Sunday, October 24, 2010

എല്‍സമ്മ "ആണ്‍കുട്ടി" തന്നെ











ഗ്രാമ നന്മയിലേക്ക് ക്യാമറ തുറക്കുന്ന മറ്റൊരു ലാല്‍ജോസ് ചിത്രം കൂടി. മീശമാധവനിലൂടെ ചേക്ക് എന്ന സങ്കല്‍പ്പ ഗ്രാമത്തിന്‍റെ കഥ പറഞ്ഞു കൊട്ടകകളെ ഉത്സവപ്പറമ്പാക്കിയ ലാല്‍ജോസ് ഇത്തവണ ബാലന്‍പിള്ള സിറ്റി എന്ന ഹൈറേഞ്ച് ഗ്രാമത്തിന്‍റെ കഥയാണ് എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ പറയുന്നത്.


ബാലന്‍പിള്ള സിറ്റിയില്‍ ഒരു കുടുംബത്തിന്‍റെ മുഴുവന്‍ ചുമതലയുള്ള ആണിന്റെ തന്റേടമുള്ള എല്‍സമ്മ ജീവിക്കുന്നു. ഒരു പത്രത്തിന്‍റെ പ്രാദേശിക ലേഖികയും ഏജന്റുമാണ് എല്‍സമ്മ. തന്റെ ഗ്രാമത്തില്‍ നടക്കുന്ന ഓരോ അനീതിക്കെതിരെയും എല്‍സമ്മ പത്രത്തിലൂടെ പ്രതികരിക്കുന്നു. ക്ഷീര കര്‍ഷകനായ പാലുണ്ണിക്ക് എല്‍സമ്മയോട് പ്രണയമാണ്, പക്ഷേ അതു തുറന്നു പറയാന്‍ അയാള്‍ക്ക് ധൈര്യമില്ല. നാട്ടിലെ പണക്കാരനും എല്‍സമ്മയുടെ പിതൃതുല്യനുമായ പാപ്പന്‍ വഴി ആ ഇഷ്ടം അറിയിക്കാന്‍ പാലുണ്ണി ശ്രമിക്കുന്നുണ്ടെങ്കിലും ആ ശ്രമം വിജയിക്കുന്നില്ല. പാപ്പന്‍റെ കൊച്ചുമകന്‍ എബിയുടെ വരവോടെ കഥാഗതിയില്‍ മാറ്റമുണ്ടാകുന്നു. അതു വരെ നര്‍മ്മത്തില്‍ ചാലിച്ചു പറഞ്ഞിരുന്ന കഥയില്‍ വില്ലത്തരവും സെന്റിമെന്‍സുമൊക്കെ കടന്നു വരുന്നു. ഗ്രാമത്തിന്‍റെ നിഷ്‌കളങ്കതയിലേക്ക് നാഗരികതയുടെ പൊള്ളത്തരങ്ങളുമായി എത്തുന്ന കുറച്ചു ചെറുപ്പക്കാരുടെ കുസൃതികളിലൂടെയാണ് കഥ വികസിക്കുന്നത്.

അഭിനേതാക്കളെല്ലാം തന്നെ നല്ല നിലവാരം പുലര്‍ത്തി. പുതുമുഖത്തിന്‍റെ യാതൊരു വിധ പതര്‍ച്ചയുമില്ലാതെയാണ് ആന്‍ അഗസ്റ്റിന്‍ എല്‍സമ്മ എന്ന കഥാപാത്രം ഭദ്രമാക്കിയത്. വക്രബുദ്ധിയും കുടിലതയുമുള്ള പഞ്ചായത്ത് മെമ്പര്‍ രമണനെ ജഗതി ശ്രീകുമാറും നാട്ടിലെ വ്യാജവാറ്റുകാരനും ചെറുകിട അബ്കാരിയുമായ കരിപ്പള്ളിയില്‍ സുഗുണനെ വിജയരാഘവനും പഞ്ചായത്ത് തൂപ്പുകാരി സൈനബയെ സുബിയും അവതരിപ്പിച്ചു.

അഭിനയത്തില്‍ ഏറെ മികവു പുലര്‍ത്തി എബിയെ അവതരിപ്പിച്ച ഇന്ദ്രജിത്ത് വേറിട്ട്‌ നിന്നു . ഹാസ്യവും വില്ലത്തരവും സെന്റിമെന്‍സുമെല്ലാം ഇന്ദ്രജിത്ത് തന്മയത്തോടെ അവതരിപ്പിച്ചു. മണിക്കുട്ടന്‍റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷമാണ് ഈ ചിത്രത്തിലെ ജെറി. ചോകേ്‌ളറ്റ് നായക പരിവേഷങ്ങളില്‍ നിന്ന് കുഞ്ചാക്കോ ബോബന് ലഭിച്ച മോചനമാണ് എല്‍സമ്മയിലെ പാലുണ്ണി. സ്വന്തമായി സിറ്റിയുള്ള ബാലന്‍പിള്ളയെ അവതരിപ്പിച്ചത് ജനാര്‍ദ്ദനനും പാപ്പനെ അവതരിപ്പിച്ചത് നെടുമുടി വേണുവുമാണ്. ചിലയിടങ്ങളില്‍ കഥയ്ക്ക് ഒരുപാട് ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ട്. എന്നാലും സിന്ധുരാജ് തിരക്കഥയോട് പരമാവധി നീതി പുലര്‍ത്തി.

ചിത്രീകരണത്തിന്‍റെ മികവു എല്ലാ ലാല്‍ ജോസ് ചിത്രങ്ങളെയും പോലെ എല്‍സമ്മയിലും കാണാം. ലാല്‍ജോസിന്‍റെ പതിവു ശൈലിയിലാണ് എല്‍സമ്മയും എന്ന് ആരോപണമുയര്‍ന്നിട്ടുണ്ടെങ്കിലും നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ തിരിച്ചു വരുന്നു എന്ന നല്ല സൂചനയാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി നല്കുന്നത്. അതോടൊപ്പം സുപര്‍ താര ബഹളങ്ങള്‍ക്കപ്പുറത്ത് സിനിമ ഒരിക്കല്‍ കൂടി സംവിധായകന്‍റെ കലയായി മാറുന്നു എന്ന ശുഭസൂചനയും എല്‍സമ്മയിലൂടെ വീണ്ടും മലയാളത്തില്‍ എത്തുന്നു .

3 comments:

  1. എല്‍സമ്മ മിടുക്കന്‍ ആണെന്ന് കേട്ടു , കാണാന്‍ ഒത്തില്ല
    ഇത് വരെ.കഥ പോലെ തന്നെ ലളിതമായ
    വിവരണവും..നന്ദി

    ReplyDelete
  2. എല്‍സമ്മ സൂപ്പര്‍ ..... അവളെപ്പോലെ ഒരു പെണ്ണ് നമ്മുടെ നാടിനു വേണം ...
    നന്നായി അവതരിപ്പിച്ചു....

    ReplyDelete
  3. ആന്‍ ജോസ്സിണ്റ്റെ physical appearance ഒരു ആണ്‍കുട്ടിയ്ക്കു പറ്റിയതായിരുന്നില്ല... അതായത്‌ ഒരു എട്ടാം ക്ലാസ്സുകാരി എന്നതിനപ്പുറം ഒരു ഗ്രാമത്തിലെ എലാവരും ഭയപ്പെടത്തക്ക രീതിയില്‍ ഒരു വലിയ ആഞ്ജാ ശക്തി തോന്നിയിരുന്നില്ല ... ആ കുറവൊഴിച്ചാല്‍ പടം ഭേദപ്പെട്ട ഒന്നായിരുന്നു

    ReplyDelete