Friday, June 18, 2010

പുഴകളില്‍ മഴ വീഴുമ്പോള്‍..........

‍പുഴയില്‍ മഴ പെയ്യുന്നതു കാണാന്‍ എന്തു രസമാണ്‌.....

തിരുവിതാംകൂറിന്‍െറ ചരിത്രത്തില്‍ നിറഞ്ഞൊഴുകുന്ന നെയ്യാറില്‍ മഴ പെയ്യുന്നതു കണ്ടുവളരാന്‍ ബാല്യത്തില്‍ ഭാഗ്യം കിട്ടിയിരുന്നു. പിന്നീട്‌ ഇന്ത്യയിലെ ഏറ്റവും പച്ചപ്പാര്‍ന്ന ഐ ടി കെട്ടിടത്തില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴും ആ ഭാഗ്യം കിട്ടി. എന്താണെന്നോ? പുഴയില്‍ മഴ പെയ്യുന്നത്‌ കാണാന്‍.



പേരില്‍ പോലും സൗന്ദര്യം തുളുമ്പുന്ന പുഴകളുടെ പേരാണ്‌ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലെ കെട്ടിടങ്ങള്‍ക്ക്‌.നമുക്ക്‌ പരിചിതം നെയ്യാറും കരമനയാറും വാമനപുരം നദിയുമൊക്കെയായിരുന്നു. പിന്നെ പാഠപുസ്‌തകങ്ങളില്‍ കേട്ടു മനസ്സില്‍ പതിഞ്ഞ നിളയും പെരിയാറും... കേരളത്തിലെ മനോഹരികളായ പുഴകളെല്ലാം ടെക്‌നോപാര്‍ക്കിലുണ്ട്‌. തേജസ്വിനിയും ഭവാനിയും പമ്പയും പെരിയാറും നിളയും ഗായത്രിയും ചന്ദ്രഗിരിയുമെല്ലാം.

തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ അകലെയായി കാര്യവട്ടത്തിനും കഴക്കൂട്ടത്തിനും ഇടയില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ഐ ടി സ്‌ഥാപനം സ്‌ഥിതി ചെയ്യുന്നുണ്ടെന്ന്‌ പരിചയമില്ലാത്തവര്‍ക്ക്‌ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. അതാണ്‌ ടെക്‌നോപാര്‍ക്കിന്‍െറ പ്രത്യേകതയും. പുല്‍പ്പരപ്പുകള്‍, കുറ്റിച്ചെടികള്‍, പേരറിയാത്ത വലിയ വൃക്ഷങ്ങള്‍. ഇവയ്‌ക്കിടയില്‍ തലയെടുപ്പോടെ നില്‌ക്കുന്ന കെട്ടിടങ്ങള്‍. എന്നാല്‍ അവയൊന്നും തന്നെ കണ്ണുകള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുമില്ല.



ടെക്‌നോപാര്‍ക്കിലെ പുഴകള്‍ക്ക്‌ മേലെ മഴ പെയ്യുന്നത്‌ ആദ്യമായി കണ്ടത്‌ ഇപ്പോഴും മനസ്‌സിലുണ്ട്‌. അപ്രതീക്ഷിതമായി പെയ്‌ത ഒരു വേനല്‍മഴയില്‍ നനഞ്ഞ സന്ധ്യ. ആ സായന്തനത്തിലെ മഴയ്ക്ക്‌ എന്ത് രസമായിരുന്നു...മഴയത്തും ഭവാനിയില്‍ തിരക്കായിരുന്നു. വിശാലമായ പാര്‍ക്കിംഗ്‌ സ്‌ഥലത്ത്‌ നല്ല തിരക്ക്‌. പുറത്തു തിമിര്‍ത്തു പെയ്യുന്ന മഴയെ ശ്രദ്ധിക്കാതെ അടുക്കളയില്‍ തിരക്കിട്ട്‌ പണിയുന്ന അമ്മയുടെ മുഖമാണ്‌ ഭവാനിക്ക്‌.പുണ്യനദി പമ്പയ്‌ക്ക്‌ സാത്വിക ഭാവമാണ്‌. ടെക്‌നോപാര്‍ക്കിലെ പമ്പയും അങ്ങനെയാണെന്ന്‌ തോന്നും. മഴ പെയ്യുന്നതൊന്നും താന്‍ അറിയുന്നില്ലെന്ന ഭാവത്തില്‍ വീടിന്റെ പൂമുഖത്തെ ചാരുകസേരയില്‍ കിടക്കുന്ന കാരണവരുടെ ഭാവമാണ്‌ പമ്പയ്‌ക്ക്‌.എന്നാല്‍ പെരിയാര്‍ അങ്ങനെയൊന്നുമല്ല. കുണുങ്ങിക്കുണുങ്ങി എത്തുന്ന മഴയെ പ്രതീക്ഷയോടെ നോക്കുന്ന, കോരിച്ചൊരിയുന്ന മഴയെ അതിശയത്തോടെ കാണുന്ന കണ്മഷിയും മുല്ലപ്പൂക്കളും കുപ്പിവളകളും അണിഞ്ഞ കൗമാരക്കാരിയുടെ മനസ്സാണ്‌ പെരിയാറിന്‌.വറ്റാത്ത ഉറവ പോലെ മഴയുടെ താളം ഉള്ളില്‍ സൂക്ഷിക്കുന്ന കര്‍ഷകന്റെ ആത്മഹര്‍ഷത്തിന്റെ നിഗൂഢഭാവമാണ്‌ നിളയ്‌ക്ക്‌. ഞാന്‍ വരുന്നു എന്ന്‌ ഓര്‍മ്മിപ്പിച്ച്‌ ആ മഴ കര്‍ഷകനെ എത്ര മാത്രം മോഹിപ്പിച്ചിരിക്കും.ഇരുകൈയും നീട്ടിയാണ്‌ ചന്ദ്രഗിരി മഴയെ സ്വീകരിക്കുന്നത്‌. മഴയത്ത്‌ കളിവള്ളം ഒഴുക്കുന്ന കുട്ടികളെ പോലെ മഴയുടെ ഓരോ തുള്ളിയെയും ചന്ദ്രഗിരി ഹര്‍ഷത്തോടെയാണ്‌ സ്വീകരിക്കുന്നത്‌.പേരു പോലെ തന്നെ ഗായത്രി സുന്ദരിയാണ്‌. കുസൃതിയോടെ കരുണയോടെ മഴയെ കാത്തിരിക്കുന്ന ബാലിക.ടെക്‌നോപാര്‍ക്കിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമാണ്‌ ഞങ്ങളുടേത്‌. മറ്റു കെട്ടിടങ്ങള്‍ക്കും പച്ചപ്പുകള്‍ക്കുമിടയിലും തേജസോടെ നില്‌ക്കുന്ന ഞങ്ങളുടെ സ്വന്തം തേജസ്വിനി!

പതിനൊന്നു നിലയുള്ള ആ കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‌ നോക്കിയാല്‍ തിരുവനന്തപുരത്ത്‌ മഴ പെയ്യുന്നത്‌ കാണാം. ശംഖുമുഖത്തെ കടലിനു മേലും കൂറ്റന്‍ കെട്ടിടങ്ങള്‍ക്കു മേലെയും വൃക്ഷത്തലപ്പുകള്‍ക്കു മേലെയും പെയ്‌തിറങ്ങുന്ന മഴത്തുള്ളികള്‍. അവിടെ നിന്ന്‌ നോക്കിയാല്‍ ടെക്‌നോപാര്‍ക്കിലെ തിരക്ക്‌ കാണാം.ഇരുട്ടു പരന്നു തുടങ്ങിയ വീഥിയില്‍, തോരാത്ത മഴയില്‍ കൂടണയാന്‍ വെമ്പുന്ന കിളികളെ പോലെ ചെറുപ്പക്കാര്‍ തിരക്കുകൂട്ടുന്നു. പക്ഷേ, ഞങ്ങള്‍ക്ക് എന്തൊക്കെയോ നഷ്‌ടപ്പെടുകയാണ്‌, പുതുമണ്ണിന്റെ മണവും മഴയുടെ താളവും തണുപ്പുമെല്ലാമുള്ള ഒരു മഴക്കാലം നമുക്കിനി എന്നാണു കിട്ടുക?

6 comments:

  1. അഞ്ചു, ആദ്യമായിട്ടാണ് കനലിന്‍റെ ചൂടരിയുന്നത്. പുഴയോട് ചേര്‍ന്ന് മഴത്തുള്ളികള്‍ താളമിട്ടപ്പോള്‍ കേട്ടിരിക്കാന്‍ നല്ല സുഖംതോന്നി. ആ മഴക്കുളിരില്‍ കനലിന്‍റെ ചൂട് ആവോളം ആസ്വദിച്ചു. ഒരു വിസ്മയമെന്നോണം അപ്പോള്‍ എന്‍റെ ജന്നലിനരികെവരെ വന്നു മഴ എത്തിനോക്കുന്നുണ്ടായിരുന്നു . അവളെപ്പറ്റി എന്താണ് വായിക്കുന്നതെന്നാകാം നോക്കിയത് ? ഓരോ മഴത്തുള്ളിയും ഓരോകഥകള്‍ പറയുന്നു. ഏത്ര കേട്ടാലും മതിവരില്ല. മഴ അപ്പോള്‍ ഒരുഹരമാണ്.പക്ഷെ ഇന്ന് അവള്‍ എനിക്കുവേണ്ടിയല്ല കഥപറഞ്ഞതു . അവളെ കാത്തിരിക്കുന്ന ഭൂമിക്കുവേണ്ടി മാത്രമാണ് . വലിയ മിന്നലയച്ചു എന്നെ പേടിപ്പിച്ചു.
    വായിച്ച എല്ലാ മഴക്കഥകളെപറ്റിയും ഇവിടെ പറഞ്ഞു. പക്ഷെ അഞ്ജുവിന്റെ മഴക്കഥക്കായി കനലില്‍ ഞാന്‍തിരയുകയാണ്. കാണുമായിരിക്കും അല്ലെ ?

    ReplyDelete
  2. താങ്കളുടെ കുറിപ്പ് എന്തു ഭംഗിയാണു്‌ വായിക്കുവാന്‍.

    ReplyDelete
  3. അഞ്ജു,
    ചന്ദ്രഗിരിയിലെ ക്യുബിക്കിളില്‍ ഇരുന്ന് ഞാന്‍ മഴയെ കേട്ടു..കണ്ടില്ല..!
    മന്ദ്രസ്ഥായിയിലുള്ള തുടക്കവും പതിയെ ഏറിവരുന്ന ആ കലമ്പലും ഒടുവില്‍, നനുത്ത തുള്ളികളായുള്ള ആ വിടവാങ്ങലും ഒക്കെ ശബ്ദവീചികളിലൂടെ....

    ReplyDelete
  4. നന്നായിരിക്കുന്നു

    ReplyDelete
  5. ശമ്പളക്കുറിപ്പുകളില്‍ ഇക്കുറിപ്പാണ് ഇഷ്ടമായത്. ഇതില്‍ സ്വന്തം നിരീക്ഷണങ്ങളും അനുഭവങ്ങളും ഇടകലര്‍ന്നതിനാവാം. ടെക്നോപാര്‍ക്കിലെ മഴ എന്ന സാധ്യത കൊള്ളാം.

    ReplyDelete