Friday, June 18, 2010

തൂലികയെ സ്നേഹിച്ച മഴ


പ്രണയാര്‍ദ്രമായ ‍ആകാശം ഭൂമിക്കു നല്‍കിയ വരദാനമാണ് മഴ. സ്വപ്നം പോലെ, ഉരുകുന്ന ഭൂഹൃദയത്തിനു മേല്‍ മഴയുടെ ഇളം സ്പര്‍ശം. കാതോര്‍ത്തിരുന്നതു പോലെ മഴത്തുള്ളികളുടെ നനുത്ത ശബ്ദം. കാലം കാത്തിരുന്നതു പോലെ പുതുമണ്ണിന്റെ മണം, ആ മണം പാമ്പുകള്‍ക്കാണ് ഏറെ ഇഷ്ടമെന്നു കേട്ടിട്ടുണ്ട്. ഈ മഴയുടെ ഒരുക്കുന്ന താളമറിഞ്ഞു അതില്‍ അനുഭൂതി കൊണ്ട് കരഞ്ഞു ചിരിച്ചു അതിനെ കടലാസിലേക്ക് പകര്‍ത്തിയ , അക്ഷരങ്ങളിലൂടെ മഴപെയ്യിച്ച അല്ലെങ്കില്‍ മഴ അക്ഷരത്തെ പെയ്യിച്ച എത്രയോ നിമിഷങ്ങള്‍ നമ്മുടെ ഭാഷയിലില്ലേ ?


കവി ഭാവനയില്‍ മഴ എന്നെന്നും നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യമാണ്. ഒരിക്കെലെങ്കിലും മഴസ്വപ്നങ്ങളെ തൊട്ടു തലോടി പോകാത്ത ഏതെങ്കിലും എഴുത്തുകാരന്‍ ഉണ്ടാകുമോ? കാളിദാസന്‍ മഴമേഘങ്ങളെ ദൂതുമായി തന്റെ പ്രണയിനിയുടെ അരികിലേക്ക് അയച്ചില്ലേ? മേഘസന്ദേശത്തിലെ നായകന്‍ നീര്‍മേഘം തന്നെയല്ലേ?

രാമായണത്തില്‍ സീതാസ്വയംവര ഭാഗത്തില്‍ രാമന്‍ വില്ലൊടിച്ചപ്പോള്‍ ഇടി വെട്ടുന്ന ശബ്ദം പോലെ തോന്നിയെന്നും, അതുകേട്ടു രാജാക്കന്മാര്‍ ഉരഗങ്ങളെപ്പോലെ നടുങ്ങിയെന്നും മൈഥിലി മയില്‍പ്പേടയെപ്പോലെ സന്തോഷിച്ചെന്നും പറയുന്നു.

ശപിക്കപ്പെട്ട ഭൂമിയായ, ലോമപാദ രാജാവിന്റെ അംഗരാജ്യത്തില്‍ മഴ പെയ്യിക്കാന്‍ ഋഷ്യശൃംഗന്‍ എത്തിയ മഹാഭാരത കഥ അറിയാത്തവര്‍ ചുരുക്കം.

"അന്നാദ്ഭവന്തി ഭൂതാനി പനര്‍ജന്യാദന്നസംഭവാ:
യജ്ഞാഭാവതി പനര്‍ജന്യോ യജ്ഞ: കര്മാസുമുദ്ഭവ:"

അന്നത്തില്‍ നിന്ന് ഭൂതങ്ങള്‍ ഉണ്ടാവുന്നു. മഴയില്‍ നിന്ന് അന്നവും ഉദ്ഭവിക്കുന്നു. യജ്ഞത്തില്‍ നിന്ന് മഴയുണ്ടാവുന്നു. യജ്ഞം കര്‍മ്മത്തില്‍ നിന്നുണ്ടാവുന്നു എന്നാണ് ഗീതയില്‍ മഴയെപ്പറ്റി പറയുന്നത്. അന്നത്തെ പ്രദാനം ചെയ്യുന്ന അന്ന ദായിനി ആണ് മഴ . അതോടൊപ്പം മഴയെ ആശ്രയിച്ചിരുന്ന പ്രാചീന ഭാരതീയ സംസ്കാരത്തിന്റെ പാരിച്ചേദവും നമുക്ക് കാണാം ഈ വരികളില്‍ .


തിരുവിതാംകൂറിലെ പനയ്ക്കും കൈതപ്പൂവിനും മഴയ്ക്കും എന്തിനു യക്ഷിയ്ക്ക് പോലും സുഭദ്രയുടെ സൗന്ദര്യമാണ്. മാര്‍ത്താണ്ഡവര്‍മ്മയിലെ ഓരോ അക്ഷരത്തിനും മഴയുടെ സൌന്ദര്യമുണ്ട്. സുഭാദ്രക്ക് പോലും ...!


ഇന്നലെ ജാലകത്തിലൂടെ ഞാന്‍ കണ്ട മഴയുടെ ഭാവം എന്തായിരുന്നു. അതൊരു കൂട്ടുകാരിയുടെതാണോ ? അതോ ഭ്രാന്തിയുടെതോ? മഴയുടെ ഏറ്റവും തെളിച്ചമാര്‍ന്ന ചിത്രങ്ങളില്‍ ഒന്നില്‍ സുഗതകുമാരി വരച്ചിട്ട രാത്രിമഴ.

" രാത്രി മഴ ഇന്നെന്റെ സൗ ഭാഗ്യ രാത്രികളില്‍... "
മഴയും കവയിത്രിയും തമ്മിലുള്ള തന്മയീഭാവം! ഇവിടെ മഴ തന്റെ കൂട്ടുകാരിയാവുന്നു. അവസാനം ആ ത്രിചിഅരിവില്‍ നാം എത്തുന്നു ഞാനും ഇത് പോലെ തന്നെയാണ് . രാത്രി മഴയെ പോലെയാണ് ...

മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലംബരിയില്‍ ഒരു മനോഹരരംഗമുണ്ട്. പാട്ടുപാടി മഴ പെയ്യിക്കാന്‍ പറ്റുമോ എന്ന്‌ ശാസ്ത്രികളോട് സുഭദ്ര ചോദിക്കുമ്പോള്‍, തന്റെ മനസ്സില്‍ മഴ പെയ്യിക്കാന്‍ പറ്റുമെന്നാണ് അദേഹം ഉത്തരം പറയുന്നത്.

ടി പദ്മനാഭന്റെ 'കാലവര്‍ഷം' എന്ന ചെറുകഥയില്‍, ഒരു മഴക്കിടയില്‍ തന്റെ കൊച്ചു ആരാധികയെ ആദ്യമായി കണ്ടുമുട്ടുന്ന ഒരു എഴുത്തുകാരന്റെ മനസ്സാണ് പ്രതിപാദിക്കുന്നത്. ആ എഴുത്തുകാരന്റെ വാത്സല്യവും പെണ്‍കുട്ടിയുടെ ആരാധനയും മഴത്തുള്ളികളായി അവര്‍ക്കിടയില്‍ പെയ്യുന്നു. തന്റെ കൊച്ചു കുട എഴുത്തുകാരന് നല്‍കി ആ പെണ്‍കുട്ടി മഴ നനയുകയാണ്‌.

പെരുമഴ കൊണ്ട് പുഴ നീന്തിക്കടന്നും പ്രേയസിക്ക് പൂവന്‍ പഴവുമായെത്തുന്ന നായകന്റെ പ്രണയത്തിന്റെ തീവ്രത കാണിക്കാന്‍ ബഷീര്‍ കൂട്ടുപിടിക്കുന്നത് ഈ വഴക്കാളി മഴയെയാണ് . ലില്ലി എന്ന കുഞ്ഞു പെങ്ങള്‍ക്ക് കുട വാങ്ങാനായി തെരുവിലേക്കിറങ്ങിയ ബേബിയും മഴ എന്ന ബിംബത്തിലൂടെ കഥപറയാന്‍ മുട്ടത്തുവര്‍ക്കി കരുതിവച്ച കഥാപത്രമാണ്‌. മഴയുടെ ചങ്ങാതികളായ ‌ കുടകള്‍. മഴ നനയാതെ മഴ ആസ്വദിക്കാന്‍ നാമോരോരുത്തരും ആശ്രയിക്കുന്ന ആ കുടകളോടുള്ള അഭിനിവേശമാണ് 'ഒരു കുടയും കുഞ്ഞു പെങ്ങളും' എന്ന വര്‍ക്കിയുടെ നോവല്‍.

"മഴ പെയ്യുന്നു മഴ മാത്രമെയുള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ മഴ ഉറങ്ങി മഴ ചെറുതായി രവി ചഞ്ഞു കിടന്നു .അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം ചുറ്റും പുല്‍ക്കൊടികള്‍ മുള പൊട്ടി രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി."

ഖസാക്കിന്റെ ഇതിഹാസത്തില്‍ മഴ നമ്മെ തൊട്ടുതലോടുന്നത് ഇങ്ങനെയാണ്.

"കൊടും മഴയുടെ നാല് രാവും പകലും കഴിഞ്ഞു. കിളി വാതിലിനപ്പുറത്തെ ഇരുട്ടും മഴയും നോക്കി ആനി വിചാരിച്ചു ഇതവസാനിക്കുകയല്ല കൊക്കഞ്ചിറയുടെ അടിത്തട്ടു വരെ ഇളകി വരികയാണ്. കുഴിച്ചു മൂടിയതിനെല്ലാം മഴ പുറത്തെടുത്ത് കഴിഞ്ഞു. പിളര്‍പ്പുകളില്‍ നിന്നും എല്ലും തലയോടുകളും പൊന്തി വന്നു മുറ്റത്തും പറമ്പിലും പൊങ്ങിയ വെള്ളത്തില്‍ ഒഴുകി നടക്കുന്നു. കൊക്കഞ്ചിറയില്‍ മഴയിലേക്ക് തുറന്നുവച്ച ഒരേഒരു വീട് ആനിയുടെതായിരുന്നു. ജനലിനു പിന്നില്‍ ആനി നിന്നു."

ആലാഹയുടെ പെണ്മക്കളില്‍ മഴയ്ക്ക് കണ്ണീരിന്റെ, പ്രതീക്ഷയുടെ, സ്വപ്നങ്ങളുടെയൊക്കെ മുഖമാണ്.

വെള്ളപ്പൊക്കത്തില്‍ എന്ന തകഴിയുടെ ചെറുകഥ മഴക്കെടുതിയുടെ ഫലം അനുഭവിക്കേണ്ടി വന്ന നായയുടെ കഥയാണ് പറയുന്നത്. തന്റെ യജമാനനെയും പ്രതീക്ഷിച്ചു ആ നായ കോരിച്ചൊരിയുന്ന മഴയത്തു പുരപ്പുറത്തു കാത്തു നില്‍ക്കുന്നു.

"മഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു ദിവസം. ദാസന്‍ കിടന്നുകൊണ്ട് വായിക്കുകയായിരുന്നു. അപ്പോളാണ് വെളിയില്‍ ചന്ദ്രികയുടെ ശബ്ദം കേട്ടത്. "ദാസേട്ടനില്ലേ ഇവിടെ?"ദാസന്‍ എഴുന്നേറ്റു ചെന്നു. മഴയേറ്റു നനഞ്ഞ ചന്ദ്രിക ഇറയത്തു നില്‍ക്കുന്നു. മഴ തട്ടി കറുത്ത പൊട്ടു നെറ്റിയിലാകെ നില്‍ക്കുന്നു. മുടിയില്‍ നിന്നു വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.അമ്മാവന്‍ വിളിക്കുന്നുഎന്തിനാഅമ്മാവന് സുഖമില്ല . അധികാ...ചന്ദ്രികയുടെ കണ്ണില്‍ കണ്ണീരോ മഴവെള്ളമോ ?"

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ മഴയ്ക്ക് കണ്ണീരിന്റെ നനവാണ്. ആ നൊമ്പരം മഴത്തുള്ളികളായി തൊട്ടുതലോടി മയ്യഴിയാകെ നിറഞ്ഞു പരക്കുന്നു. മഴയുടെ നനവിനെപ്പറ്റി പറയുന്ന മറ്റൊരു ഭാഗവും മയ്യഴിപ്പുഴയുടെ തീരങ്ങളിലുണ്ട്.
"നാളുകള്‍ കൊഴിഞ്ഞുപോകുന്നു. കിടക്കയില്‍ കിടന്നുകൊണ്ട് ജാലകത്തിനു വെളിയിലൂടെ ഗ്രീഷ്മവും വസന്തവും കടന്നുപോകുന്നത് മാസ്റ്റര്‍ കണ്ടു. ആദ്യത്തെ മഴത്തുള്ളികള്‍ ഉഷ്മളമായ മണ്ണില്‍ വീണപ്പോള്‍ സ്വന്തം ശരീരത്തില്‍ മഴ പെയ്യുന്നതുപോലെ അയാള്‍ പുളകംകൊണ്ടു. അനുസ്യൂതം പെയ്യുന്ന മഴയുടെ സംഗീതത്തില്‍ അയാള്‍ പുതിയ തലങ്ങളും സ്വരങ്ങളും കണ്ടെത്തി. മഴ പെയ്തു തീര്‍ന്ന ശേഷം തെളിഞ്ഞുവന്ന സൂര്യന്റെ ഊഷ്മളതയില്‍ നനഞ്ഞ സസ്യങ്ങളോടും മണ്ണിനോടുമൊപ്പം മനുഷ്യരും കോരിത്തരിച്ചു. സൂര്യപ്രകാശമേല്‍ക്കാതെ തന്നെ അയാള്‍ സൂര്യചൈതന്യത്തില്‍ മുങ്ങി. അങ്ങനെ ഋതുക്കള്‍ കടന്നുപോകുന്നു. "

"ഒരു പുതുമഴ നനയാന്‍ നീ കൂടെ ഉണ്ടായിരുന്നെന്ഖില്‍
ഓരോ തുള്ളിയേയും ഞാന്‍ നിന്റെ പേരിട്ട വിളിക്കുമായിരുന്നു.
ഓരോ തുള്ളിയായി ഞാന്‍ നിന്നില്‍ പെയ്തു കൊണ്ടിരിക്കുന്നു,
ഒടുവില്‍ നാം ഒരു മഴയാകും വരെ"

വിനയചന്ദ്രന്റെ 'മഴ' എന്ന കവിതയില്‍ മഴത്തുള്ളികളെ പ്രണയിനിയോട് ഉപമിക്കുന്നു.

മിഴിക്കു നീലാഞ്ചന പുന്ജമായും
ചെവിക്കു സംഗീതസാരമായും
മെയ്യിന്നു കര്‍പ്പൂര പൂരമായും
പുലര്‍ന്നു വന്നു പുതുവര്‍ഷകാലം
കവിക്ക്‌, കാമിക്കു ,
കൃഷീവലന് കരകക്കൊരഹ്ലാദ
രസം വളര്‍ത്തി ആവിര്‍ -
ഭവിക്കു നവനീല മേഖം
അഹോ കറുപ്പിന്‍ കമനീയ ഭാവം
വര്‍ഷാഗമത്തില്‍ മഴയ്ക്ക് പുതുമണ്ണിന്റെ മണമാണ്, കര്‍ഷകന്റെ സന്തോഷവും.

ഇടവമാസ പെരുമഴ പെയ്ത രാവതില്‍
കുളിരിനു കൂട്ടായി ഞാന്‍ നടന്നു...."

തെരുവോരത്ത് അനാഥയായി പിറന്നുവീഴേണ്ടിവന്ന ഒരു കുഞ്ഞിന്റെ കഥ ഈ വരികളിലൂടെ അനില്‍ പനച്ചൂരാന്‍ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു.

ഇനിയും എഴുതാത്ത, കാണാതെ പോയ എത്രയെത്ര മഴ കഥകള്‍ , കവിതകള്‍.... അതെ മഴ എപ്പോഴും തൂലികത്തുമ്പിലെ സ്വപ്നമാണ്. ആശ്വാസമാണ്, പ്രണയമാണ്, ചിലപ്പോള്‍ മരണവുമാണ്‌.

2 comments:

 1. മഴ പോലെ സുന്ദരമായ ഒന്നുമില്ല ..,അതുകൊണ്ടാവാം എഴുത്തുകാര്‍ മഴയെ ഏറെ സ്നേഹിക്കുന്നത് ..

  എനിക്കും ഇഷ്ട്ടമാണ് മഴയെ ഒത്തിരി ..ഒത്തിരി (എന്ന് കരുതി ഞാന്‍ എഴുത്തുകാരി ഒന്നുമല്ല കേട്ടോ )...വെറുതെ തോന്നിയ ഒരു ഇഷ്ടം എന്ന് പറയില്ലേ ..? അത് തന്നെ ..

  എനിക്കിഷ്ടായി മഴയെ പറ്റി അഞ്ജു എഴുതിയ ഓരോ വാക്കും ..
  ആശംസകള്‍ ..!

  ReplyDelete
 2. ചേച്ചീ അങ്ങനെ വീണ്ടും ഒരു മഴക്കാലം.മഴയെ കുറിച്ച് എത്ര വായിച്ചാലാ മതിയാകുക? മഴയെ എത്ര കണ്ടാലാ മതിയാകുക?
  ഈ ബ്ലോഗ് ഞാൻ കണ്ടിരുന്നുല്ല, മീനേഷേട്ടനാ കാണിച്ചു തന്നതു.

  ReplyDelete