Saturday, May 22, 2010

അമ്പതു വയസുള്ള 'യുവനടന്‍'








മലയാള സിനിമാ ലോകത്ത്‌ 30 വര്‍ഷമായി നിറഞ്ഞു നില്‌ക്കുന്ന ഒരു സാന്നിധ്യമുണ്ട്‌. ആബാലവൃദ്ധം ജനങ്ങളെയും ചിരിപ്പിച്ചും കരയിപ്പിച്ചും അദ്ദേഹം സിനിമാലോകത്ത്‌ തന്‍േറതായ ഒരു സ്ഥാനം സ്വന്തമാക്കി. നര്‍മ്മം തുളുമ്പുന്ന പ്രാരബ്‌ധക്കാരനായും അത്ഭുതപ്പെടുത്തുന്ന ഗായകനായും നര്‍ത്തകനായും കരുണയുള്ള അധോലോക നായകനായും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഇഷ്‌ടപ്പെട്ട നടനാര്‌? എന്ന ചോദ്യത്തിന്‌ ഒട്ടു മിക്ക പേരും പേര്‌ പറയുന്നത്‌ തന്നെ ജനങ്ങലുടെ മനസ്‌സില്‍ അദ്ദേഹത്തിന്‌ ലഭിച്ച സ്ഥാനത്തിന്‌ തെളിവാണ്‌. അദ്ദേഹം നടന്‍ മാത്രമല്ല, ഭടനും നിര്‍മ്മാതാവും പിന്നണിഗായകനും വ്യവസായിയും ഒക്കെയാണ്‌. അങ്ങനെ ഒരാളെ നമുക്കുള്ളൂ, അതേ ഒരേ ഒരു മോഹന്‍ലാല്‍. അദ്ദേഹത്തിന്‌ 50 വയസ്‌സായെന്ന വസ്‌തുത അംഗീകരിക്കുവാന്‍ നമ്മുടെയൊക്കെ മനസ്‌സ്‌ സമ്മതിക്കില്ല.

1960 മെയ്‌ 21ന്‌ വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും മകനായി
പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ജനിച്ച മോഹന്‍ലാല്‍ പിന്നീട്‌ തിരുവനന്തപുരത്തേക്ക്‌ താമസം മാറ്റുകയായിരുന്നു. കര്‍മ്മം കൊണ്ട്‌ തിരുവനന്തപുരത്തുകാരനായ മോഹന്‍ലാല്‍ തന്‍െറ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌ തിരുവനന്തപുരം മോഡല്‍ ഹൈസ്‌കൂളിലായിരുന്നു. സ്‌കൂളിലെ മികച്ച നടനുളള സമ്മാനം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌. ബിരുദപഠനം നടത്തിയ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലും മികച്ച നടന്‍ അദ്ദേഹമായിരുന്നു. 1988ല്‍ സുചിത്രയെ മോഹന്‍ലാല്‍ തന്‍െറ ജീവിതസഖിയാക്കി. ദമ്പതികള്‍ക്ക്‌ പ്രണവ്‌, വിസ്‌മയ എന്നീ രണ്ടു മക്കളുണ്ട്‌.

പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു, എം ജി ശ്രീകുമാര്‍ എന്നിവരോടുള്ള സൗഹൃദം മോഹന്‍ലാലിലെ കലാകാരനു നല്‍കിയ സംഭാവന വളരെ വലുതാണ്‌. ചങ്ങാതിമാരുമായുളള ഇന്ത്യന്‍ കോഫി ഹൗസിലെ ഒത്തുച്ചേരലുകള്‍ മോഹന്‍ലാല്‍ എന്ന നടനിലെ വളര്‍ച്ചയെ വളരെയധികം സഹായിച്ചു എന്ന്‌ പറയാതെ വയ്യ. അവിടെ വച്ചാണ്‌ മോഹന്‍ലാലിന്‍െറ അഭിനയത്തോടുള്ള അടങ്ങാത്ത തൃഷ്‌ണമനസ്‌സിലാക്കി സുഹൃത്തുക്കള്‍ തിരനോട്ടം എന്ന ചിത്രം പുറത്തിറക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍ തിരനോട്ടത്തിലെ കുട്ടപ്പന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്‌ പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കിയില്ല. പിന്നീട്‌ ഫാസിലിന്‍െറ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രമായി മോഹന്‍ലാല്‍ അരങ്ങിലെത്തി. വ്യത്യസ്‌തനായൊരു വില്ലനെയാണ്‌ മലയാളികള്‍ അന്ന്‌ കണ്ടത്‌. പിന്നീട്‌ അങ്ങോട്ട്‌ അത്തരം കഥാപാത്രങ്ങള്‍ ഒട്ടനവധി ചെയ്യേണ്ടി വന്നെങ്കിലും പൂച്ചയ്‌ക്കൊരു മൂക്കുത്തിയിലൂടെ മോഹന്‍ലാല്‍ ഹാസ്യവേഷങ്ങള്‍ ചെയ്‌തു തുടങ്ങി.

നിരവധി പ്രശ്‌നങ്ങള്‍ക്കിടയില്‍ നട്ടം തിരിയുമ്പോഴും ജീവിതത്തെ ലാഘവത്തോടെ കാണുന്ന കുറെ കഥാപാത്രങ്ങളെ മോഹന്‍ലാല്‍ നമുക്ക്‌ സമ്മാനിച്ചു. അരം + അരം =കിന്നരത്തിലെ ഉണ്ണിയും ബോയിംഗ്‌ ബോയിംഗിലെ ശ്യാമും മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുവിലെ ശംഭുവും ഹലോ മൈ ഡിയര്‍ റോംഗ്‌ നമ്പരിലെ വേണുഗോപാലും അവയില്‍ ചിലതാണ്‌. സന്മനസ്‌സുള്ളവര്‍ക്ക്‌ സമാധാനത്തിലെ വീട്ടുടമസ്ഥനായ ഗോപാലകൃഷ്‌ണപണിക്കരെ ആര്‍ക്കാണ്‌ മറക്കാന്‍ സാധിക്കുക? `മേം ഗൂര്‍ഖാ ഹും ഹൈം ഹോ` എന്നു പറഞ്ഞ റാം സിംഗ്‌ എന്ന ഗൂര്‍ഖയുടെ വേഷം കെട്ടേണ്ടി
ന്ന സേതു എന്ന പട്ടിണി പാവത്തിനെ ഗാന്ധിനഗര്‍ സെക്കന്റ്‌ സ്‌ട്രീറ്റ്‌ എന്ന സിനിമയിലൂടെ നമ്മള്‍ ഇരുകൈയും നീട്ടിയാണ്‌ സ്വീകരിച്ചത്‌.

എന്നാല്‍ ഹാസ്യനായകന്‍െറ പരിവേഷത്തില്‍ നിന്നും മോഹന്‍ലാലിനെ ആക്‌ഷന്‍ ഹീറോ പട്ടത്തിലേക്ക്‌ എത്തിച്ച സിനിമയാണ്‌ രാജാവിന്‍െറ മകന്‍. ഇരുപതാം നൂറ്റാണ്ടിലെ അധോലോകനായകനായ സാഗര്‍ ഏലിയാസ്‌ ജാക്കി എന്ന കഥാപാത്രം മോഹന്‍ലാലിന്‌ സൂപ്പര്‍സ്‌റ്റാര്‍ പദവി നേടി കൊടുത്തു. ഇടയ്‌ക്കു വച്ചു മരണം കവര്‍ന്നു പോയ സണ്ണി സുഖമോ ദേവിയില്‍ നിറഞ്ഞു നില്‌ക്കുന്നു. ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോഴും നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമനും തൂവാനത്തുമ്പികളിലെ മണ്ണാര്‍തൊടി ജയകൃഷ്‌ണനും മോഹന്‍ലാലിന്‍െറ കൈയില്‍ ഭദ്രമായിരുന്നു. `എല്ലാത്തിനും അതിന്റേതായ സമയമുണ്ട്‌ വിജയാ` എന്നു പറയുന്ന ബികോം ഫസ്‌റ്റ്‌ ക്‌ളാസ്‌കാരനായ രാംദാസിനെ നാമൊക്കെ എത്ര സ്‌നേഹിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ്‌ നാടോടിക്കാറ്റിനും പട്ടണപ്രവേശനത്തിനും അക്കരെയക്കരെയക്കരെയ്‌ക്കും ശേഷം അതിന്‍െറ നാലാം ഭാഗത്തിനായി നാം കാത്തിരിക്കുന്നത്‌.

കുസൃതിക്കാരനായ വിഷ്‌ണു തിയേറ്ററുകളില്‍ നിറഞ്ഞു നിന്നത്‌ എല്ലാ റെക്കോഡുകളെയും ഭേദിച്ചു കൊണ്ടാണ്‌. ചിത്രം ഇന്നും മലയാളത്തിലെ സൂപ്പര്‍ഹിറ്റ്‌ സിനിമയാണ്‌. ഇടവഴിയില്‍ ജീവിതം കൈവിട്ടു പോയ സേതുമാധവനിലൂടെ ഒരു മനുഷ്യന്‍ എങ്ങനെയാണ്‌ തകരുന്നതെന്ന്‌ നാം കിരീടത്തിലൂടെയും ചെങ്കോലിലൂടെയും കണ്ടു. ദശരഥത്തിലെ പണക്കാരനായ രാജീവ്‌ മേനോന്‍ പിതൃത്വത്തെക്കുറിച്ച്‌ അതു വരെയുണ്ടായിരുന്ന സങ്കല്‍പ്പത്തെ മാറ്റിമറിക്കാന്‍ സഹായിച്ചു. ഏയ്‌ ഓട്ടോയിലെ സുധിയും കിലുക്കത്തിലെ ജോജിയും നമ്പര്‍ 20 മദ്രാസ്‌ മെയിലിലെ ടോണി കുരിശിങ്കലും മിന്നാരത്തിലെ ബോബിയും തേന്മാവിന്‍ കൊമ്പത്തിലെ മാണിക്യനും മണിച്ചിത്രത്താഴിലെ ഡോക്‌ടര്‍ സണ്ണിയും യോദ്ധയിലെ തളിപ്പറമ്പില്‍ അക്കോസേട്ടനും നമ്മെ ഇപ്പോഴും ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലോ?

കമലദളത്തിലെ നര്‍ത്തകനായ നന്ദഗോപനും വാനപ്രസ്ഥത്തിലെ കഥകളിനടനായ കുഞ്ഞുകുട്ടനും മോഹന്‍ലാലിന്‍െറ എടുത്തു പറയേണ്ട കഥാപാത്രങ്ങളാണ്‌. സംഗീതവാസന ഉള്ളില്‍ ഉള്ളതു കൊണ്ടാവാം ഗായകനായ ഭരതത്തിലെ കലൂര്‍ ഗോപിനാഥന്‍െറ വേഷം അദ്ദേഹം ഭദ്രമാക്കി. ആര്‍ദ്രഭാവങ്ങള്‍ ഉള്ളിലൊളിപ്പിച്ച അധോലോകനായകന്മാരായ ആര്യനിലെ ദേവനാരായണനും അഭിമന്യുവിലെ ഹരിയും സ്‌ഫടികത്തിലെ തെമ്മാടിയായ ആടു തോമയും മോഹന്‍ലാല്‍ അനശ്വരമാക്കി. രോഗാതുരരായ കഥാപാത്രങ്ങളെ ഒതുക്കത്തോടെ കൈകാര്യം ചെയ്‌ത മോഹന്‍ലാലിന്‍െറ എടുത്തു പറയേണ്ട കഴിവാണ്‌. മനോരോഗികളായ താളവട്ടത്തിലെ വിനോദും വടക്കുംനാഥനിലെ ഇരിങ്ങന്നൂര്‍ ഭരതപിഷാരടിയും തന്മാത്രയിലെ ഓര്‍മ്മ നഷ്‌ടപ്പെട്ടു പോയ രമേശന്‍ നായരും ചന്ദ്രോത്സവത്തിലെ അര്‍ബുദരോഗിയായ ചിറക്കല്‍ ശ്രീഹരിയും മോഹന്‍ലാലിന്‍െറ മനോഹരമായ കഥാപാത്രങ്ങളാണ്‌.

സ്വന്തം പേരില്‍ ഏറ്റവും കൂടുതല്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച നടനാണ്‌ മോഹന്‍ലാല്‍. തകിലുകൊട്ടാമ്പുറം, ധന്യ, പാവം പൂര്‍ണ്ണിമ, നസീമ, കൊലകൊമ്പന്‍, ആധിപത്യം, താവളം, അറബിക്കടല്‍, വേട്ട, തിരകള്‍ എന്നിവ അവയില്‍ ചിലതാണ്‌.

തമിഴില്‍ ഐശ്വര്യറായോടൊപ്പം ഇരുവരിലും കമല്‍ഹാസനോടൊപ്പം ഉന്നൈപ്പോല്‍ ഒരുവനിലും മോഹന്‍ലാല്‍ അഭിനയിച്ചു. രാം ഗോപാല്‍ വര്‍മ്മയുടെ ആഗിലൂടെയും കമ്പനിയിലൂടെയും മോഹന്‍ലാല്‍ ഹിന്ദിയില്‍ തന്‍െറ സാന്നിധ്യം അറിയിച്ചു. കന്നടയില്‍ ലവ്‌ എന്ന ചിത്രത്തില്‍ അദ്ദേഹം ടാക്‌സി ഡ്രൈവറായി വേഷമിട്ടു. തെലുങ്കില്‍ ഗണദേവം എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ അമിതാഭ്‌ ബച്ചനോടൊപ്പം കാണ്ഡഹാര്‍ എന്ന മലയാള ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ അദ്ദേഹം.

ഗായകനായും മോഹന്‍ലാല്‍ തിളങ്ങിയിട്ടുണ്ട്‌. കണ്ടു കണ്ടറിഞ്ഞുവിലെ `നീയറിഞ്ഞോ` ചിത്രത്തിലെ `കാടുമീ` കണ്ണെഴുതി പൊട്ടും തൊട്ടിലെ `കൈതപ്പൂവിന്‍` ഭ്രമരത്തിലെ `അണ്ണാറക്കണ്ണാ` ഒരു നാള്‍ വരും എന്നതിലെ `നാത്തൂനേ` എന്നിവ അവയില്‍ ചിലതാണ്‌.

2001ല്‍ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിനു പദ്‌മശ്രീ നല്‍കി ആദരിച്ചു. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ ചിത്രങ്ങളിലെ അഭിനയത്തെ വിലയിരുത്തി അദ്ദേഹത്തിന്‌ ലഫ്‌റ്റനന്റ്‌ കേണല്‍ പദവി നല്‌കി. 2009ല്‍ കാലടി സര്‍വകലാശാല അദ്ദേഹത്തിന്‌ ഡി.ലിറ്റ്‌ നല്‍കി. 1989ല്‍ കിരീടത്തിലെ അഭിനയത്തിനും 1991ല്‍ ഭരതത്തിനും 1999ല്‍ വാനപ്രസ്ഥത്തിലെ അഭിനയത്തിനും അദ്ദേഹത്തിന്‌ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഒന്‍പത്‌ തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും വിവിധ ജനപ്രിയ പുരസ്‌കാരങ്ങളും മോഹന്‍ലാലിനെ തേടിയെത്തിയിട്ടുണ്ട്‌.

അമ്പതാം വയസ്‌സിന്‍െറ പടിവാതിലില്‍ നില്‍ക്കുമ്പോഴും നമ്മുടെയൊക്കെ മനസ്‌സില്‍ മോഹന്‍ലാലിന്‌ ഒരു കുസൃതിക്കാരന്‍െറ മുഖമാണ്‌. റോക്ക്‌ ആന്‍ റോളില്‍ `മൈ ഡിസ്‌റ്റര്‍ബന്‍സ്‌ വില്‍ ബി ബ്‌ളസിംഗ്‌സ്‌` എന്നു പറഞ്ഞു കടന്നു വരുന്ന ചന്ദ്രമൗലിയെ പോലെ സാന്നിധ്യം മലയാളത്തില്‍ അനുഗ്രഹമായി നിറഞ്ഞു നില്‌ക്കട്ടെ....

1 comment:

  1. ezhuthu reethi nannayittund.

    സ്വന്തം പേരില്‍ ഏറ്റവും കൂടുതല്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച നടനാണ്‌ മോഹന്‍ലാല്‍. തകിലുകൊട്ടാമ്പുറം, ധന്യ, പാവം പൂര്‍ണ്ണിമ, നസീമ, കൊലകൊമ്പന്‍, ആധിപത്യം, താവളം, അറബിക്കടല്‍, വേട്ട, തിരകള്‍ എന്നിവ അവയില്‍ ചിലതാണ്‌.

    ithenthanennu manasilayilla. thakilukottamburathil lalinu vere peralle. baaki padangalil enikormayilla. pinne sarvakalasalayil ullath lalinte peranu... ente ormappisakano ennariyilla.
    ok congrads. inium ezhuthuka...

    ReplyDelete