കണിക്കൊപ്പം വയ്ക്കും. ഒരു വെറ്റിലയില്‍ കണിവച്ച ഫലവര്‍ഗങ്ങളുടെ പങ്കും നാണയവും നാളികേരപ്പൂളും കൈനീട്ടമായി നല്കും. കണ്ണൂരില്‍ ഉപ്പ്, കുരുമുളക്, മഞ്ഞള്‍, ചെറുപയര്‍, കടുക് എന്നിവ വിഷുകണിക്ക് ഉപയോഗിക്കും. ഉത്തരകേരളത്തില്‍ വിഷുക്കണിക്ക് ഒരു പ്രത്യേക കാഴ്ചദ്രവ്യം ഒരുക്കാറുണ്ട്. വിഷുക്കലം എന്നറിയപ്പെടുന്ന മണ്‍കലം അരിമാവ് കൊണ്ട് അലങ്കരിച്ച് അതില്‍ ഉണ്ണിയപ്പം (കാരയപ്പം) നിറച്ച് കണി വയ്ക്കും.

തെക്കന്‍ കേരളത്തില്‍ വിഷുവിന് സദ്യ ഉണ്ടാക്കുമ്പോള്‍, മദ്ധ്യകേരളത്തില്‍ സദ്യ പതിവില്ല, ഉത്തരകേരളത്തില്‍ വിഷുവിന് മാംസാഹാരം നിര്‍ബന്ധമാണ്. വടക്കന്‍ കേരളത്തില്‍ പടക്കം ഒഴിവാക്കാനാവില്ല.
വിഷുവിന് കയ്പ്പും മധുരവും പുളിയും ഉളള വിഭവങ്ങള്‍ ഉണ്ടാക്കും. ചിലയിടങ്ങളില്‍ അരിയും നാളികേരവും പാലും പഴവും ചേര്‍ത്ത് വിഷുക്കഞ്ഞി ഉണ്ടാക്കാറുണ്ട്. വിവിധ പച്ചക്കറികള്‍ ചേര്‍ത്ത് തോരന്‍ ഉണ്ടാക്കും. ചിലയിടങ്ങളില്‍ വേപ്പില കൊണ്ട് വേപ്പംപൂരശവും മാമ്പഴപ്പച്ചടിയും ഉണ്ടാകും.
വീണ്ടുമൊരു വിഷുക്കാലം കൂടി; നന്മയുടെ, സമൃദ്ധിയുടെ, വിഷുക്കാലം. വരുന്ന ഒരു വര്‍ഷം ഐശ്വര്യപൂര്‍ണ്ണമാകാന്‍ സമ്പത്‌സമൃദ്ധിയാല്‍ മനസ്‌സും ജീവിതവും നിറയാന്‍ മേടപ്പുലരിയില്‍ വിഷുക്കണി കണ്ടുണരുമ്പോള്‍, പ്രകൃതിപോലും അനുഗ്രഹവര്‍ഷം ചൊരിയുമ്പോള്‍ നമുക്ക് ആഗ്രഹിക്കാം നാമൊക്കെ എത്ര മാറിയാലും നമ്മുടെ ഓര്‍മകളില്‍ കണിക്കൊന്ന എന്നും പൂ ചൊരിയട്ടെയെന്ന്...

ചിരിയുടെ പിഷാരടി

ചിരി മനുഷ്യന് മാത്രം ലഭിച്ച അനുഗ്രഹമാണ്. ഒരിക്കലെങ്കിലും മനസ്‌സറിഞ്ഞ് ചിരിക്കാത്തവര്‍, ചിരിക്കാനാഗ്രഹിക്കാത്തവര്‍ ഇല്ല. അതു കൊണ്ടു തന്നെയാണ് നമ്മെ ചിരിപ്പിച്ചവരെയൊക്കെ നാം സ്‌നേഹിച്ചത്. നമ്മെ ഏറെ സ്വാധീനിച്ചത് കോമിക് ദ്വയങ്ങളാണെന്ന് എടുത്തു പറയേണ്ടി ഇരിക്കുന്നു. ടോമും ജെറിയും ബോബനും മോളിയും കുട്ടൂസനും ഡാകിനിയും അങ്ങനെ പ്രശസ്തരും അപ്രശസ്തരുമായ എത്ര പേര്‍.
ആ ശ്രേണിയിലെ ഒരു കണ്ണിയായി ഏഷ്യാനെറ്റ് പ്‌ളസില്‍ ബ്‌ളഫ് മാസ്റ്റര്‍ അവതരിപ്പിച്ചു കൊണ്ട് രമേഷ് പിഷാരടിയും സുഹൃത്തും കടന്നു വന്നു. ആ കോമിക് ദ്വയങ്ങള്‍ നമ്മുടെ ആഴ്ചാവസാനങ്ങളെ നര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കി. രമേഷ് പിഷാരടി വൈഗ ന്യൂസിനോട് മനസ്‌സു തുറക്കുന്നു.

ചിരിയുടെ വഴി

കുട്ടിക്കാലം മുതല്‍ ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടമാണ്. മൂന്നാം ക്‌ളാസ് മുതലേ മിമിക്രി, മോണോ ആക്ട് മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. അന്നു മുതല്‍ ഡിഗ്രി അവസാനവര്‍ഷം വരെ ആ രണ്ട് ഇനങ്ങളില്‍ എന്റെ ഒന്നാം സ്ഥാനം മറ്റാരും അപഹരിച്ചിട്ടില്ല.

കുടുംബം

അമ്മ പാലക്കാട്ടുകാരിയും അച്ഛന്‍ കണ്ണൂര്‍കാരനുമായിരുന്നു. അച്ഛന് വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിലായിരുന്നു ജോലി. അതുകൊണ്ട് താമസം വെള്ളൂര്‍ കമ്പനി ക്വാര്‍ട്ടേഴ്‌സിലായിരുന്നു. അഞ്ച് മക്കളില്‍ ഇളയവനായിരുന്നു ഞാന്‍.

ബാല്യം

അച്ഛന്‍ കടുത്ത കര്‍ക്കശക്കാരനായിരുന്നു. എന്നാലും എന്നിലെ കലാകാരനെ ഒരിക്കലും നിരുത്സാഹപ്പെടുത്തിയിരുന്നില്ല.

പ്രണയം

പ്രണയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും പറ്റിയില്ല എന്നതാണ് വാസ്തവം. പ്രണയത്തിന് അത്യാവശ്യം വേണ്ടത് ആശയവിനിമയോപാധിയാണല്ലോ അന്ന് വീട്ടില്‍ ഒരു ലാന്‍ഡ് ഫോണ്‍ പോലുമില്ല. അതുകൊണ്ട് പ്രണയിക്കാന്‍ സൗകര്യം കിട്ടിയിരുന്നില്ല. എനിക്ക് മുകളില്‍ നാല് സഹോദരങ്ങളുണ്ട്. ഞങ്ങള്‍ അഞ്ചു പേരും കൂടി ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ട് ഒരു കത്ത് കിട്ടിയാല്‍ പോലും ഒളിപ്പിക്കാന്‍ പാടായിരുന്നു. ചുരുക്കത്തില്‍, പ്രണയിക്കാന്‍ കഴിഞ്ഞില്ല എന്നു പറയുന്നതാവും ശരി.

ഭാവിവധു

ഞാന്‍ ചെയ്യുന്നത് ഒരു ക്രിയേറ്റീവ് വര്‍ക്കാണെന്ന് മനസ്‌സിലാക്കാന്‍ കഴിവുള്ള ആളായിരിക്കണം ഭാര്യ എന്നെനിക്ക് ആഗ്രഹമുണ്ട്. പലപ്പോഴും എനിക്കെന്റെ ജോലിക്ക് മുന്‍ഗണന കൊടുക്കേണ്ടിവരും അതറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ആളായിരിക്കണം.

മിനി സ്‌ക്രീനില്‍

മിമിക്രി പ്രോഗ്രാം കണ്ട് സലിംകുമാര്‍ ഏഷ്യാനെറ്റില്‍ സലാം സലീം എന്ന പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിക്കുകയായിരുന്നു. പിന്നീട് സിനിമാലയില്‍ ഭാഗമാകാന്‍ അവസരം ലഭിച്ചു.

ബ്‌ളഫ് മാസ്റ്റര്‍

ഒരു കോമഡി ഫോണ്‍ ഇന്‍ പ്രോഗ്രാം തുടങ്ങണമെന്ന ആശയം ഏഷ്യാനെറ്റിലെ അനില്‍ ഗണേശിന്റേതായിരുന്നു. ഏഷ്യാനെറ്റ് പ്‌ളസില്‍ ബ്‌ളഫ് മാസ്റ്റര്‍ എന്ന പേരില്‍ വീക്കെന്‍ഡുകളില്‍ പരിപാടി ആരംഭിച്ചു. 90 എപ്പിസോഡുകള്‍ ലൈവായി ചെയ്തു, പിന്നീടത് റെക്കോഡിംഗ് ആക്കി.

ധര്‍മ്മജനുമായുളള കെമിസ്ട്രി

ധര്‍മ്മജനും ഞാനും ലഡുവും ചമ്മന്തിയും പോലെയാണ്, ഒരു ചേര്‍ച്ചയുമില്ല. ആ ചേര്‍ച്ചയില്ലായ്മയാണ് ഞങ്ങള്‍ക്കിടയില്‍ കോമഡി ഉണ്ടാക്കുന്നത്.

ബ്‌ളഫ് മാസ്റ്ററിന്റെ സ്ക്രിപ്റ്റ്

ഞാനും ധര്‍മ്മജനും കൂടിയാണ് വിഷയം തീരുമാനിക്കുന്നത്. ഞങ്ങള്‍ തന്നെ വേഷവിധാനങ്ങള്‍ തിരഞ്ഞെടുക്കും. ഫോണ്‍കോളുകള്‍ വരുന്നതിനനുസരിച്ച് മനോധര്‍മ്മം പോലെ സംസാരിക്കും.

പെണ്‍വേഷങ്ങള്‍

ഞാന്‍ ഒന്നരവര്‍ഷമായി പെണ്‍വേഷങ്ങള്‍ ചെയ്യാറില്ല. പക്ഷേ, പെണ്‍വേഷം എനിക്ക് ഇണങ്ങുമെന്ന് എല്ലാവരും പറയുന്നു. പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും അതിനു വേണ്ടി എടുത്തിട്ടുമില്ല.

സ്വയം ചിരിച്ചത്

പരിപാടിക്കിടയില്‍ ധര്‍മ്മജന്‍ ധാരാളം മണ്ടത്തരങ്ങള്‍ പറയുകയും അബദ്ധങ്ങള്‍ കാട്ടുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അറിയാതെ ചിരിച്ചുപോയിട്ടുണ്ട്.

ഓര്‍മ്മയില്‍ നില്‍ക്കുന്ന എപ്പിസോഡ്

അങ്ങനെ പ്രത്യേകിച്ച് എടുത്തു പറയാന്‍ പറ്റില്ല. എല്ലാ എപ്പിസോഡുകളും വിലപ്പെട്ട ഓര്‍മ്മകളാണ്.

ബ്‌ളഫ് മാസ്റ്റര്‍ നല്‍കിയ അനുഭവം

ഒരു ജന്മത്തില്‍ ഒരു വ്യക്തി ചെയ്യേണ്ട പലകാര്യങ്ങളും ബ്‌ളഫ് മാസ്റ്ററിലൂടെ ഞാനും ധര്‍മ്മജനും കൂടി ചെയ്തു തീര്‍ത്തിട്ടുണ്ട്. ഒരു മനുഷ്യായുസ്‌സുമായി ബന്ധപ്പെട്ട പല വേഷങ്ങളും ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ധര്‍മ്മജന്‍ എന്റെ മകനും മകളും സഹോദരിയും സഹോദരനും കാമുകിയും കാമുകനും ഭര്‍ത്താവും ഭാര്യയും അച്ഛനും അമ്മയും സുഹൃത്തും ഒക്കെയായിട്ടുണ്ട്.

ബിഗ് സ്‌ക്രീനിലേക്കുളള മാറ്റം

പോസിറ്റീവില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചപ്പോഴെ ബ്‌ളഫ് മാസ്റ്ററിന്റെ യാതൊരു സ്വാധീനവും അഭിനയത്തില്‍ വരരുതെന്ന് തീരുമാനിച്ചിരുന്നു. കപ്പല്‍മുതലാളിയില്‍ സീരിയസ് കഥാപാത്രമായിരുന്നു.

ആരാധകര്‍

ഉണ്ടെന്നു വേണം കരുതാന്‍. ഓര്‍ക്കുട്ടില്‍ ഒരുപാട് ഫ്രണ്ട്‌സ് റിക്വസ്റ്റുകള്‍ വന്നു കിടപ്പുണ്ട്. റിക്വസ്റ്റ് അക്‌സപ്റ്റ് ചെയ്യാത്തവര്‍ പിണങ്ങല്ലേ, ഇനിയും സ്‌ക്രാപ്പ് അയക്കൂ എന്ന് പ്രൊഫൈലില്‍ എഴുതിയിട്ടുണ്ട്. എന്റെ പേരിലുളള കമ്മ്യൂണിറ്റിയൊക്കെ കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.

ഭാവിസ്വപ്നങ്ങള്‍

എനിക്കു പൊതുവെ സ്വപ്നങ്ങള്‍ കുറവാണ്. ഭാവിയെക്കുറിച്ചുളള ആശങ്കകളാണ് അധികവും.

മിനിസ്‌ക്രീനിലൂടെ നമ്മുടെയൊക്കെ മനസ്‌സ് കീഴടക്കിയ ഈ വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരനെ നമുക്കു പരിചയം പാചകക്കാരനായും മീന്‍പിടിത്തക്കാരനായും തയ്യല്‍ക്കാരിയായും മുറിവൈദ്യനായും ഒക്കെയാണ്.

ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ രമേഷ് പിഷാരടിക്ക് കഴിയട്ടെ.

നക്ഷത്രം സമ്മാനിച്ച വാക്കുകള്‍....

'അച്ഛനുമമ്മയും വാക്കെന്നു കേട്ടു ഞാന്‍

അക്ഷരപ്പിച്ച നടന്നു...’

താളത്തിന്റെ സുഖംകൊണ്ടും ഈണത്തിന്റെ മധുരംകൊണ്ടും മലയാളിമനസ്‌സുകളെ ആ കവി സ്വാധീനിച്ചു. അനാഥനായ ഭ്രാന്തനും ജ്യേഷ്ഠന്റെ നിഴലായ ലക്ഷ്മണനും അങ്ങനെ നമ്മുടെ മനസ്‌സില്‍ ചിരപ്രതിഷ്ഠ നേടി.

ഗംഗയെയോര്‍ത്തു കേണും പ്രളയത്തിലാണ്ടു പോയ ദ്വാരകയെ ചൊല്ലി സഹതപിച്ചും ആ കവി നമ്മെ കാലഘട്ടങ്ങള്‍ പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹം മലയാളക്കരയ്ക്കു കവിതകള്‍ ചൊല്ലിത്തന്നു, മലയാളികള്‍ അതേറ്റു ചൊല്ലി.

ചങ്ങമ്പുഴയ്ക്കു ശേഷം ജനകീയനായ കവിയാര് എന്ന ചോദ്യത്തിനുത്തരമായി ആ പേര് പറയാം; പ്രൊഫസര്‍ വി മധുസൂദനന്‍ നായര്‍.

പണ്ഡിത-പാമര വ്യത്യാസമില്ലാതെ നാറാണത്തു ഭ്രാന്തന്‍ മനസ്‌സുകളെ കീഴടക്കി. പ്രൊഫസര്‍ വി മധുസൂദനന്‍ നായരോടൊത്ത് അല്പസമയം...

കവിതയുടെ ലോകത്തേക്ക്

ആകാശവും ഭൂമിയും കണ്ടുതുടങ്ങിയ കാലത്ത് ഉളളില്‍ എന്തോ ചലനമുണ്ടായപ്പോള്‍, അത് അങ്ങോട്ടു വിളിച്ചു അങ്ങോട്ടു പോയി.

ആദ്യ എഴുത്ത്

എഴുത്ത് എന്നത് വൈകിയല്ലേ വരൂ. എഴുത്തിനു മുമ്പ് കാണലും അനുഭവിക്കലും ചൊല്ലലും അല്ലെങ്കില്‍ ഉരിയാടലും ഉണ്ടാകും. എഴുത്ത് ഒരു വൈകിയ പ്രക്രിയയാണ്. ഏഴാം ക്‌ളാസില്‍ പഠിക്കുന്ന കാലം തൊട്ടൊക്കെ ഞാന്‍ എഴുതിയിരുന്നു.

അച്ചടിമഷി പുരണ്ട കവിത

പ്രസിദ്ധീകരണം വളരെ വൈകിയാണ് നടന്നത്. ഏതാണ്ട് ബിരുദാനന്തര ബിരുദം കഴിഞ്ഞു നില്‍ക്കുമ്പോഴാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചത്. കുങ്കുമം വാരികയില്‍ 'നിദ്രേ ഭദ്രേ’ എന്ന പേരില്‍ ആ കവിത പുറത്തുവന്നു.

'കണ്‍പോളകളില്‍ കണ്ടു ചെടിച്ചു തളര്‍ന്ന് വിതുമ്പും കണ്‍പോളകളില്‍

മൃദുപാദങ്ങള്‍ പതിച്ചു കടന്നു വരുന്ന മനോഹരിയാമീ നിദ്ര

സുന്ദരി മോഹിനി നിന്റെ കരങ്ങളില്‍ എന്‍ തളിരംഗമെടുക്കുക’ എന്നിങ്ങനെ പോകുന്ന രചനയാണത്.

കവിത വിടര്‍ന്ന കാമ്പസ് കാലം

മഹാത്മാഗാന്ധി കോളേജില്‍ ഞാന്‍ ചേരുന്നത് 1967ലാണ്. 67ല്‍ തന്നെ എനിക്കവിടെ ചില കവിതകള്‍ ചൊല്ലാനും ചിലതൊക്കെ എഴുതാനുമുളള അവസരമുണ്ടായി. എന്നാല്‍ കവിതയുടെ ശബ്ദാവിഷ്‌കാരത്തിലേക്ക് എന്നെ നയിച്ചത് ശരിക്കും എ ആര്‍ ഗോപാലപിള്ള സാറാണെന്നു വേണം പറയാന്‍, അല്ലെങ്കില്‍ ഒരു ആവേശം തന്നത്. ഗോപാലപിള്ള സാര്‍ എന്നെ കവിതയും വ്യാകരണവും പഠിപ്പിച്ച ഗുരുവാണ്. ഇടയ്‌ക്കൊന്നു പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ക്‌ളാസില്‍ ഇരുന്നതു കൊണ്ടാണ് ഞാന്‍ ഗ്രാമര്‍ പഠിച്ചത്.

കേരള പാണിനീയം പുസ്തകം നോക്കാതെ പറയാന്‍ എനിക്കു സാധിക്കും. അത് സാറിന്റെ ഒരു വലിയ അനുഗ്രഹമാണെന്നു വേണം പറയാന്‍. അദ്ദേഹമാണെന്നെ ആദ്യമായി ആകാശവാണിയില്‍ ഒരു വളളത്തോള്‍ സുധ എന്ന പരിപാടിക്ക് അയച്ചത്. എങ്ങനെ ചൊല്ലണം, ഏതു കവിത വേണം എന്നൊന്നും അറിയില്ല. ഞാന്‍ തന്നെ സാഹിത്യമഞ്ജരിയെടുത്ത് അതിലൊരു കവിത തിരഞ്ഞെടുത്തു.

ആകാശവാണിയില്‍ പോയി. എനിക്ക് ഉളളിലിരുന്ന് ഏതോ ദൈവം പറഞ്ഞു തന്ന മട്ടില്‍ ചൊല്ലി. അത് നന്നായെന്ന് എല്ലാരും പറഞ്ഞു. അത് ആത്മവിശ്വാസം തന്നു. അതിനു മുമ്പും പാട്ടും കവിതയുമൊക്കെ ഉണ്ടായിരുന്നെങ്കിലും എന്റെ ഉപനയനം ഇങ്ങനെയായിരുന്നു എന്നു തോന്നുന്നു.

സ്വന്തം കവിതകള്‍ പാടാനുളള പ്രചോദനം

പാടാനുളള തോന്നല്‍ നേരത്തെ ഉണ്ടായിരുന്നു. ഏഴാം ക്‌ളാസ്‌സില്‍ പഠിക്കുമ്പോള്‍ കൊച്ചുകൊച്ചു വരികളെഴുതി നാട്ടില്‍ ഉറക്കെ പാടി നടന്നിരുന്നു. കോളേജില്‍ ചേരുന്നതിനു മുമ്പേ എനിക്കൊരു ഗാനമേള ട്രൂപ്പ് ഉണ്ടായിരുന്നു. അതില്‍ സ്വന്തം പാട്ടുകളും എന്റെ ചേട്ടന്‍ എഴുതിയ പാട്ടുകളുമാണ് കൂടുതലും പാടിയിരുന്നത്.

അന്ന് അമ്പലപ്പറമ്പുകളില്‍ ഗാനമേളയ്ക്കു പോകും. സ്വന്തം കവിത, എന്റെ ചേട്ടനെഴുതിയ പാട്ട് അല്ലെങ്കില്‍ റേഡിയോയില്‍ കൂടി വല്ലപ്പോഴും കേള്‍ക്കുന്ന പാട്ട്, അന്ന് അധികം റേഡിയോയില്ല.

നാലഞ്ച് കിലോമീറ്റര്‍ നടന്നാലേ അന്ന് റേഡിയോ കേള്‍ക്കാന്‍ പറ്റൂ. അതില്‍ നിന്നു കേള്‍ക്കുന്ന പാട്ടുകള്‍, അല്ലെങ്കില്‍ വല്ലപ്പോഴും കാണുന്ന സിനിമയിലെ പാട്ടുകള്‍ ഇതൊക്കെ ഒട്ടും ചോരാതെ അപ്പോള്‍ തന്നെ ഒപ്പിയെടുത്ത് മനസ്‌സില്‍ വയ്ക്കും; എന്നിട്ടു പാടും. അങ്ങനെ ഇല്ലായ്മയില്‍ നിന്നാണ് മനുഷ്യന് ഉണ്ടാക്കാനുളള ആവേശം ഉണ്ടാകുന്നത്. സമൃദ്ധി ചിലപ്പോഴൊക്കെ മടുപ്പുണ്ടാക്കിയേക്കും.

ഇന്ന് എന്നും എപ്പോഴും പാട്ട്. പക്ഷേ ഞങ്ങള്‍ക്കന്ന് വല്ലപ്പോഴുമേ പാട്ട് കിട്ടൂ. അത് കൊണ്ട് സ്വയം പാടാനുളള ആവേശം കൂടി. അങ്ങനെ എഴുതി പലയിടങ്ങളിലും അവതരിപ്പിച്ചു. ഒന്നുമില്ലെങ്കില്‍ ഞാനെന്റെ വീട്ടിനു മുന്നിലെ കുന്നില്‍ കയറിനിന്ന് പാടും. അല്ലെങ്കില്‍ ആറ്റുതീരത്തെ പാറപ്പുറത്തു നിന്ന് പാടും. കേള്‍ക്കാന്‍ ആകാശവും നക്ഷത്രങ്ങളും ചിലപ്പോള്‍ കിളികളും കൊച്ചു മരങ്ങളുമൊക്കെ ഉണ്ടാവും.

അദ്ധ്യാപകജീവിതത്തിലേക്ക്

ജീവിതത്തില്‍ രണ്ടു മൂന്നു ജോലികളേ ഞാന്‍ ആഗ്രഹിച്ചിരുന്നുളളൂ. അച്ഛന്റെ നിര്‍ബന്ധം കൊണ്ട് മിലിട്ടറിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് പോയി, പാസായി. പക്ഷേ അത് സ്വീകരിക്കാതെ തിരിച്ചുവന്ന് എം എ ബിരുദം പൂര്‍ത്തിയാക്കി.

ഗുമസ്തപ്പണിക്ക് പോകേണ്ടെന്ന് അന്നേ തീരുമാനിച്ചു. എനിക്ക് അക്ഷരവുമായി പ്രത്യക്ഷ ബന്ധമുളള, സാഹിത്യവുമായി പ്രത്യക്ഷ ബന്ധമുളള ജോലി വേണം. ഒന്നുകില്‍ അദ്ധ്യാപകനാകണം അല്ലെങ്കില്‍ ആകാശവാണി പോലൊരിടത്ത് പണി വേണം എന്ന് വിചാരിച്ചു.

പത്രപ്രവര്‍ത്തനകാലം


കുറച്ചുകാലം പത്രപ്രവര്‍ത്തകനായിരുന്നെങ്കിലും പഠിപ്പിക്കുന്ന മണ്ഡലത്തിലെത്തി. അത് സ്വയം നവീകരിക്കാന്‍ ഒരുപാട് അവസരം തന്നു. അദ്ധ്യാപനം കൊണ്ടുളള ഏറ്റവും വലിയ മെച്ചം അവനവനിലുളള കുറവുകളും കറകളും ഓരോ ദിവസവും പരിശോധിച്ച് തിരിച്ചറിഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിക്കാം എന്നതാണ്.

കുങ്കുമം, കേരളദേശം എന്നിവയുടെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ കുറച്ചുകാലം ജോലി ചെയ്തു. അതിനുമുമ്പ് കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടില്‍ ഒരു വര്‍ഷം ജോലിചെയ്തു. ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടില്‍ ട്രാന്‍സിലേറ്റര്‍ സബ് എഡിറ്റര്‍ ആയിരുന്നു. പത്രത്തില്‍ എഡിറ്റോറിയല്‍ സ്റ്റാഫായിരുന്നു. വീക്ഷണം പത്രത്തില്‍ അത് തുടങ്ങുന്ന കാലം മുതല്‍ രണ്ടര വര്‍ഷം ജോലിചെയ്തു.

സെന്റ് സേവ്യേഴ്‌സിലേക്ക്

പ്രൈവറ്റ് കോളേജുകളില്‍ പല ഇന്റര്‍വ്യൂകളും അറ്റന്‍ഡ് ചെയ്തപ്പോള്‍ സെന്റ് സേവ്യേഴ്‌സിലാണ് ശരിക്കും മെറിറ്റ് അടിസ്ഥാനത്തില്‍ വിളിച്ചത്. അതു കൊണ്ട് ഗവണ്മന്റ് കോളേജിലെ നിയമനോത്തരവ് മാറ്റി വച്ചിട്ട് സെന്റ് സേവ്യേഴ്‌സ് കോളേജില്‍ പോയി.

ഗവണ്മന്റ് കോളേജില്‍ എനിക്ക് രണ്ട് പ്രാവശ്യം നിയമനം കിട്ടിയതാണ്, വേണ്ട ഈ കോളേജില്‍ തന്നെ ഇരിക്കാം എന്ന് കരുതി. ശുപാര്‍ശയും പണവുമില്ലാതെ ജോലി തന്നയിടത്ത് ആ ജോലി സ്വീകരിച്ച് ആദരിച്ച് കഴിയാമെന്ന് വിചാരിച്ചു.

ഇഷ്ടവേഷം


അദ്ധ്യാപകജീവിതമാണോ കവിയുടെ ജീവിതമാണോ ഏറെ ആസ്വദിച്ചത് എന്നു ചോദിച്ചാല്‍ രണ്ടും ഒരു പോലെ തന്നെ എന്നാവും എന്റെ ഉത്തരം. ഒരു കവി എന്നത് ഒരു ആചാര്യന്റെ തലത്തിലാണ് ഞാന്‍ കാണുന്നത്. കവിയാണ് വാസ്തവത്തില്‍ ആചാര്യന്‍. ഞാന്‍ അത്ര വലിയ കവിയൊന്നും ആയിട്ടില്ല.

എന്നാലും നല്ല കവി സമൂഹത്തിന്റെ എന്നത്തെയും ആചാര്യനാണ്, കാലാതീതനായ ആചാര്യനാണ്. നല്ല അദ്ധ്യാപകന്‍ നല്ലൊരു സ്രഷ്ടാവാണ്. കുട്ടികളില്‍ സര്‍ഗ്ഗാത്മകമായ പൊടിപ്പുകള്‍ വീണ്ടും വീണ്ടും ഉണ്ടാക്കുക. അതാണ് ഒരു നല്ല ആചാര്യന്‍ അല്ലെങ്കില്‍ അദ്ധ്യാപകന്‍ ചെയ്യുന്നത്. ഇത് രണ്ടും ഒന്നു തന്നെ. അതുകൊണ്ട് രണ്ടും ഒരുപോലെ ആസ്വാദ്യകരമാണ്.

എഴുത്തിന്റെ നോവ്


വല്ലാത്ത ചോദ്യമാണത്. ഒന്ന് നാറാണത്ത് ഭ്രാന്തന്‍, രണ്ട് വാക്ക്. അങ്ങനെ പറഞ്ഞാല്‍ മിക്ക കവിതകളും അപാരമായ സംഘര്‍ഷത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. അളക്കാനാവാത്ത ജ്വാലയില്‍ നിന്നാണ് കവിത ഉണ്ടാകുന്നത്. പക്ഷേ ഏറ്റവും കൂടുതല്‍ അനുഭവിച്ചു എന്നു പറഞ്ഞാല്‍ ഈ എഴുതാന്‍ തുടങ്ങുന്നു എന്നറിയാതെ ഉള്ളില്‍ നിന്ന് പൊട്ടിത്തൂവുന്ന മട്ടിലാണ് നാറാണത്ത് ഭ്രാന്തന്‍ പുറത്തു വരുന്നത്. അത് പിന്നെ പാടിനടന്ന് എഴുതുകയായിരുന്നു. വാക്കാണെങ്കില്‍ മൂന്നുമാസം രാത്രികള്‍ ആകാശം നോക്കി കിടന്നതിനു ശേഷമാണ് എഴുതിയത്.

നക്ഷത്രങ്ങള്‍ തന്ന വാക്ക്

അതാണ് 'നക്ഷത്രമെന്നോടു ചോദിച്ചു ഞാന്‍ തന്ന അക്ഷരം നീയെന്തു ചെയ്തു'. ആകാശത്തെ നിരന്തരം ഉപാസിക്കുന്ന ആളാണ് ഞാന്‍. അങ്ങനെ വളരെക്കാലം സംഘര്‍ഷം എന്നു പറഞ്ഞാല്‍ പോരാ, സമ്പൂര്‍ണ്ണമായ ധ്യാനം എന്നു പറയാം. വാക്ക് എഴുതുമ്പോഴത്തെ അവസ്ഥ ഇതായിരുന്നു. മറ്റ് പല കവിതകളും അന്തഃസംഘര്‍ഷത്തില്‍ നിന്നു തന്നെയാണ് ഉണ്ടായിട്ടുളളത്. സന്താനഗോപാലം തുടങ്ങിയ കവിതകള്‍ ഉദാഹരണം.

സന്താനഗോപാലത്തിനു പിന്നില്‍

അത് വളരെ കടുത്ത അനുഭവമാണ്. പ്രത്യേകിച്ച് ഞാന്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞു പോകുന്നത് അല്ലെങ്കില്‍ വിറച്ചു പോകുന്നത് കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴാണ്. അത് എല്ലാ സമയത്തുമുണ്ട്. ലോകമാസകലം പീഡിപ്പിക്കപ്പെടുന്ന ദുരുപയോഗം ചെയ്യപ്പെടുന്ന അവഗണിക്കപ്പെടുന്ന കുഞ്ഞുങ്ങളെ ഉള്ളില്‍ കണ്ടിട്ട് അങ്ങനെ ഒരു കുഞ്ഞായി തന്നെ രൂപാന്തരപ്പെട്ടിട്ട് എഴുതിയതാണത്. എന്നത്തെയും ഉപദ്രവിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായിട്ടാണ് ആ കവിത.

ആ കവിതയില്‍ രക്ഷകനായിട്ട് ഞാന്‍ സ്വയം പ്രതിഷ്ഠിക്കുന്നു. പക്ഷേ, ഞാന്‍ നിസ്‌സഹായകനാകുന്നു. എന്റെ ഉള്ളിന്റെ ഉള്ളില്‍ തന്നെ കുഞ്ഞുണ്ട് എന്ന് ഞാന്‍ തിരിച്ചറിയുന്നു. ആ കുഞ്ഞില്‍ നിന്നാണ് അടുത്ത പുല്ലാങ്കുഴല്‍ വരുന്നത്. അതാണ് എന്റെ കാഴ്ച, എന്റെ അകത്തു തന്നെ ഒരു പ്രളയം. അതിലൊരു ആലില അതിലൊരു കുഞ്ഞ്. അതാണ് 'ധ്യാനബിന്ദുവിന്‍ ലീനധ്വനിയില്‍, ധ്വന്യാക്രാന്ത നിശ്ചലത്വത്തില്‍ നിത്യസത്യമായ്, സൗന്ദര്യമായ് സ്വച്ഛന്ദം വിളയാടിക്കിടക്കുന്നുണ്ടാപ്പെതല്‍’ എന്ന് എഴുതിയത്.

അപ്പോള്‍ എന്നിലെ ആ പൈതലിനെ ഉണര്‍ത്തുകയെന്നതാണ് വാസ്തവത്തില്‍ ഞാന്‍ ചെയ്യേണ്ടത്. ഏതു വ്യക്തിയും ഉള്ളിലെ ആ സംശുദ്ധിയെ ഉണര്‍ത്താമെന്ന കാഴ്ചയിലാണ് ഞാന്‍ ആ കവിത വായനക്കാരിലേക്ക് ഒഴുക്കി വിടുന്നത്.

ചഞ്ചലം മനം കൃഷ്ണ

ചഞ്ചലം ഹി മനം കൃഷ്ണാദി ബലവദ് ദൃഢം എപ്പോഴോ എന്നെ അങ്ങ് ആവേശിച്ചതാണ്. ഞാന്‍ പിന്നീടാണ് മനസ്‌സിലാക്കുന്നത് അത് 'ചഞ്ചലം മനം കൃഷ്ണ ചരണം തിരയുന്നു നെഞ്ചകത്തൊരു വെണ്മ കടലായിരമ്പുന്നു!' എന്ന വരികളായി വന്നത്.

അത് ആലോചിച്ചിട്ട് എഴുതിയതല്ല അങ്ങനെ വന്നതാണ്. ഏറെ കഴിഞ്ഞാണ് ഇത് ഭഗവദ്ഗീതയിലെ വരിയോടു ചേര്‍ന്നതാണല്ലോ എന്നു തോന്നിയത്.

പക്ഷേ സാഹചര്യത്തിനു വ്യത്യാസമുണ്ട്. പക്ഷേ മനസ്‌സിന്റെ ചാഞ്ചല്യം വളരെ പ്രധാനപ്പെട്ടതാണ്. അര്‍ജ്ജുനന് ഭഗവദ്ഗീതയിലുണ്ടായ ചാഞ്ചല്യവുമായി ഇതിന് ചെറിയ സാമ്യമുണ്ട്. സന്താനഗോപാലത്തിലെ ചാഞ്ചല്യം എന്ന് പറയുന്നത് രക്ഷകന്റെ അശക്തി സ്വയം അറിയുമ്പോഴുണ്ടാകുന്ന ചാഞ്ചല്യവും അരക്ഷിതാവസ്ഥയുമാണ്.

വാസ്തവത്തില്‍ ആ ഒരു അവസ്ഥയ്ക്കു സമാനമായ പദം വേറെ വന്നില്ല. അതാണ് വന്നത്, ചഞ്ചലം ഹി മനം കൃഷ്ണ... എന്നെ പ്രേരിപ്പിച്ചു എന്നു വേണം പറയാന്‍ എഴുതുമ്പോള്‍ എനിക്ക് ഓര്‍മ്മയില്ല. അത് എഴുതി ഏറെ കഴിഞ്ഞ് അച്ചടിച്ച് കഴിഞ്ഞിട്ടാണ് ഞാന്‍ ആലോചിക്കുന്നത് ഭഗവദ്ഗീതയിലെ ആ പ്രത്യേക അവസ്ഥ വ്യാസന്‍ ആവിഷ്‌കരിച്ചപ്പോഴുള്ള ആ പദം തന്നെ എനിക്കു വന്നു കേറിയല്ലോ എന്ന്.

നാറാണത്തു ഭ്രാന്തന്റെ ജനസമ്മതി

അത് ഞാന്‍ വിലയിരുത്തേണ്ടതല്ല, മറ്റൊരാളാണ് ചെയ്യേണ്ടത്. ഞാന്‍ വിധികര്‍ത്താവാകുക ശരിയല്ല. എനിക്കെന്തായാലും അതില്‍ സന്തോഷമുണ്ട്.

പുരാണകഥകളുടെ സ്വാധീനം

ഞാനിത്രയും പുരാണങ്ങളുടെ പുറത്തു നില്‍ക്കുന്നതുകൊണ്ട്. ലോകത്തില്‍ ഏറ്റവും സമൃദ്ധമായ പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ വൈദികമായ ദര്‍ശനങ്ങള്‍ ഇതൊക്കെയുളള നാടാണ് ഭാരതം. ഇതിന്റെ പുറത്തു ജീവിക്കുന്നതു കൊണ്ടും എന്റെ ഭൂതകാലത്തെ എനിക്ക് നിഷേധിക്കാന്‍ വയ്യാത്തതു കൊണ്ടും എന്റെ ഓരോ ദിവസത്തെ ജീവിതത്തിലും ആ ഭൂതബിന്ദുക്കള്‍ കടന്നുവരുന്നതു കൊണ്ടും ഏത് ആധുനിക കാലത്തിന്റെ അനുഭവത്തെയും മറ്റ് കാലകണങ്ങളുമായി ചേര്‍ത്ത് ഞാന്‍ അനുഭവിക്കുന്നു.

അഗസ്ത്യഹൃദയം

ലക്ഷ്മണന്‍ എന്നത് നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിഴലാണ്. നിഴലെന്നു പറയാനൊക്കില്ല, ഒരു സാന്നിധ്യമാണ്. ഞാന്‍ പുറമേ രാമനായി പ്രകാശിക്കുന്നു, എന്റെ അകത്ത് ലക്ഷ്മണന്‍ എന്ന മനസ്‌സാക്ഷി ഇരിക്കുന്നു. അവനാണല്ലോ ഇതെല്ലാം അനുഭവിക്കുന്നതും കൂടെ പോകുന്നതും. രാമന്‍, ലക്ഷ്മണന്‍ എന്നത് ഒരു വ്യക്തിത്വത്തിലെ ദ്വന്ദമാണ്. ലക്ഷ്മം എന്നു പറഞ്ഞാല്‍ തണല്‍, നിഴല്‍ എന്നൊക്കെയാണര്‍ത്ഥം. അകത്തെ ആര്‍ദ്രതയെയാണ് ശരിക്കും ലക്ഷ്മണനായി സൂചിപ്പിച്ചിരിക്കുന്നത്.

വിഷു സന്ദേശം

എനിക്ക് വായനക്കാരോടല്ല, വിഷുപ്പുലരിയില്‍ കണികണ്ടുണരുന്ന കൃഷ്ണനോടാണ് പറയാനുളളത്. ഏതന്‍മേ സംശയം കൃഷ്ണാ... കൃഷ്ണാ ഇതാണ് എന്റെ സംശയം.

'ചിരിക്കല്ലേ കണ്ണാ, കദനമഴ എന്‍ കണ്ണില്‍ ഒഴുകാതിരിക്കാന്‍ ഇല്ലല്ലോ കരളിലൊരു ഗോവര്‍ദ്ധനഗിരി

എനിക്കും നിന്നെപ്പോല്‍ അധരമുരളീനാളമധുവായ് പൊഴിക്കാനില്ലല്ലോ പ്രണവരസമാം സൂക്തിലഹരി

ഒരിക്കല്‍ പോലും നിന്‍ മിഴികള്‍ അഴലാല്‍ തെല്ലു നനയാതിരിക്കാന്‍ എന്തേ ഹാ നിരതിശയമേ

നിന്റെ ചരിതം എടുക്കുന്നത്രേ നീ ശ്രിതജനമനസ്താപമഖിലം ഉടുക്കുന്നത്രേ നീ ത്രിഭുവനതമോഭാരപടലം'

എല്ലാവരുടെയും ദു:ഖം അകറ്റുന്നവനാണ് കൃഷ്ണന്‍ എന്നാണ് സങ്കല്പം. പക്ഷേ ജനിക്കും മുമ്പേ മരണം വേട്ടയാടിയവനാണ് കൃഷ്ണന്‍ എന്നിട്ടും കരഞ്ഞില്ല. ഈ ലോകത്ത് ജീവിക്കുമ്പോള്‍ കരയാതിരിക്കാന്‍ എന്താണ് വഴി എന്നാണ് ഞാന്‍ കൃഷ്ണനോട് ചോദിക്കുന്നത്. അതാണെന്റെ എന്റെ സംശയം.