Thursday, April 15, 2010

നക്ഷത്രം സമ്മാനിച്ച വാക്കുകള്‍....

'അച്ഛനുമമ്മയും വാക്കെന്നു കേട്ടു ഞാന്‍

അക്ഷരപ്പിച്ച നടന്നു...’

താളത്തിന്റെ സുഖംകൊണ്ടും ഈണത്തിന്റെ മധുരംകൊണ്ടും മലയാളിമനസ്‌സുകളെ ആ കവി സ്വാധീനിച്ചു. അനാഥനായ ഭ്രാന്തനും ജ്യേഷ്ഠന്റെ നിഴലായ ലക്ഷ്മണനും അങ്ങനെ നമ്മുടെ മനസ്‌സില്‍ ചിരപ്രതിഷ്ഠ നേടി.

ഗംഗയെയോര്‍ത്തു കേണും പ്രളയത്തിലാണ്ടു പോയ ദ്വാരകയെ ചൊല്ലി സഹതപിച്ചും ആ കവി നമ്മെ കാലഘട്ടങ്ങള്‍ പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹം മലയാളക്കരയ്ക്കു കവിതകള്‍ ചൊല്ലിത്തന്നു, മലയാളികള്‍ അതേറ്റു ചൊല്ലി.

ചങ്ങമ്പുഴയ്ക്കു ശേഷം ജനകീയനായ കവിയാര് എന്ന ചോദ്യത്തിനുത്തരമായി ആ പേര് പറയാം; പ്രൊഫസര്‍ വി മധുസൂദനന്‍ നായര്‍.

പണ്ഡിത-പാമര വ്യത്യാസമില്ലാതെ നാറാണത്തു ഭ്രാന്തന്‍ മനസ്‌സുകളെ കീഴടക്കി. പ്രൊഫസര്‍ വി മധുസൂദനന്‍ നായരോടൊത്ത് അല്പസമയം...

കവിതയുടെ ലോകത്തേക്ക്

ആകാശവും ഭൂമിയും കണ്ടുതുടങ്ങിയ കാലത്ത് ഉളളില്‍ എന്തോ ചലനമുണ്ടായപ്പോള്‍, അത് അങ്ങോട്ടു വിളിച്ചു അങ്ങോട്ടു പോയി.

ആദ്യ എഴുത്ത്

എഴുത്ത് എന്നത് വൈകിയല്ലേ വരൂ. എഴുത്തിനു മുമ്പ് കാണലും അനുഭവിക്കലും ചൊല്ലലും അല്ലെങ്കില്‍ ഉരിയാടലും ഉണ്ടാകും. എഴുത്ത് ഒരു വൈകിയ പ്രക്രിയയാണ്. ഏഴാം ക്‌ളാസില്‍ പഠിക്കുന്ന കാലം തൊട്ടൊക്കെ ഞാന്‍ എഴുതിയിരുന്നു.

അച്ചടിമഷി പുരണ്ട കവിത

പ്രസിദ്ധീകരണം വളരെ വൈകിയാണ് നടന്നത്. ഏതാണ്ട് ബിരുദാനന്തര ബിരുദം കഴിഞ്ഞു നില്‍ക്കുമ്പോഴാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചത്. കുങ്കുമം വാരികയില്‍ 'നിദ്രേ ഭദ്രേ’ എന്ന പേരില്‍ ആ കവിത പുറത്തുവന്നു.

'കണ്‍പോളകളില്‍ കണ്ടു ചെടിച്ചു തളര്‍ന്ന് വിതുമ്പും കണ്‍പോളകളില്‍

മൃദുപാദങ്ങള്‍ പതിച്ചു കടന്നു വരുന്ന മനോഹരിയാമീ നിദ്ര

സുന്ദരി മോഹിനി നിന്റെ കരങ്ങളില്‍ എന്‍ തളിരംഗമെടുക്കുക’ എന്നിങ്ങനെ പോകുന്ന രചനയാണത്.

കവിത വിടര്‍ന്ന കാമ്പസ് കാലം

മഹാത്മാഗാന്ധി കോളേജില്‍ ഞാന്‍ ചേരുന്നത് 1967ലാണ്. 67ല്‍ തന്നെ എനിക്കവിടെ ചില കവിതകള്‍ ചൊല്ലാനും ചിലതൊക്കെ എഴുതാനുമുളള അവസരമുണ്ടായി. എന്നാല്‍ കവിതയുടെ ശബ്ദാവിഷ്‌കാരത്തിലേക്ക് എന്നെ നയിച്ചത് ശരിക്കും എ ആര്‍ ഗോപാലപിള്ള സാറാണെന്നു വേണം പറയാന്‍, അല്ലെങ്കില്‍ ഒരു ആവേശം തന്നത്. ഗോപാലപിള്ള സാര്‍ എന്നെ കവിതയും വ്യാകരണവും പഠിപ്പിച്ച ഗുരുവാണ്. ഇടയ്‌ക്കൊന്നു പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ക്‌ളാസില്‍ ഇരുന്നതു കൊണ്ടാണ് ഞാന്‍ ഗ്രാമര്‍ പഠിച്ചത്.

കേരള പാണിനീയം പുസ്തകം നോക്കാതെ പറയാന്‍ എനിക്കു സാധിക്കും. അത് സാറിന്റെ ഒരു വലിയ അനുഗ്രഹമാണെന്നു വേണം പറയാന്‍. അദ്ദേഹമാണെന്നെ ആദ്യമായി ആകാശവാണിയില്‍ ഒരു വളളത്തോള്‍ സുധ എന്ന പരിപാടിക്ക് അയച്ചത്. എങ്ങനെ ചൊല്ലണം, ഏതു കവിത വേണം എന്നൊന്നും അറിയില്ല. ഞാന്‍ തന്നെ സാഹിത്യമഞ്ജരിയെടുത്ത് അതിലൊരു കവിത തിരഞ്ഞെടുത്തു.

ആകാശവാണിയില്‍ പോയി. എനിക്ക് ഉളളിലിരുന്ന് ഏതോ ദൈവം പറഞ്ഞു തന്ന മട്ടില്‍ ചൊല്ലി. അത് നന്നായെന്ന് എല്ലാരും പറഞ്ഞു. അത് ആത്മവിശ്വാസം തന്നു. അതിനു മുമ്പും പാട്ടും കവിതയുമൊക്കെ ഉണ്ടായിരുന്നെങ്കിലും എന്റെ ഉപനയനം ഇങ്ങനെയായിരുന്നു എന്നു തോന്നുന്നു.

സ്വന്തം കവിതകള്‍ പാടാനുളള പ്രചോദനം

പാടാനുളള തോന്നല്‍ നേരത്തെ ഉണ്ടായിരുന്നു. ഏഴാം ക്‌ളാസ്‌സില്‍ പഠിക്കുമ്പോള്‍ കൊച്ചുകൊച്ചു വരികളെഴുതി നാട്ടില്‍ ഉറക്കെ പാടി നടന്നിരുന്നു. കോളേജില്‍ ചേരുന്നതിനു മുമ്പേ എനിക്കൊരു ഗാനമേള ട്രൂപ്പ് ഉണ്ടായിരുന്നു. അതില്‍ സ്വന്തം പാട്ടുകളും എന്റെ ചേട്ടന്‍ എഴുതിയ പാട്ടുകളുമാണ് കൂടുതലും പാടിയിരുന്നത്.

അന്ന് അമ്പലപ്പറമ്പുകളില്‍ ഗാനമേളയ്ക്കു പോകും. സ്വന്തം കവിത, എന്റെ ചേട്ടനെഴുതിയ പാട്ട് അല്ലെങ്കില്‍ റേഡിയോയില്‍ കൂടി വല്ലപ്പോഴും കേള്‍ക്കുന്ന പാട്ട്, അന്ന് അധികം റേഡിയോയില്ല.

നാലഞ്ച് കിലോമീറ്റര്‍ നടന്നാലേ അന്ന് റേഡിയോ കേള്‍ക്കാന്‍ പറ്റൂ. അതില്‍ നിന്നു കേള്‍ക്കുന്ന പാട്ടുകള്‍, അല്ലെങ്കില്‍ വല്ലപ്പോഴും കാണുന്ന സിനിമയിലെ പാട്ടുകള്‍ ഇതൊക്കെ ഒട്ടും ചോരാതെ അപ്പോള്‍ തന്നെ ഒപ്പിയെടുത്ത് മനസ്‌സില്‍ വയ്ക്കും; എന്നിട്ടു പാടും. അങ്ങനെ ഇല്ലായ്മയില്‍ നിന്നാണ് മനുഷ്യന് ഉണ്ടാക്കാനുളള ആവേശം ഉണ്ടാകുന്നത്. സമൃദ്ധി ചിലപ്പോഴൊക്കെ മടുപ്പുണ്ടാക്കിയേക്കും.

ഇന്ന് എന്നും എപ്പോഴും പാട്ട്. പക്ഷേ ഞങ്ങള്‍ക്കന്ന് വല്ലപ്പോഴുമേ പാട്ട് കിട്ടൂ. അത് കൊണ്ട് സ്വയം പാടാനുളള ആവേശം കൂടി. അങ്ങനെ എഴുതി പലയിടങ്ങളിലും അവതരിപ്പിച്ചു. ഒന്നുമില്ലെങ്കില്‍ ഞാനെന്റെ വീട്ടിനു മുന്നിലെ കുന്നില്‍ കയറിനിന്ന് പാടും. അല്ലെങ്കില്‍ ആറ്റുതീരത്തെ പാറപ്പുറത്തു നിന്ന് പാടും. കേള്‍ക്കാന്‍ ആകാശവും നക്ഷത്രങ്ങളും ചിലപ്പോള്‍ കിളികളും കൊച്ചു മരങ്ങളുമൊക്കെ ഉണ്ടാവും.

അദ്ധ്യാപകജീവിതത്തിലേക്ക്

ജീവിതത്തില്‍ രണ്ടു മൂന്നു ജോലികളേ ഞാന്‍ ആഗ്രഹിച്ചിരുന്നുളളൂ. അച്ഛന്റെ നിര്‍ബന്ധം കൊണ്ട് മിലിട്ടറിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് പോയി, പാസായി. പക്ഷേ അത് സ്വീകരിക്കാതെ തിരിച്ചുവന്ന് എം എ ബിരുദം പൂര്‍ത്തിയാക്കി.

ഗുമസ്തപ്പണിക്ക് പോകേണ്ടെന്ന് അന്നേ തീരുമാനിച്ചു. എനിക്ക് അക്ഷരവുമായി പ്രത്യക്ഷ ബന്ധമുളള, സാഹിത്യവുമായി പ്രത്യക്ഷ ബന്ധമുളള ജോലി വേണം. ഒന്നുകില്‍ അദ്ധ്യാപകനാകണം അല്ലെങ്കില്‍ ആകാശവാണി പോലൊരിടത്ത് പണി വേണം എന്ന് വിചാരിച്ചു.

പത്രപ്രവര്‍ത്തനകാലം


കുറച്ചുകാലം പത്രപ്രവര്‍ത്തകനായിരുന്നെങ്കിലും പഠിപ്പിക്കുന്ന മണ്ഡലത്തിലെത്തി. അത് സ്വയം നവീകരിക്കാന്‍ ഒരുപാട് അവസരം തന്നു. അദ്ധ്യാപനം കൊണ്ടുളള ഏറ്റവും വലിയ മെച്ചം അവനവനിലുളള കുറവുകളും കറകളും ഓരോ ദിവസവും പരിശോധിച്ച് തിരിച്ചറിഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിക്കാം എന്നതാണ്.

കുങ്കുമം, കേരളദേശം എന്നിവയുടെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ കുറച്ചുകാലം ജോലി ചെയ്തു. അതിനുമുമ്പ് കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടില്‍ ഒരു വര്‍ഷം ജോലിചെയ്തു. ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടില്‍ ട്രാന്‍സിലേറ്റര്‍ സബ് എഡിറ്റര്‍ ആയിരുന്നു. പത്രത്തില്‍ എഡിറ്റോറിയല്‍ സ്റ്റാഫായിരുന്നു. വീക്ഷണം പത്രത്തില്‍ അത് തുടങ്ങുന്ന കാലം മുതല്‍ രണ്ടര വര്‍ഷം ജോലിചെയ്തു.

സെന്റ് സേവ്യേഴ്‌സിലേക്ക്

പ്രൈവറ്റ് കോളേജുകളില്‍ പല ഇന്റര്‍വ്യൂകളും അറ്റന്‍ഡ് ചെയ്തപ്പോള്‍ സെന്റ് സേവ്യേഴ്‌സിലാണ് ശരിക്കും മെറിറ്റ് അടിസ്ഥാനത്തില്‍ വിളിച്ചത്. അതു കൊണ്ട് ഗവണ്മന്റ് കോളേജിലെ നിയമനോത്തരവ് മാറ്റി വച്ചിട്ട് സെന്റ് സേവ്യേഴ്‌സ് കോളേജില്‍ പോയി.

ഗവണ്മന്റ് കോളേജില്‍ എനിക്ക് രണ്ട് പ്രാവശ്യം നിയമനം കിട്ടിയതാണ്, വേണ്ട ഈ കോളേജില്‍ തന്നെ ഇരിക്കാം എന്ന് കരുതി. ശുപാര്‍ശയും പണവുമില്ലാതെ ജോലി തന്നയിടത്ത് ആ ജോലി സ്വീകരിച്ച് ആദരിച്ച് കഴിയാമെന്ന് വിചാരിച്ചു.

ഇഷ്ടവേഷം


അദ്ധ്യാപകജീവിതമാണോ കവിയുടെ ജീവിതമാണോ ഏറെ ആസ്വദിച്ചത് എന്നു ചോദിച്ചാല്‍ രണ്ടും ഒരു പോലെ തന്നെ എന്നാവും എന്റെ ഉത്തരം. ഒരു കവി എന്നത് ഒരു ആചാര്യന്റെ തലത്തിലാണ് ഞാന്‍ കാണുന്നത്. കവിയാണ് വാസ്തവത്തില്‍ ആചാര്യന്‍. ഞാന്‍ അത്ര വലിയ കവിയൊന്നും ആയിട്ടില്ല.

എന്നാലും നല്ല കവി സമൂഹത്തിന്റെ എന്നത്തെയും ആചാര്യനാണ്, കാലാതീതനായ ആചാര്യനാണ്. നല്ല അദ്ധ്യാപകന്‍ നല്ലൊരു സ്രഷ്ടാവാണ്. കുട്ടികളില്‍ സര്‍ഗ്ഗാത്മകമായ പൊടിപ്പുകള്‍ വീണ്ടും വീണ്ടും ഉണ്ടാക്കുക. അതാണ് ഒരു നല്ല ആചാര്യന്‍ അല്ലെങ്കില്‍ അദ്ധ്യാപകന്‍ ചെയ്യുന്നത്. ഇത് രണ്ടും ഒന്നു തന്നെ. അതുകൊണ്ട് രണ്ടും ഒരുപോലെ ആസ്വാദ്യകരമാണ്.

എഴുത്തിന്റെ നോവ്


വല്ലാത്ത ചോദ്യമാണത്. ഒന്ന് നാറാണത്ത് ഭ്രാന്തന്‍, രണ്ട് വാക്ക്. അങ്ങനെ പറഞ്ഞാല്‍ മിക്ക കവിതകളും അപാരമായ സംഘര്‍ഷത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. അളക്കാനാവാത്ത ജ്വാലയില്‍ നിന്നാണ് കവിത ഉണ്ടാകുന്നത്. പക്ഷേ ഏറ്റവും കൂടുതല്‍ അനുഭവിച്ചു എന്നു പറഞ്ഞാല്‍ ഈ എഴുതാന്‍ തുടങ്ങുന്നു എന്നറിയാതെ ഉള്ളില്‍ നിന്ന് പൊട്ടിത്തൂവുന്ന മട്ടിലാണ് നാറാണത്ത് ഭ്രാന്തന്‍ പുറത്തു വരുന്നത്. അത് പിന്നെ പാടിനടന്ന് എഴുതുകയായിരുന്നു. വാക്കാണെങ്കില്‍ മൂന്നുമാസം രാത്രികള്‍ ആകാശം നോക്കി കിടന്നതിനു ശേഷമാണ് എഴുതിയത്.

നക്ഷത്രങ്ങള്‍ തന്ന വാക്ക്

അതാണ് 'നക്ഷത്രമെന്നോടു ചോദിച്ചു ഞാന്‍ തന്ന അക്ഷരം നീയെന്തു ചെയ്തു'. ആകാശത്തെ നിരന്തരം ഉപാസിക്കുന്ന ആളാണ് ഞാന്‍. അങ്ങനെ വളരെക്കാലം സംഘര്‍ഷം എന്നു പറഞ്ഞാല്‍ പോരാ, സമ്പൂര്‍ണ്ണമായ ധ്യാനം എന്നു പറയാം. വാക്ക് എഴുതുമ്പോഴത്തെ അവസ്ഥ ഇതായിരുന്നു. മറ്റ് പല കവിതകളും അന്തഃസംഘര്‍ഷത്തില്‍ നിന്നു തന്നെയാണ് ഉണ്ടായിട്ടുളളത്. സന്താനഗോപാലം തുടങ്ങിയ കവിതകള്‍ ഉദാഹരണം.

സന്താനഗോപാലത്തിനു പിന്നില്‍

അത് വളരെ കടുത്ത അനുഭവമാണ്. പ്രത്യേകിച്ച് ഞാന്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞു പോകുന്നത് അല്ലെങ്കില്‍ വിറച്ചു പോകുന്നത് കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴാണ്. അത് എല്ലാ സമയത്തുമുണ്ട്. ലോകമാസകലം പീഡിപ്പിക്കപ്പെടുന്ന ദുരുപയോഗം ചെയ്യപ്പെടുന്ന അവഗണിക്കപ്പെടുന്ന കുഞ്ഞുങ്ങളെ ഉള്ളില്‍ കണ്ടിട്ട് അങ്ങനെ ഒരു കുഞ്ഞായി തന്നെ രൂപാന്തരപ്പെട്ടിട്ട് എഴുതിയതാണത്. എന്നത്തെയും ഉപദ്രവിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായിട്ടാണ് ആ കവിത.

ആ കവിതയില്‍ രക്ഷകനായിട്ട് ഞാന്‍ സ്വയം പ്രതിഷ്ഠിക്കുന്നു. പക്ഷേ, ഞാന്‍ നിസ്‌സഹായകനാകുന്നു. എന്റെ ഉള്ളിന്റെ ഉള്ളില്‍ തന്നെ കുഞ്ഞുണ്ട് എന്ന് ഞാന്‍ തിരിച്ചറിയുന്നു. ആ കുഞ്ഞില്‍ നിന്നാണ് അടുത്ത പുല്ലാങ്കുഴല്‍ വരുന്നത്. അതാണ് എന്റെ കാഴ്ച, എന്റെ അകത്തു തന്നെ ഒരു പ്രളയം. അതിലൊരു ആലില അതിലൊരു കുഞ്ഞ്. അതാണ് 'ധ്യാനബിന്ദുവിന്‍ ലീനധ്വനിയില്‍, ധ്വന്യാക്രാന്ത നിശ്ചലത്വത്തില്‍ നിത്യസത്യമായ്, സൗന്ദര്യമായ് സ്വച്ഛന്ദം വിളയാടിക്കിടക്കുന്നുണ്ടാപ്പെതല്‍’ എന്ന് എഴുതിയത്.

അപ്പോള്‍ എന്നിലെ ആ പൈതലിനെ ഉണര്‍ത്തുകയെന്നതാണ് വാസ്തവത്തില്‍ ഞാന്‍ ചെയ്യേണ്ടത്. ഏതു വ്യക്തിയും ഉള്ളിലെ ആ സംശുദ്ധിയെ ഉണര്‍ത്താമെന്ന കാഴ്ചയിലാണ് ഞാന്‍ ആ കവിത വായനക്കാരിലേക്ക് ഒഴുക്കി വിടുന്നത്.

ചഞ്ചലം മനം കൃഷ്ണ

ചഞ്ചലം ഹി മനം കൃഷ്ണാദി ബലവദ് ദൃഢം എപ്പോഴോ എന്നെ അങ്ങ് ആവേശിച്ചതാണ്. ഞാന്‍ പിന്നീടാണ് മനസ്‌സിലാക്കുന്നത് അത് 'ചഞ്ചലം മനം കൃഷ്ണ ചരണം തിരയുന്നു നെഞ്ചകത്തൊരു വെണ്മ കടലായിരമ്പുന്നു!' എന്ന വരികളായി വന്നത്.

അത് ആലോചിച്ചിട്ട് എഴുതിയതല്ല അങ്ങനെ വന്നതാണ്. ഏറെ കഴിഞ്ഞാണ് ഇത് ഭഗവദ്ഗീതയിലെ വരിയോടു ചേര്‍ന്നതാണല്ലോ എന്നു തോന്നിയത്.

പക്ഷേ സാഹചര്യത്തിനു വ്യത്യാസമുണ്ട്. പക്ഷേ മനസ്‌സിന്റെ ചാഞ്ചല്യം വളരെ പ്രധാനപ്പെട്ടതാണ്. അര്‍ജ്ജുനന് ഭഗവദ്ഗീതയിലുണ്ടായ ചാഞ്ചല്യവുമായി ഇതിന് ചെറിയ സാമ്യമുണ്ട്. സന്താനഗോപാലത്തിലെ ചാഞ്ചല്യം എന്ന് പറയുന്നത് രക്ഷകന്റെ അശക്തി സ്വയം അറിയുമ്പോഴുണ്ടാകുന്ന ചാഞ്ചല്യവും അരക്ഷിതാവസ്ഥയുമാണ്.

വാസ്തവത്തില്‍ ആ ഒരു അവസ്ഥയ്ക്കു സമാനമായ പദം വേറെ വന്നില്ല. അതാണ് വന്നത്, ചഞ്ചലം ഹി മനം കൃഷ്ണ... എന്നെ പ്രേരിപ്പിച്ചു എന്നു വേണം പറയാന്‍ എഴുതുമ്പോള്‍ എനിക്ക് ഓര്‍മ്മയില്ല. അത് എഴുതി ഏറെ കഴിഞ്ഞ് അച്ചടിച്ച് കഴിഞ്ഞിട്ടാണ് ഞാന്‍ ആലോചിക്കുന്നത് ഭഗവദ്ഗീതയിലെ ആ പ്രത്യേക അവസ്ഥ വ്യാസന്‍ ആവിഷ്‌കരിച്ചപ്പോഴുള്ള ആ പദം തന്നെ എനിക്കു വന്നു കേറിയല്ലോ എന്ന്.

നാറാണത്തു ഭ്രാന്തന്റെ ജനസമ്മതി

അത് ഞാന്‍ വിലയിരുത്തേണ്ടതല്ല, മറ്റൊരാളാണ് ചെയ്യേണ്ടത്. ഞാന്‍ വിധികര്‍ത്താവാകുക ശരിയല്ല. എനിക്കെന്തായാലും അതില്‍ സന്തോഷമുണ്ട്.

പുരാണകഥകളുടെ സ്വാധീനം

ഞാനിത്രയും പുരാണങ്ങളുടെ പുറത്തു നില്‍ക്കുന്നതുകൊണ്ട്. ലോകത്തില്‍ ഏറ്റവും സമൃദ്ധമായ പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ വൈദികമായ ദര്‍ശനങ്ങള്‍ ഇതൊക്കെയുളള നാടാണ് ഭാരതം. ഇതിന്റെ പുറത്തു ജീവിക്കുന്നതു കൊണ്ടും എന്റെ ഭൂതകാലത്തെ എനിക്ക് നിഷേധിക്കാന്‍ വയ്യാത്തതു കൊണ്ടും എന്റെ ഓരോ ദിവസത്തെ ജീവിതത്തിലും ആ ഭൂതബിന്ദുക്കള്‍ കടന്നുവരുന്നതു കൊണ്ടും ഏത് ആധുനിക കാലത്തിന്റെ അനുഭവത്തെയും മറ്റ് കാലകണങ്ങളുമായി ചേര്‍ത്ത് ഞാന്‍ അനുഭവിക്കുന്നു.

അഗസ്ത്യഹൃദയം

ലക്ഷ്മണന്‍ എന്നത് നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിഴലാണ്. നിഴലെന്നു പറയാനൊക്കില്ല, ഒരു സാന്നിധ്യമാണ്. ഞാന്‍ പുറമേ രാമനായി പ്രകാശിക്കുന്നു, എന്റെ അകത്ത് ലക്ഷ്മണന്‍ എന്ന മനസ്‌സാക്ഷി ഇരിക്കുന്നു. അവനാണല്ലോ ഇതെല്ലാം അനുഭവിക്കുന്നതും കൂടെ പോകുന്നതും. രാമന്‍, ലക്ഷ്മണന്‍ എന്നത് ഒരു വ്യക്തിത്വത്തിലെ ദ്വന്ദമാണ്. ലക്ഷ്മം എന്നു പറഞ്ഞാല്‍ തണല്‍, നിഴല്‍ എന്നൊക്കെയാണര്‍ത്ഥം. അകത്തെ ആര്‍ദ്രതയെയാണ് ശരിക്കും ലക്ഷ്മണനായി സൂചിപ്പിച്ചിരിക്കുന്നത്.

വിഷു സന്ദേശം

എനിക്ക് വായനക്കാരോടല്ല, വിഷുപ്പുലരിയില്‍ കണികണ്ടുണരുന്ന കൃഷ്ണനോടാണ് പറയാനുളളത്. ഏതന്‍മേ സംശയം കൃഷ്ണാ... കൃഷ്ണാ ഇതാണ് എന്റെ സംശയം.

'ചിരിക്കല്ലേ കണ്ണാ, കദനമഴ എന്‍ കണ്ണില്‍ ഒഴുകാതിരിക്കാന്‍ ഇല്ലല്ലോ കരളിലൊരു ഗോവര്‍ദ്ധനഗിരി

എനിക്കും നിന്നെപ്പോല്‍ അധരമുരളീനാളമധുവായ് പൊഴിക്കാനില്ലല്ലോ പ്രണവരസമാം സൂക്തിലഹരി

ഒരിക്കല്‍ പോലും നിന്‍ മിഴികള്‍ അഴലാല്‍ തെല്ലു നനയാതിരിക്കാന്‍ എന്തേ ഹാ നിരതിശയമേ

നിന്റെ ചരിതം എടുക്കുന്നത്രേ നീ ശ്രിതജനമനസ്താപമഖിലം ഉടുക്കുന്നത്രേ നീ ത്രിഭുവനതമോഭാരപടലം'

എല്ലാവരുടെയും ദു:ഖം അകറ്റുന്നവനാണ് കൃഷ്ണന്‍ എന്നാണ് സങ്കല്പം. പക്ഷേ ജനിക്കും മുമ്പേ മരണം വേട്ടയാടിയവനാണ് കൃഷ്ണന്‍ എന്നിട്ടും കരഞ്ഞില്ല. ഈ ലോകത്ത് ജീവിക്കുമ്പോള്‍ കരയാതിരിക്കാന്‍ എന്താണ് വഴി എന്നാണ് ഞാന്‍ കൃഷ്ണനോട് ചോദിക്കുന്നത്. അതാണെന്റെ എന്റെ സംശയം.

1 comment:

  1. കവി ഋഷിയാകുമ്പോൾ സംഭവിക്കുന്നത്.

    ReplyDelete