Sunday, October 24, 2010

അക്ഷരപൂജയുടെ നവരാത്രി


പ്രാചീന കാലം തൊട്ടേ തനിക്ക് കീഴടക്കാന്‍ പറ്റാത്ത ശക്തികളെയാണ് മനുഷ്യന്‍ ആരാധിച്ചിരുന്നത് .അതില്‍ അഗ്നിയും വായുവും സാഗരവും പെരുമഴയുടെ അധിപനായ ഇന്ദ്രനും നാഗങ്ങളും ഒക്കെ പെടും . എന്നാല്‍ കാലം മാറിയതോടെ ആരാധ്യ രൂപങ്ങളിലും മാറ്റം വന്നു. ശിവ ഭക്തരായ ശൈവരും വിഷ്ണു ഭക്തരായ വൈഷ്ണവരും ഉണ്ടായി . അതുകഴിഞ്ഞ് സ്ത്രി രൂപയായ "ശക്തിയെ" ആരാധിക്കാന്‍ തുടങ്ങി കാലം മാറിയപ്പോള്‍ പലതും മനുഷ്യര്‍ കീഴടക്കി പലതിനും ശാസ്ത്രിയ വിശകലനം ഉണ്ടായി .എന്നാലും മനുഷ്യമനസ്സില്‍ പതിഞ്ഞു പോയ ബിംബങ്ങള്‍ക്ക് മാറ്റമുണ്ടായില്ല . തങ്ങള്‍ സ്വായത്തമാക്കിയ കഴിവുകളേയും കീഴടക്കാന്‍ ഉപയോഗിച്ച ആയുധങ്ങളെപ്പോലും അവര്‍ പൂജിച്ചു കല ദൈവീകം ആണെന്നും അക്ഷരങ്ങള്‍ വരദാനം ആണെന്നും അവന്‍ തിരിച്ചറിഞ്ഞു . നാവിന്‍ തുമ്പില്‍ നടനമാടിയും വിരല്‍ത്തുമ്പില്‍ അക്ഷരപ്പുക്കളയും പൊലിഞ്ഞും അനുഗ്രഹം ചൊരിഞ്ഞ സരസ്വതീദേവിയെ നമ്മള്‍ എല്ലാ വര്‍ഷവും പൂജിക്കുന്നു ഒന്‍പതു രാത്രികളും പത്തു പകലുകളുമായി ഉള്‍പ്പെടുന്നതാണ് നവരാത്രി പൂജ .

ശക്തിയുടെ ഒന്‍പതു രൂപങ്ങളെയാണ്‌ ആ ദിവസങ്ങളില്‍ ആരാധിക്കുന്നത് . :"ദുര്ഗ , ഭദ്രകാളി , അംബ , അന്നപൂര്‍ണ , സര്‍വ്വമംഗള , ഭൈരവി , ചണ്ഡിക , ലളിത ഭവാനി , മൂകാംബിക " എന്നിവയാണ് ശക്തിയുടെ വിവിധ രൂപങ്ങള്‍ . ഭാരതത്തിന്റെ കിഴക്ക് വശത്ത്‌ ഈ ഉത്സവത്തെ ദുര്ഗാപൂജയെന്നും പടിഞ്ഞാറുള്ളവര്‍ നവരാത്രി എന്നും വിളിക്കുന്നു . ഉത്തരേന്ത്യയില്‍ ഈ സമയം ദസറയാണ് . ശ്രീരാമന്‍ രാവണനെ വധിച്ചതിന്റെ ഓര്‍മ്മയില്‍ അവര്‍ രാമലീല ആഘോഷിക്കുന്നു . തിന്മക്കു മേല്‍ നന്മ കൈവരിച്ച വിജയമാണ് ദസറ നല്‍കുന്ന സന്ദേശം . തമിഴ്‌നാട്ടില്‍ ഒന്‍പതു ദിവസവും വിവിധ രൂപങ്ങള്‍ നിരത്തി ബൊമ്മ കൊലു ഒരുക്കുന്ന പതിവും ഉണ്ട് കേരളത്തില്‍ മുന്നു ദിവസമാണ് പൂജ .; ദുര്‍ഗ്ഗാഷ്ടമി , മഹാനവമി , വിജയദശമി ,. നവമി ആയുധ പൂജയുടെ ദിവസമാണ് . സരസ്വതീ വിഗ്രഹത്തിനു മുന്നില്‍ വിളക്ക് കത്തിച്ച് പൂജ ഒരുക്കും . അതില്‍ പുസ്തകങ്ങളും പണിയായുധങ്ങളും ഉള്‍പ്പെടും .വടക്കന്‍ കേരളത്തിനേക്കളും പൂജവയുപ്പിനു പ്രാധാന്യം തെക്കന്‍ കേരളത്തിനാണ്.

നവരത്രിയോടനുബന്ധിച്ചു തിരുവനതപുരത്ത് നുറ്റണ്ടുകളായി അതിന്റെ മാറ്റ് നഷ്ടപ്പെടാതെ നടക്കുന്ന ഒരു പ്രത്യേക ആഘോഷമുണ്ട് . തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരുന്ന മുന്നു വിഗ്രഹങ്ങളെ കേരള സര്‍ക്കാര്‍ ആദരവോടെ സ്വീകരിച്ച് ഒന്‍പതു ദിവസം മുന്നു ക്ഷേത്രങ്ങളി ലായി പ്രതിഷ്ടിച്ചു ആരാധിക്കുന്ന ഒരു ചടങ്ങുണ്ട് .കമ്പരാമായണത്തിന്റെ കര്‍ത്താവായ കമ്പര്‍ വച്ചാരാധിച്ചിരുന്ന സരസ്വതീ വിഗ്രഹം , സുചീന്ദ്രത്തെ മുന്നുറ്റി നങ്ക. വേളിമല മുരുകന്‍ എന്നീ വിഗ്രഹങ്ങളെ വളരെ ആഘോഷത്തോടെയും ആദരവോടെയും ആര്ഭാടത്തോടെയുമാണ് തമിഴ്‌നാട്ടില്‍ നിന്നും കാല്‍നടയായി തിരുവനന്തപുരത്ത് എത്തിക്കുന്നത് . സരസ്വതീ ദേവിയെ ആനപ്പുറത്തും മുന്നുറ്റി നങ്കയെ പല്ലക്കിലും കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്തുമാണ് എത്തിക്കുന്നത് സരസ്വതീ ദേവിയെ ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലും മുന്നുറ്റി നങ്കയെ ചെന്തിട്ട ദേവി ക്ഷേത്രത്തിലും കുമാരസ്വാമിയെ ആര്യശാല സുബ്രമണ്യ ക്ഷേത്രതിലുമായി കുടിയിരുത്തുന്നു . കേരളത്തിന്റെ തലസ്ഥാനമാണ്‌ തിരുവനന്തപുരം എന്നാല്‍ തിരുവിതാംകൂറും അതിനുമുന്‍പ്‌ വേണാട് സ്വരൂപവുമായിരുന്നു. അന്ന്‌ തുടങ്ങിയ പതിവാണ് ഈ നവരാത്രി ആഘോഷം . തിരുവിതാംകൂറിന്റെ തലസ്ഥാനം ഇന്ന് തമിഴുനാട്ടിന്റെ ഭാഗമായ പദ്മനഭാപുരമയിരുനു. പദ്മനാഭപുരം കൊട്ടാരത്തില്‍ ഉപ്പിരിയക്ക മാളികയില്‍ വച്ചാണ് ഈ ആഘോഷത്തിന്റെ ഭാഗമായ തിരുവിതാകൂര്‍ രാജാവിന്റെ : "ഉടവാള്‍ കൈമാറ്റം" എന്ന പ്രധാന ചടങ്ങ് നടക്കുന്നത് . നവരാത്രി മണ്ഡപത്തില്‍ ഒന്‍പതു ദിവസങ്ങളിലും സംഗീതകച്ചേരി നടക്കാറുണ്ട് . സ്വാതിതിരുന്നാള്‍ മഹാരാജാവ് ചിട്ടപ്പെടുത്തിയ ഒന്‍പതു രാഗങ്ങള്‍ ആണ്‌ പാടുന്നത് ."ശങ്കരാഭരണം , കല്യാണി , സാവേരി , നാട്ടക്കുറിഞ്ഞി , തോടി, ഭൈരവി ,പന്തുവരാളി , ശുദ്ധസാവേരി , ആരഭി" എന്നിവയാണ് ഒന്‍പതു രാഗങ്ങള്‍ . പണ്ട് മൂഡനായ കാളിദാസന് വാഗ്ദേവത അനുഗ്രഹം കൊടുത്ത കഥയുണ്ട് . അതുപോലെ അക്ഷരങ്ങളെ പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്നത് സാധിക്കുമെന്ന വിശ്വാസവുമുണ്ട് . ആ വിശ്വാസമാണ് നവരാത്രി ആഘോഷത്തിന് പിന്നില്‍...

എല്‍സമ്മ "ആണ്‍കുട്ടി" തന്നെ











ഗ്രാമ നന്മയിലേക്ക് ക്യാമറ തുറക്കുന്ന മറ്റൊരു ലാല്‍ജോസ് ചിത്രം കൂടി. മീശമാധവനിലൂടെ ചേക്ക് എന്ന സങ്കല്‍പ്പ ഗ്രാമത്തിന്‍റെ കഥ പറഞ്ഞു കൊട്ടകകളെ ഉത്സവപ്പറമ്പാക്കിയ ലാല്‍ജോസ് ഇത്തവണ ബാലന്‍പിള്ള സിറ്റി എന്ന ഹൈറേഞ്ച് ഗ്രാമത്തിന്‍റെ കഥയാണ് എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ പറയുന്നത്.


ബാലന്‍പിള്ള സിറ്റിയില്‍ ഒരു കുടുംബത്തിന്‍റെ മുഴുവന്‍ ചുമതലയുള്ള ആണിന്റെ തന്റേടമുള്ള എല്‍സമ്മ ജീവിക്കുന്നു. ഒരു പത്രത്തിന്‍റെ പ്രാദേശിക ലേഖികയും ഏജന്റുമാണ് എല്‍സമ്മ. തന്റെ ഗ്രാമത്തില്‍ നടക്കുന്ന ഓരോ അനീതിക്കെതിരെയും എല്‍സമ്മ പത്രത്തിലൂടെ പ്രതികരിക്കുന്നു. ക്ഷീര കര്‍ഷകനായ പാലുണ്ണിക്ക് എല്‍സമ്മയോട് പ്രണയമാണ്, പക്ഷേ അതു തുറന്നു പറയാന്‍ അയാള്‍ക്ക് ധൈര്യമില്ല. നാട്ടിലെ പണക്കാരനും എല്‍സമ്മയുടെ പിതൃതുല്യനുമായ പാപ്പന്‍ വഴി ആ ഇഷ്ടം അറിയിക്കാന്‍ പാലുണ്ണി ശ്രമിക്കുന്നുണ്ടെങ്കിലും ആ ശ്രമം വിജയിക്കുന്നില്ല. പാപ്പന്‍റെ കൊച്ചുമകന്‍ എബിയുടെ വരവോടെ കഥാഗതിയില്‍ മാറ്റമുണ്ടാകുന്നു. അതു വരെ നര്‍മ്മത്തില്‍ ചാലിച്ചു പറഞ്ഞിരുന്ന കഥയില്‍ വില്ലത്തരവും സെന്റിമെന്‍സുമൊക്കെ കടന്നു വരുന്നു. ഗ്രാമത്തിന്‍റെ നിഷ്‌കളങ്കതയിലേക്ക് നാഗരികതയുടെ പൊള്ളത്തരങ്ങളുമായി എത്തുന്ന കുറച്ചു ചെറുപ്പക്കാരുടെ കുസൃതികളിലൂടെയാണ് കഥ വികസിക്കുന്നത്.

അഭിനേതാക്കളെല്ലാം തന്നെ നല്ല നിലവാരം പുലര്‍ത്തി. പുതുമുഖത്തിന്‍റെ യാതൊരു വിധ പതര്‍ച്ചയുമില്ലാതെയാണ് ആന്‍ അഗസ്റ്റിന്‍ എല്‍സമ്മ എന്ന കഥാപാത്രം ഭദ്രമാക്കിയത്. വക്രബുദ്ധിയും കുടിലതയുമുള്ള പഞ്ചായത്ത് മെമ്പര്‍ രമണനെ ജഗതി ശ്രീകുമാറും നാട്ടിലെ വ്യാജവാറ്റുകാരനും ചെറുകിട അബ്കാരിയുമായ കരിപ്പള്ളിയില്‍ സുഗുണനെ വിജയരാഘവനും പഞ്ചായത്ത് തൂപ്പുകാരി സൈനബയെ സുബിയും അവതരിപ്പിച്ചു.

അഭിനയത്തില്‍ ഏറെ മികവു പുലര്‍ത്തി എബിയെ അവതരിപ്പിച്ച ഇന്ദ്രജിത്ത് വേറിട്ട്‌ നിന്നു . ഹാസ്യവും വില്ലത്തരവും സെന്റിമെന്‍സുമെല്ലാം ഇന്ദ്രജിത്ത് തന്മയത്തോടെ അവതരിപ്പിച്ചു. മണിക്കുട്ടന്‍റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷമാണ് ഈ ചിത്രത്തിലെ ജെറി. ചോകേ്‌ളറ്റ് നായക പരിവേഷങ്ങളില്‍ നിന്ന് കുഞ്ചാക്കോ ബോബന് ലഭിച്ച മോചനമാണ് എല്‍സമ്മയിലെ പാലുണ്ണി. സ്വന്തമായി സിറ്റിയുള്ള ബാലന്‍പിള്ളയെ അവതരിപ്പിച്ചത് ജനാര്‍ദ്ദനനും പാപ്പനെ അവതരിപ്പിച്ചത് നെടുമുടി വേണുവുമാണ്. ചിലയിടങ്ങളില്‍ കഥയ്ക്ക് ഒരുപാട് ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ട്. എന്നാലും സിന്ധുരാജ് തിരക്കഥയോട് പരമാവധി നീതി പുലര്‍ത്തി.

ചിത്രീകരണത്തിന്‍റെ മികവു എല്ലാ ലാല്‍ ജോസ് ചിത്രങ്ങളെയും പോലെ എല്‍സമ്മയിലും കാണാം. ലാല്‍ജോസിന്‍റെ പതിവു ശൈലിയിലാണ് എല്‍സമ്മയും എന്ന് ആരോപണമുയര്‍ന്നിട്ടുണ്ടെങ്കിലും നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ തിരിച്ചു വരുന്നു എന്ന നല്ല സൂചനയാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി നല്കുന്നത്. അതോടൊപ്പം സുപര്‍ താര ബഹളങ്ങള്‍ക്കപ്പുറത്ത് സിനിമ ഒരിക്കല്‍ കൂടി സംവിധായകന്‍റെ കലയായി മാറുന്നു എന്ന ശുഭസൂചനയും എല്‍സമ്മയിലൂടെ വീണ്ടും മലയാളത്തില്‍ എത്തുന്നു .