Friday, July 2, 2010

കഥയുടെ കസ്‌തൂരിമാന്‍


ലോഹിതദാസ്‌ വിട പറഞ്ഞിട്ട്‌ ഒരു വര്ഷം

മഴ പെയ്‌തുതോര്‍ന്ന സായന്തനത്തില്‍ മലയാളിയുടെ മനസ്‌സിലേക്ക്‌ കടന്നുവന്ന്‌ ഒരുപാട്‌ കഥകള്‍ പറഞ്ഞുതന്ന്‌ ഒടുവില്‍ മഴയുള്ള ഒരുനേരത്ത്‌ ആരോടും പറയാതെ പടിയിറങ്ങിപ്പോയ കഥാകാരനാണ്‌ ലോഹിതദാസ്‌.


മനുഷ്യബന്ധങ്ങളുടെ, നേര്‍ത്ത വികാരങ്ങളുടെ സൂക്ഷ്‌മമായ ആവിഷ്‌കാരം ലോഹിതദാസിന്റെ എല്ലാ കഥകളിലും കാണാം. വ്യക്തിബന്ധങ്ങളുടെ അഴിയാക്കുരുക്കുകള്‍ പലപ്പോഴും ലോഹിയുടെ കഥകളിലൂടെ നമ്മെ ശ്വാസം മുട്ടിക്കും. ഇതു നമ്മുടെ കഥയല്ലേ എന്നു തോന്നിക്കുന്ന എത്രയെത്ര സന്ദര്‍ഭങ്ങള്‍ ലോഹിതദാസ്‌ തന്റെ കഥകളില്‍ തന്മയത്വത്തോടെ ഒരുക്കിവച്ചു.
1955 മേയ്‌ പത്താം തീയതി ചാലക്കുടിയില്‍ ജനിച്ച ലോഹിതദാസ്‌ ചെറുകഥാകൃത്താകാനായിരുന്നു ആഗ്രഹിച്ചിരുന്നത്‌. എന്നാല്‍ തന്റെ ലോകം വേറെയാണെന്ന്‌ ലോഹിതദാസ്‌ തിരിച്ചറിഞ്ഞു. 1986ല്‍ അദ്ദേഹം മലയാളനാടകവേദിയിലേക്ക്‌ കടന്നുവന്നു. തന്‍െറ അക്ഷരങ്ങള്‍ ദൃശ്യഭാഷയ്‌ക്കാണ്‌ ഇണങ്ങുന്നത്‌ എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവ്‌ മലയാള ചലച്ചിത്രലോകത്തിന്‌ നല്‍കിയ സംഭാവന വളരെ വലുതാണ്‌.
സിബി മലയില്‍ സംവിധാനം ചെയ്‌ത തനിയാവര്‍ത്തനത്തിന്‌ തിരക്കഥ എഴുതിക്കൊണ്ടാണ്‌ ലോഹിതദാസ്‌ സിനിമാലോകത്തേക്ക്‌ കടന്നുവന്നത്‌. ഭ്രാന്തനെന്നു മുദ്ര കുത്തപ്പെട്ട ബാലന്‍ മാഷിനെ അതിഭാവുകത്വമില്ലാതെയാണ്‌ ലോഹിതദാസ്‌ നമുക്ക്‌ പരിചയപ്പെടുത്തിയത്‌. ചെറിയ വികാരവ്യതിയാനങ്ങള്‍ പോലും ഭ്രാന്തിന്റെ ലക്ഷണമായി കണക്കാക്കി സമൂഹം അയാളെ ഒറ്റപ്പെടുത്തിയപ്പോള്‍ അയാളുടെ അമ്മ അയാള്‍ക്ക്‌ വിഷം കൊടുത്തു കൂടെ മരിക്കുന്നു.`മോനെ നിന്റെ മക്കള്‍ ഭ്രാന്തന്‍ ബാലന്റെ മക്കളായി ജീവിക്കണോ?` എന്ന തനിയാവര്‍ത്തനത്തിലെ അവസാന സംഭാഷണം മാത്രം മതി ലോഹിതദാസ്‌ എന്ന പ്രതിഭയെ മനസ്സിലാക്കാന്‍ .
സിബി മലയിലിനു വേണ്ടി അദ്ദേഹം പിന്നെയും തൂലിക ചലിപ്പിച്ചു. ആ കൂട്ടുകെട്ടില്‍നിന്ന്‌ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ നമുക്ക്‌ ലഭിച്ചു. ഇടവഴിയില്‍ ജീവിതം നഷ്‌ടപ്പെട്ടു പോയ സേതുമാധവന്റെ കഥ നാം കിരീടത്തിലും ചെങ്കോലിലും വേദനയോടെ കണ്ടു. ഹിസ്‌ ഹൈനസ്‌ അബ്‌ദുള്ളയും ഭരതവും കമലദളവും സസ്‌നേഹവും അമരവും വീണ്ടും ചില വീട്ടുകാര്യങ്ങളും കാരുണ്യവും ലോഹിതദാസിന്റെ എടുത്തു പറയേണ്ട തിരക്കഥകളാണ്‌.

1997ല്‍ ഭൂതക്കണ്ണാടിയിലൂടെ അദ്ദേഹം സംവിധായകന്റെ കുപ്പായമണിഞ്ഞു. ആ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലോഹിതദാസിനെ തേടിയെത്തി. കാരുണ്യം, കന്മദം, അരയന്നങ്ങളുടെ വീട്‌, ജോക്കര്‍ എന്നിവ ലോഹിതദാസിന്റെ സംവിധാന മികവുകൊണ്ട്‌ ശ്രദ്ധേയമായ സിനിമകളാണ്‌. ആഖ്യാനശൈലി കൊണ്ട്‌ മനോഹരമായ കസ്‌തൂരിമാന്‍ നിര്‍മ്മിച്ചതും അദ്ദേഹം തന്നെയാണ്‌. കാവ്യസുന്ദരമായ പ്രണയകഥ പറയുന്ന നിവേദ്യമാണ്‌ ലോഹിതദാസിന്‍െറ അവസാനത്തെ സിനിമ.

2009 ജൂണ്‍ 29ന്‌ മരണം ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വന്ന്‌ ലോഹിതദാസിനെ നമുക്കിടയില്‍ നിന്ന്‌ തിരിച്ചു വിളിച്ചു. എങ്കിലും നാം പ്രതീക്ഷിക്കുന്നു; ലക്കിടിയിലെ വീട്ടിലെ വരാന്തയില്‍ ചാരുകസേരയില്‍ കിടന്ന്‌ മഴ കണ്ടു കൊണ്ട്‌ ലോഹിതദാസ്‌ ഇപ്പോഴും കഥ എഴുതുന്നുണ്ടാകുമെന്ന്‌...

`രാവണ്‍` പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല


ഏറെ നാളുകളുടെ കാത്തിരിപ്പിനു ശേഷം പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ രാവണ്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. രാവണ്‍ എന്നാണ്‌ ചിത്രത്തിന്റെ പേരെങ്കിലും അതിന്‌ ഐതിഹ്യവുമായി യാതൊരു സാമ്യവുമില്ല. മണിരത്‌നത്തിന്റെ കഴിവും ടീം വര്‍ക്കും ചിത്രത്തിന്റെ പുറകില്‍ ഉണ്ടെന്നത്‌ വാസ്‌തവമാണ്‌. എന്നാല്‍ അത്യന്തം നാടകീയമായ ദൃശ്യങ്ങള്‍ പലപ്പോഴും ചിത്രത്തിന്റെ താളം നഷ്‌ടപ്പെടുത്തുന്നു.

ഉത്തരേന്ത്യയിലെ ഒരു ചെറിയ പട്ടണത്തിലെ പൊലീസുദ്യോഗസ്ഥനായ ദേവിന്റെ (വിക്രം) ഭാര്യ രാഗിണിയെ (ഐശ്വര്യ റായ്‌) ആദിവാസി നേതാവായ ബീര (അഭിഷേക്‌ ബച്ചന്‍) തട്ടിക്കൊണ്ടു പോകുന്നു. ദേവ്‌ തന്‍െറ വിശ്വസ്‌തനായ ലഫ്‌റ്റനന്റ്‌ ഹേമന്തിനൊപ്പം (നിഖില്‍ ദ്വിവേധി) ഫോറസ്‌റ്റ്‌ ഗാര്‍ഡ്‌ സഞ്‌ജീവനിയുടെ (ഗോവിന്ദ) സഹായത്തോടെ തന്റെ ഭാര്യയെ അന്വേഷിച്ച്‌ യാത്ര തിരിക്കുന്നു. കൊടുങ്കാട്ടില്‍ വച്ച്‌ ദേവും ബീരയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നു.

ഇതിഹാസ കഥയായ രാമായണത്തിന്‌ തന്റേതായ ഒരു ആഖ്യാനം നല്‍കാന്‍ മണിരത്‌നം ഈ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നു. രാമന്‌ രാവണനാകാനും രാവണന്‌ രാമനാകാനും കഴിയുമെന്ന്‌ അദ്ദേഹം ഈ ചിത്രത്തില്‍ സൂചിപ്പിക്കുന്നു. ചിത്രത്തിന്‍െറ ആദ്യ പകുതിയില്‍ ബീരയെ അന്വേഷിച്ചുള്ള ദേവിന്‍െറ യാത്രയാണ്‌ കാണിക്കുന്നത്‌. ഒരു പരിധി കഴിയുമ്പോള്‍ അത്‌ പ്രേക്ഷകരെ ബോറടിപ്പിക്കുന്നു. ബീരയുടെയും കൂട്ടരുടെയും യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്നതില്‍ മണിരത്‌നം പരാജയപ്പെട്ടു. ശരിക്കും അവര്‍ നക്‌സലുകളാണോ അതോ ആധുനിക ലോകത്തെ റോബിന്‍ഹുഡ്‌ സംഘമാണോ എന്ന ചിന്ത പ്രേക്ഷകരെ ഉടനീളം അലട്ടുന്നു. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം പകുതി ആവേശമാകുന്നു. അസാധാരണമായ അന്ത്യമാണ്‌ ചിത്രത്തില്‍ നമ്മെ കാത്തിരിക്കുന്നത്‌. രാഗിണിക്ക്‌ ബീരയോടുള്ള കാഴ്‌ചപ്പാടില്‍ ഉണ്ടാകുന്ന മാറ്റം നന്നായി ചിത്രീകരിച്ചിരിക്കുന്നു.
അഭിഷേകിന്റെ നല്ലൊരു കഥാപാത്രമായി ബീരയെ കണക്കാക്കാന്‍ നമുക്കൊരിക്കലും സാധിക്കില്ല. ഐശ്വര്യയും രാവണില്‍ പ്രതീക്ഷിച്ചത്ര പ്രകടനം കാഴ്‌ച വച്ചിട്ടില്ല എന്നു വേണം പറയാന്‍. ബീരയോടുള്ള കാഴ്‌ചപ്പാടില്‍ രാഗിണിക്കുണ്ടാകുന്ന മാറ്റം അവിസ്‌മരണീയമാക്കാന്‍ ഐശ്വര്യയ്‌ക്ക്‌ സാധിച്ചില്ല. എന്നാല്‍ ബീരയുടെ സഹോദരിയുടെ വേഷം പ്രിയാമണിയുടെ കൈകളില്‍ ഭദ്രമായിരുന്നു.

സാധാരണ സിനിമകളിലൊന്നും കാണാത്ത കേരളത്തിലെ നിബിഡ വനങ്ങളിലാണ്‌ രാവണിന്റെ ചിത്രീകരണം നടന്നത്‌. അപകടസാധ്യതയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടവും ചിത്രത്തിന്‌ പശ്‌ചാത്തലമായി ഉപയോഗിച്ചിട്ടുണ്ട്‌.
എ ആര്‍ റഹ്‌മാന്‍െറ മാസ്‌മരസംഗീതം ചിത്രത്തില്‍നിറഞ്ഞു നില്‌ക്കുന്നുണ്ട്‌.എങ്കിലും കോടികളുടെ മുതല്‍ മുടക്കില്‍ പുറത്തിറങ്ങിയ പ്രഗല്‌ഭനായ ഒരു സംവിധായകന്റെ ചിത്രത്തില്‍ നിന്നും ഇതിലേറെ നാം പ്രതീക്ഷിച്ചിരുന്നു.

കഥ, സംവിധാനം :

മണിരത്നംഅഭിനേതാക്കള്‍ : അഭിഷേക് ബച്ചന്‍, ഐശ്വര്യാ റായ്, വിക്രം, ഗോവിന്ദ, പ്രിയാമണിസംഗീതം : എ ആര്‍ റഹ്മാന്‍ക്യാമറ : സന്തോഷ്‌ ശിവന്‍