Sunday, April 18, 2010
ഇന്നങ്ങുറങ്ങി തകര്‍ക്കാം....
പുരാണത്തിലെ കുംഭകര്‍ണ്ണന്‍െറ കഥ നമുക്കൊക്കെ അറിയാം. എത്ര ഉറങ്ങിയാലും മതിയാവാത്ത അത്തരം കുംഭകര്‍ണ്ണന്മാര്‍ നമുക്കിടയില്‍ തന്നെയുണ്ട്. മനസ്‌സ് ഇന്ദ്രിയങ്ങളില്‍ നിന്ന് വേര്‍പെട്ട അവസ്ഥയാണ് ഉറക്കം. പുറം ലോകവുമായിട്ടുളള എല്ലാ ബന്ധങ്ങളും ഉറക്കത്തില്‍ വിച്ഛേദിക്കപ്പെടുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ ചുറ്റുപാടുകളുമായി ബന്ധമുണ്ടെങ്കില്‍ ഉറക്കത്തില്‍ സ്വന്തമായ ഭാവനയുടെ ലോകത്തായിരിക്കും വിഹരിക്കുക. മനസ്‌സിന്‍െറ അബോധമനസ്‌സ് പ്രവര്‍ത്തിക്കുകയും ചിന്തകളും മറ്റും സ്വപ്‌നങ്ങളായി മാറുന്നു. ഉറക്കത്തെക്കുറിച്ച് പല സിദ്ധാന്തങ്ങളുമുണ്ട്. തലച്ചോറിലെ രക്തപ്രവാഹത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഉറക്കത്തിനു കാരണമെന്ന് ചിലര്‍ വാദിക്കുന്നു. നിരന്തര പ്രവര്‍ത്തനം മൂലം മാലിന്യം അടിഞ്ഞു കൂടിയ രക്തം തലച്ചോറിലെ ഹൈപ്പോതലാമസിനോടനുബന്ധിച്ചുളള അറയില്‍ വന്നു നിറയുമ്പോള്‍ ഉറക്കം അനുഭവപ്പെടുന്നു എന്ന് ചിലര്‍ വാദിക്കുന്നു. എന്തായാലും ഇലക്‌ട്രിക് എന്‍സിഫാലോഗ്രാഫ് ഉപയോഗിച്ചുളള പരീക്ഷണത്തിന് ഉറക്കത്തിന് വിവിധഘട്ടങ്ങളുണ്ടെന്ന് മനസ്‌സിലാക്കിയിരിക്കുന്നു. മനുഷ്യര്‍ മാത്രമല്ല, പക്ഷികളും ഉരഗങ്ങളും മീനുകളുമൊക്കെ ഉറങ്ങാറുണ്ട്.
ലോകത്തിലെ എല്ലാ ഉറക്കപ്രിയര്‍ക്കുമായി സ്വന്തമായി ഒരു ദിനമുണ്ട്, മാര്‍ച്ച് 19. വേള്‍ഡ് അസോസിയേഷന്‍ ഒഫ് സ്‌ളീപ് മെഡിസിനാണ് ലോക ഉറക്ക ദിനമെന്ന ആശയം കൊണ്ടു വന്നത്. ഉറക്കത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്‌കരിക്കാനും ഉറക്കരോഗങ്ങളെ മാറ്റിനിര്‍ത്താന്‍ സഹായിക്കാനുമാണ് അവര്‍ ഈ ദിനത്തില്‍ ശ്രമിക്കുക. നിദ്ര പ്രധാനമായും രണ്ടു തരത്തിലുണ്ട്. റാപിഡ് ഐ മൂവ്‌മെന്‍റ് എന്നറിയപ്പെടുന്ന ഗാഡനിദ്രയും നോണ്‍ റാപിഡ് ഐ മൂവ്‌മെന്‍റ് എന്ന വിവിധ അവസ്ഥയിലുളള ഉറക്കവുമുണ്ട്. ഉറക്കത്തിന്‍െറ ഏറ്റക്കുറച്ചിലുകള്‍ ഇ ഈ ജിയിലൂടെ ഗ്രാഫായി അളക്കാം. ഒരാള്‍ ശരാശരി എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ് പറയുന്നത്. എന്നാല്‍ പ്രായം ചെല്ലും തോറും ആളുകളില്‍ ഉറക്കം കുറഞ്ഞു വരാറുണ്ട്.
ബോധമനസ്‌സ് ഉറങ്ങുമ്പോള്‍ അബോധ മനസ്‌സിലെ ചിന്തകളും വികാരങ്ങളും സ്വപ്‌നമായി പുറത്തു വരുന്നു എന്നാണ് പ്രമാണം. മനസ്‌സില്‍ അടിഞ്ഞു കൂടുന്ന സഫലീകരിക്കാത്ത ആഗ്രഹങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രതിഫലനമാണ് സ്വപ്‌നം. ബാഹ്യവും ശാരീരികവും മാനസികവുമായ ഉറവിടങ്ങളില്‍ നിന്നുളള പ്രചോദനങ്ങള്‍ നിദ്രയുടെ അനുസൃത സ്വഭാവത്തില്‍ തടസ്‌സമുണ്ടാക്കുകയും നാഡീകേന്ദ്രത്തിന്‍െറ പൂര്‍ണ്ണ നിരോധനത്തിന് ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു രക്ഷപ്പെടലാണ് സ്വപ്‌നങ്ങള്‍. സ്വപ്‌നം കാണാത്തവരായി ആരുമില്ല. പക്ഷേ പല സ്വപ്‌നങ്ങളും ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ പോകാറുണ്ട്.
പല വിധ നിദ്രാ പ്രശ്‌നങ്ങളും മനുഷ്യനെ ബാധിക്കാറുണ്ട്. ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന സോമ്‌നാംബുളിസം അഥവാ നിദ്രാടനം, ഇന്‍സോമ്‌നിയ അഥവാ ഉറക്കക്കുറവ്, നാര്‍ക്കോലെപ്‌സി എന്ന അനിയന്ത്രിതനിദ്ര എന്നിവയാണ് പ്രധാന ഉറക്ക പ്രശ്‌നങ്ങള്‍.
എങ്ങനെയൊക്കെയായാലും ശരിക്കൊന്നുറങ്ങാന്‍ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. ഇന്ന് ഈ ലോക ഉറക്കദിനത്തില്‍ നമുക്ക് ഉറങ്ങിത്തകര്‍ക്കാം....
Subscribe to:
Post Comments (Atom)
No comments:
Post a Comment