Tuesday, May 11, 2010

അമ്മയ്‌ക്ക്‌...


`മിഥുനം - കര്‍ക്കടകം മാസങ്ങളിലെ മഴ അമ്മയെപ്പോലെയാണ്‌. ഓര്‍ക്കാതിരിക്കുമ്പോഴാണ്‌, നല്ല നേരമാണെന്ന്‌ വിചാരിച്ച്‌ അടുക്കുമ്പോഴാണ്‌ പൊട്ടിച്ചാടുക` -കര്‍ക്കടകം - എം ടി

മനസ്സില്‍ വിതുമ്പി നില്‍ക്കുന്ന ഒരു കണ്ണുനീര്‍ത്തുളളിയാണ്‌ അമ്മ. സ്‌നേഹത്തിന്റെ, ആശ്വാസത്തിന്റെ, സാന്ത്വനത്തിന്‍െറ ഓര്‍മ്മപ്പെടുത്തലായി അമ്മ നമ്മുടെയെല്ലാം ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നു.അതെ; അമ്മ തണലാണ്‌, നിലാവാണ്‌, ഓര്‍ക്കാപ്പുറത്ത്‌ പെയ്യുന്ന ചാറ്റല്‍ മഴയാണ്‌. ആ തണുപ്പാണ്‌ നന്മയും ദയയും സ്‌നേഹവുമെന്തെന്നു പഠിപ്പിക്കുന്നത്‌. മാറുന്ന ഈ ലോകത്ത്‌ അമ്മയെ ഓര്‍ക്കാന്‍ ഒരു ദിവസം, മെയ്‌ മാസത്തിലെ രണ്ടാം ഞായറാഴ്‌ച അങ്ങനെ അമ്മമാരുടെ ദിവസമായി.

വാത്സല്യത്തിന്‍െറയും വിശുദ്ധിയുടെയും ധര്‍മ്മത്തിന്‍െറയും പ്രതീകമായി ഇതിഹാസങ്ങളിലും ചരിത്രത്തിലും അമ്മമാര്‍ നിറഞ്ഞുനില്‌ക്കുന്നു. യുദ്ധത്തിനു പുറപ്പെടുമ്പോള്‍ അനുഗ്രഹം തേടിയെത്തുന്ന ദുര്യോധനനോട്‌ ഗാന്ധാരി പറഞ്ഞത്‌ `യതോ ധര്‍മ്മ: സ്‌തോ ജയ:` (എവിടെ ധര്‍മ്മമുണ്ടോ അവിടെ വിജയമുണ്ടാകും) എന്നാണ്‌. ആ വാക്കുകളാണ്‌ ഇതിഹാസങ്ങളിലെ അമ്മമാരില്‍ ഗാന്ധാരിയുടെ പേരിനു രത്നത്തിളക്കം നല്‍കുന്നത്.

രാമായണം രാമന്‍െറ കഥയാണ്‌. എന്നാല്‍ രാമായണത്തിലെ അമ്മ സുമിത്രയാണ്‌; രാമന്‍െറ നിഴലായി നടന്ന ലക്ഷ്‌മണന്‍െറ അമ്മ. മകന്‍ രാജ്യസൗഭാഗ്യങ്ങളുപേക്ഷിച്ച്‌ കാട്ടിലേക്ക്‌ യാത്ര തിരിക്കുമ്പോള്‍ പറയുന്ന വാക്കുകളാണ്‌ രാമായണത്തിലെ പ്രധാന ഭാഗമായി കണക്കാക്കുന്നത്‌.

`രാമം ദശരഥം വിദ്ധിം
മാം വിദ്ധിം ജനകാത്മജാം
അയോദ്ധ്യാം അടവീം വിദ്ധിം
ഗച്ഛ താത യഥാ സുഖം` (രാമനെ ദശരഥനായും സീതയെ അമ്മയായും വനത്തെ അയോദ്ധ്യയായും കണ്ട്‌ യാത്രയാകുക). അതുകൊണ്ടുതന്നെയാണ്‌ ആ അമ്മ ഇതിഹാസങ്ങളില്‍ എന്നും നിറഞ്ഞുനില്‌ക്കുന്നത്‌.
ഗ്രീക്ക്‌ ദൈവങ്ങളുടെ മാതാവായ സൈബലിന്‍െറ ഓര്‍മ്മയ്‌ക്ക്‌ പുരാതന ഗ്രീസില്‍ ആരാധന നടത്തുമായിരുന്നു. പുരാതന റോമില്‍ മാട്രോനാലിയ എന്ന പേരില്‍ റോമന്‍ ദേവത ജൂണോയെ അനുസ്‌മരിച്ച്‌ മാതൃത്വത്തിനു വേണ്ടി ഒരു ദിവസം സമര്‍പ്പിച്ചു. ഇതൊക്കെയാവാം മാതൃത്വത്തിന്‌ വേണ്ടി ഒരു ദിവസം എന്ന ആശയത്തിന്‌ വഴിതെളിച്ചത്‌.

1909 ഫെബ്രുവരി 28ന്‌ അമേരിക്കയിലാണ്‌ ലോക മാതൃത്വദിനം ആദ്യമായി ആഘോഷിച്ചത്‌. 1912 മുതലാണ്‌ മെയ്‌ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച മദേഴ്‌സ്‌ ഡേയായി കണക്കാക്കി തുടങ്ങിയത്‌. പാശ്‌ചാത്യനാടുകളില്‍ ഈ ദിവസം കുട്ടികള്‍ അമ്മമാര്‍ക്ക്‌ വെളുത്തപൂക്കള്‍ സമ്മാനമായി നല്‍കുന്ന പതിവുണ്ട്‌.

കാലം മാറി, വിഷുവും ഓണവുമൊക്കെ മാറി എന്നു പറയുമ്പോഴും നമ്മുടെയൊക്കെ മനസ്സില്‍ അമ്മ എന്ന വികാരത്തിന്‌ മാറ്റം വരാറില്ല. അതുകൊണ്ടുതന്നെ ഉത്സവദിനങ്ങളും പ്രണയദിനവുമൊക്കെ കച്ചവടമാകുമ്പോഴും എന്തുകൊണ്ടോ മദേഴ്‌സ്‌ ഡേയെ ഇതു വരെ നാം കച്ചവടവത്‌കരിച്ചില്ല. അമ്മയെ ഓര്‍ക്കാന്‍ പ്രത്യേക ഒരു ദിവസം വേണ്ട എന്നതു കൊണ്ടാവാം.

അമ്മമാര്‍ക്കു വേണ്ടിയുളള ഈ ദിനത്തില്‍, എസ്‌ എം എസുകളിലൂടെ പ്രചരിക്കുന്ന ഈ വാക്കുകള്‍ക്ക്‌ നമുക്ക്‌ കാതോര്‍ക്കാം.

`എന്താണ്‌ അമ്മയുടെ പ്രത്യേകത?

ഞാന്‍ മഴ നനഞ്ഞ്‌ വീട്ടില്‍ വരുമ്പോള്‍, സഹോദരന്‍ ചോദിക്കും നീ എന്താ കുട എടുക്കാത്തെ?
സഹോദരി ഉപദേശിക്കും, നിനക്ക്‌ മഴ തീരുന്നതു വരെ കാത്തുനിന്നുകൂടെ?
അച്ഛന്‍ ദേഷ്യപ്പെടും, പനി പിടിക്കുമ്പോഴെ പഠിക്കൂ
പക്ഷേ അമ്മ, തല തോര്‍ത്തി തന്നിട്ടു പറയും... ഈ മഴക്കെന്താ എന്‍െറ കുഞ്ഞ്‌ വീട്ടിലെത്തുന്നതു വരെ കാത്തുനിന്നുകൂടെ, എന്നിട്ടു പെയ്‌താല്‍ പോരെ? അതാണ്‌ അമ്മ!`


സമര്‍പ്പണം: എന്‍െറ അമ്മയ്‌ക്ക്‌... നിങ്ങളുടെ അമ്മയ്‌ക്ക്‌... നമ്മുടെയെല്ലാം അമ്മമാര്‍ക്ക്‌...

3 comments:

  1. അമ്മക്ക്.. വളരെ നല്ലത്

    ReplyDelete
  2. ഏപ്രിൽ 14 മുതൽ ഇന്നു വരെ 32 പോസ്റ്റുകൾ ഒന്നിൽ പോലും ഒരു കമന്റ് കണ്ടില്ല .എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല ഇതെങ്ങനെ സംഭവിച്ചു.

    അതും പല ലേഖനങ്ങളും വളരെയധികം അറിവുകൾ പങ്കുവെക്കുന്നു ഒന്നു രണ്ടു കഥകൾ വളരെ നന്നായി തോന്നി സീതയുടേത് പിന്നെ ഒരു പെൺകുട്ടിയുടെ അങ്ങനെ ചിലത് എന്നിട്ടും ഈ ബ്ലോഗ്ഗ് എങ്ങിനെ തികച്ചും വിർജിനായി നിൽക്കുന്നു എത്ര വിസിബിലിറ്റി കുറഞ്ഞാലൂം ഇങ്ങനെ വരാൻ വഴിയില്ല പ്രത്യേകിച്ച് ഒരു ലേഡി ബ്ലൊഗ്ഗിൽ (അതൊരു സത്യമാണല്ലൊ ‌)സത്യത്തിൽ കമന്റോപ്ഷൻ ഇല്ല എന്നാ കരുതിയത് അതോ ഇനി മോഡറേഷൻ പരിപാടിയാണോ ? എന്തേലുമാവട്ടെ ഈ പ്രയത്നം തീർച്ചയായും പ്രതികരണം അർഹിക്കുന്നു എന്ന തോന്നലിൽ ഇത്രയും എഴുതുന്നു .അഭിനന്ദനങ്ങൾ

    ReplyDelete
  3. ദൈവമേ പറഞ്ഞു നാക്കു വായിലിട്ടതെ ഉള്ളൂ ദേ കിടക്കുന്നു ഇതാദ്യം കണ്ടിരുന്നെ മിണ്ടാതെ നന്നായി പറഞ്ഞു ഞാനെന്റെ വഴിയേ പോയേനെ.

    ReplyDelete