Friday, June 4, 2010

വാക്കിന്റെ തട്ടകം ഇനി ശൂന്യം


കോവിലന്‍, പേരു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്‌ ചിലപ്പതികാരത്തിലെ കോവലനെയാണ്‌. കണ്ണകിയുടെ നിഴല്‍ പോലെ പാടി കേട്ട ഒരു കഥാപാത്രം. എന്നാല്‍ നമുക്ക്‌ കോവിലന്‍ അതൊന്നുമല്ല. പാടി പതിഞ്ഞ തോറ്റം പാട്ടു പോലെ മലയാളകഥാലോകത്തേക്ക്‌ വി വി അയ്യപ്പന്‍ കടന്നു വന്നു.തോറ്റം പാട്ടുകളോടുള്ള അഭിനിവേശം

കൊണ്ടായിരിക്കാം അദ്ദേഹം തമിഴ്‌ ചുവയുള്ള കോവിലന്‍ എന്ന പേരു സ്വീകരിക്കാന്‍ കാരണം.

ഗുരുവായൂരിനടുത്തുള്ള കണ്ടാണിശേരിയാണ്‌ കോവിലന്റെ സ്വദേശം. ആ ഗ്രാമത്തിന്‍െറ ചൂടും ചൂരും അദ്ദേഹത്തിന്റെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

20 വര്‍ഷത്തോളം കരസേനയില്‍ സേവനമനുഷ്‌ഠിച്ച കോവിലന്‍ പട്ടാളക്യാമ്പുകളിലെ അന്തസംഘര്‍ഷങ്ങളും സ്വപ്‌നങ്ങളും നിരാശകളും പ്രതീക്ഷകളും തന്റെ തൂലിക കൊണ്ട്‌ മനോഹരമായി വരച്ചു കാട്ടി. ഹിമാലയം മുതല്‍ തൃശൂര്‍ വരെയുള്ള ലോകം കോവിലന്റെ കഥകളിലൂടെ നമുക്ക്‌ പരിചിതമായി.

തന്റെ ഗ്രാമത്തിന്റെ പശ്‌ചാത്തലത്തില്‍ കോവിലന്‍ രചിച്ച തട്ടകവും തോറ്റങ്ങളും വളരെയേറെ ശ്രദ്ധ നേടിയ കൃതികളാണ്‌. മനുഷ്യന്‍ നേരിടുന്ന അസ്‌തിത്വ പ്രശ്‌നങ്ങളും ആത്മസംഘര്‍ഷങ്ങളും ആ കൃതികളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഗ്രാമത്തിന്റ നന്മയ്‌ക്കപ്പുറം മനുഷ്യമനസ്‌സിന്റെ നിഗൂഢമായ വികാരങ്ങളാണ്‌ അവയിലൊക്കെ പ്രതിപാദിക്കുന്നത്‌.

അതു വരെ നാമറിയാത്ത ലോകത്തെ പരിചയപ്പെടുത്തി തന്ന, പട്ടാളക്കാരുടെ കഥ പറഞ്ഞ എ മൈനസ്‌ ബി, ഹിമാലയം, ഏഴാമെടങ്ങള്‍, താഴ്‌വരകള്‍, ബോര്‍ഡൗട്ട്‌ എന്നീ നോവലുകളും മറ്റു പട്ടാളക്കഥകളും കോവിലനെ ശ്രദ്ധേയനാക്കി

. ഈ ജീവിതം അനാഥമാണ്‌, ഒരു കഷണം അസ്ഥി തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരങ്ങള്‍. തകര്‍ന്ന ഹൃദയങ്ങളാണ്‌ കോവിലന്റെ ആദ്യ കൃതി. ആത്മകഥാസ്‌പര്‍ശമുള്ള തട്ടകമാണ്‌ കോവിലന്റെ അവസാനത്ത കൃതി. ഇതിന്‌ എന്‍.വി. പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്‌ എന്നിവ ലഭിച്ചു.

എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ബഷീര്‍ അവാര്‍ഡ്‌, മുട്ടത്ത്‌ വര്‍ക്കി അവാര്‍ഡ്‌ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.


എഴുത്തിന്റെ ലോകത്ത്‌ നിന്ന്‌ ആ കഥാകാരന്‍ വിട പറയുമ്പോള്‍ ആ സ്ഥാനം ഒഴിഞ്ഞു തന്നെ കിടക്കും. മറ്റാര്‍ക്കും പകരക്കാരനാകാനാവില്ലല്ലോ?

10 comments:

  1. കുപിത യൌവനം എന്നു നമ്മൾ മുട്ടിനു മുട്ടിനു പറയില്ലെ. മലായാളത്തിലെ ക്ഷോഭിക്കുന്ന ഒരു ‘യുവാവ്’ നമ്മോട് കലഹിച്ച് ഇറങ്ങിപ്പോയിരിക്കുന്നു.
    സത്യത്തിൽ മലയാളിക്ക് കോവിലനെ മനസ്സിലായതെ ഇല്ല. അദ്ദേഹത്തിന്റെ എഴുത്തിന്റെ ഭാവുകത്വവും.

    നമ്മൾ നടിക്കുകയായിരുന്നു. പക്ഷെ അത് കോവിലന് മനസ്സിലായി എന്നതാണ് നമ്മുടെ പരാജയം.

    ആനന്ദ് പൂജ്യം എന്ന കഥയിൽ പറയുന്ന പോലെ
    “ ജാനിബാപ്പ മരിച്ചു....... വേണ്ടപ്പെട്ടവരാരും പോകുന്നില്ലങ്കിലും ബഹുദൂരം യാത്രചെയ്യാൻ പുറപ്പെടുന്ന ഒരു തീവണ്ടി സ്റ്റേഷനിൽ നിന്നും ചൂളം വിളിച്ചു നീങ്ങുമ്പോൾ തോന്നുന്ന പോലുള്ള ഒരു വ്യസനം തോന്നി. തീവണ്ടി പോയി. പള്ളിമണികൾ മൌനം പൂണ്ടു.” ഇനി ആ കസേര നമ്മെ പേടിപ്പിക്കാൻ തുടന്ന്ങുന്നതെപ്പോഴാണ്.
    ഓർത്തല്ലോ നല്ലത്.

    ReplyDelete
  2. അഞ്ജു, കുറിപ്പു നന്നായി.
    എല്ലാ എസ്റ്റാബ്ലിഷ്‌മന്റുകളുടെയും ചതുരങ്ങൾക്കു പുറത്തായിരുന്നു കോവിലൻ എന്നും.എല്ലാ അർത്ഥത്തിലും വേറിട്ട ഒരു സ്വരം.

    കോവിലന്റെ 'റ' എന്ന കഥ വായിച്ചിട്ടുണ്ടോ..? ഇല്ലെങ്കിൽ തീർച്ചയായും വായിക്കണം.ഒരു 'ക്ലാസ്സിക്‌' ആണത്‌.ചുട്ടുപൊള്ളുന്ന ഒരു അമ്ലത്തുള്ളി പോലെ മനസ്സിലേക്ക്‌ വീഴുന്ന ഒരു കഥ.പകരം വെക്കാനില്ലാത്ത ഒന്ന്..

    ReplyDelete
  3. ശ്രീദേവ് പറഞ്ഞത് ശരിയാ. റ ഒരു തീവ്രമായ അനുഭവമാണ്.പട്ടിണിയുടെ തീജ്ജ്വാല.
    വി.ആർ.സുധീഷ് എഡിറ്റ് ചെയ്ത പ്രിയപ്പെട്ട കഥകളിൽ അത് പെട്ടിട്ടുണ്ടന്നാണ് ഓർമ്മ.

    ReplyDelete
  4. വളരെ നല്ല കുറിപ്പ്. തട്ടകവും, തോറ്റങ്ങളും, എ മൈനസ് ബിയും ഒക്കെ സമ്മാനിച്ച ആ മഹാനായ കലാകാരനോട് നീതി പുലർത്തി

    ReplyDelete
  5. " എഴുത്തിന്റെ ലോകത്ത്‌ നിന്ന്‌ ആ കഥാകാരന്‍ വിട പറയുമ്പോള്‍ ആ സ്ഥാനം ഒഴിഞ്ഞു തന്നെ കിടക്കും. മറ്റാര്‍ക്കും പകരക്കാരനാകാനാവില്ല"
    തകര്‍ന്ന ഹൃദയത്തോടെ ആദരഞ്ജലികള്‍ ....

    ReplyDelete
  6. എഴുത്തിന്റെ ലോകത്ത്‌ നിന്ന്‌ ആ കഥാകാരന്‍ വിട പറയുമ്പോള്‍ ആ സ്ഥാനം ഒഴിഞ്ഞു തന്നെ കിടക്കും. മറ്റാര്‍ക്കും പകരക്കാരനാകാനാവില്ല

    താമസിച്ചു. ഈ ബ്ലോഗ് ഞാൻ കാണുന്നത് ഇന്നാണ്.
    എന്റെ ആദരാഞ്ജലികൾ.

    ReplyDelete
  7. നന്നായി എഴുതി. ഭാവുകങ്ങള്‍.

    ReplyDelete