Friday, July 2, 2010

`രാവണ്‍` പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല


ഏറെ നാളുകളുടെ കാത്തിരിപ്പിനു ശേഷം പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ രാവണ്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. രാവണ്‍ എന്നാണ്‌ ചിത്രത്തിന്റെ പേരെങ്കിലും അതിന്‌ ഐതിഹ്യവുമായി യാതൊരു സാമ്യവുമില്ല. മണിരത്‌നത്തിന്റെ കഴിവും ടീം വര്‍ക്കും ചിത്രത്തിന്റെ പുറകില്‍ ഉണ്ടെന്നത്‌ വാസ്‌തവമാണ്‌. എന്നാല്‍ അത്യന്തം നാടകീയമായ ദൃശ്യങ്ങള്‍ പലപ്പോഴും ചിത്രത്തിന്റെ താളം നഷ്‌ടപ്പെടുത്തുന്നു.

ഉത്തരേന്ത്യയിലെ ഒരു ചെറിയ പട്ടണത്തിലെ പൊലീസുദ്യോഗസ്ഥനായ ദേവിന്റെ (വിക്രം) ഭാര്യ രാഗിണിയെ (ഐശ്വര്യ റായ്‌) ആദിവാസി നേതാവായ ബീര (അഭിഷേക്‌ ബച്ചന്‍) തട്ടിക്കൊണ്ടു പോകുന്നു. ദേവ്‌ തന്‍െറ വിശ്വസ്‌തനായ ലഫ്‌റ്റനന്റ്‌ ഹേമന്തിനൊപ്പം (നിഖില്‍ ദ്വിവേധി) ഫോറസ്‌റ്റ്‌ ഗാര്‍ഡ്‌ സഞ്‌ജീവനിയുടെ (ഗോവിന്ദ) സഹായത്തോടെ തന്റെ ഭാര്യയെ അന്വേഷിച്ച്‌ യാത്ര തിരിക്കുന്നു. കൊടുങ്കാട്ടില്‍ വച്ച്‌ ദേവും ബീരയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നു.

ഇതിഹാസ കഥയായ രാമായണത്തിന്‌ തന്റേതായ ഒരു ആഖ്യാനം നല്‍കാന്‍ മണിരത്‌നം ഈ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നു. രാമന്‌ രാവണനാകാനും രാവണന്‌ രാമനാകാനും കഴിയുമെന്ന്‌ അദ്ദേഹം ഈ ചിത്രത്തില്‍ സൂചിപ്പിക്കുന്നു. ചിത്രത്തിന്‍െറ ആദ്യ പകുതിയില്‍ ബീരയെ അന്വേഷിച്ചുള്ള ദേവിന്‍െറ യാത്രയാണ്‌ കാണിക്കുന്നത്‌. ഒരു പരിധി കഴിയുമ്പോള്‍ അത്‌ പ്രേക്ഷകരെ ബോറടിപ്പിക്കുന്നു. ബീരയുടെയും കൂട്ടരുടെയും യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്നതില്‍ മണിരത്‌നം പരാജയപ്പെട്ടു. ശരിക്കും അവര്‍ നക്‌സലുകളാണോ അതോ ആധുനിക ലോകത്തെ റോബിന്‍ഹുഡ്‌ സംഘമാണോ എന്ന ചിന്ത പ്രേക്ഷകരെ ഉടനീളം അലട്ടുന്നു. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം പകുതി ആവേശമാകുന്നു. അസാധാരണമായ അന്ത്യമാണ്‌ ചിത്രത്തില്‍ നമ്മെ കാത്തിരിക്കുന്നത്‌. രാഗിണിക്ക്‌ ബീരയോടുള്ള കാഴ്‌ചപ്പാടില്‍ ഉണ്ടാകുന്ന മാറ്റം നന്നായി ചിത്രീകരിച്ചിരിക്കുന്നു.
അഭിഷേകിന്റെ നല്ലൊരു കഥാപാത്രമായി ബീരയെ കണക്കാക്കാന്‍ നമുക്കൊരിക്കലും സാധിക്കില്ല. ഐശ്വര്യയും രാവണില്‍ പ്രതീക്ഷിച്ചത്ര പ്രകടനം കാഴ്‌ച വച്ചിട്ടില്ല എന്നു വേണം പറയാന്‍. ബീരയോടുള്ള കാഴ്‌ചപ്പാടില്‍ രാഗിണിക്കുണ്ടാകുന്ന മാറ്റം അവിസ്‌മരണീയമാക്കാന്‍ ഐശ്വര്യയ്‌ക്ക്‌ സാധിച്ചില്ല. എന്നാല്‍ ബീരയുടെ സഹോദരിയുടെ വേഷം പ്രിയാമണിയുടെ കൈകളില്‍ ഭദ്രമായിരുന്നു.

സാധാരണ സിനിമകളിലൊന്നും കാണാത്ത കേരളത്തിലെ നിബിഡ വനങ്ങളിലാണ്‌ രാവണിന്റെ ചിത്രീകരണം നടന്നത്‌. അപകടസാധ്യതയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടവും ചിത്രത്തിന്‌ പശ്‌ചാത്തലമായി ഉപയോഗിച്ചിട്ടുണ്ട്‌.
എ ആര്‍ റഹ്‌മാന്‍െറ മാസ്‌മരസംഗീതം ചിത്രത്തില്‍നിറഞ്ഞു നില്‌ക്കുന്നുണ്ട്‌.എങ്കിലും കോടികളുടെ മുതല്‍ മുടക്കില്‍ പുറത്തിറങ്ങിയ പ്രഗല്‌ഭനായ ഒരു സംവിധായകന്റെ ചിത്രത്തില്‍ നിന്നും ഇതിലേറെ നാം പ്രതീക്ഷിച്ചിരുന്നു.

കഥ, സംവിധാനം :

മണിരത്നംഅഭിനേതാക്കള്‍ : അഭിഷേക് ബച്ചന്‍, ഐശ്വര്യാ റായ്, വിക്രം, ഗോവിന്ദ, പ്രിയാമണിസംഗീതം : എ ആര്‍ റഹ്മാന്‍ക്യാമറ : സന്തോഷ്‌ ശിവന്‍

No comments:

Post a Comment