Monday, April 19, 2010
മനസ്‌സിന്‍െറ ധ്രുവങ്ങളില്‍
നിമ്മി മിടുക്കിയായിരുന്നു. നന്നായി പഠിക്കും, പ്രസംഗിക്കും ഒന്നാന്തരമായി പാട്ടുപാടും. ബന്ധുക്കള്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും അവള്‍ നിറഞ്ഞു നിന്നു. പെട്ടെന്നൊരു ദിവസം അവള്‍ നിശബ്‌ദയായി. വിശപ്പും ഉറക്കവും നഷ്‌ടപ്പെട്ട് ദിവസങ്ങളോളം അവള്‍ തന്‍െറ മുറിയില്‍ ഒതുങ്ങിക്കൂടി. അവളുടെ മാറ്റത്തില്‍ എല്ലാവരും ആശങ്കാകുലരായി.
എല്ലാവരേയും അമ്പരപ്പിച്ച് അവള്‍ ഒരുനാള്‍ പഴയ നിലയിലെത്തി. എന്നാല്‍ കാര്യങ്ങള്‍ വീണ്ടും പഴയതുപോലെയായി. ഇത്തവണ അവള്‍ ആത്മഹത്യയുടെ വക്കില്‍ വരെ എത്തി.
സംഗതി ഗുരുതരമാണെന്ന് നിമ്മിയുടെ വീട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു. അവര്‍ അവളെ ഒരു മനോരോഗവിദഗ്‌ധനെ കാണിച്ചു.
ബൈപോളാര്‍ രോഗമെന്നറിയപ്പെടുന്ന മനോരോഗമായിരുന്നു നിമ്മിക്ക്. ബൈപോളാര്‍ എന്നാല്‍ രണ്ടു ധ്രുവങ്ങളെന്നാണര്‍ത്ഥം. മനസ്‌സ് സമനിലയില്‍ നില്‍ക്കാതെ രണ്ട് ധ്രുവങ്ങളിലായി ചാഞ്ചാടി നില്‍ക്കുന്ന ഈ അവസ്ഥയില്‍ ഉന്മാദവും വിഷാദവും മാറി മാറി വരുന്നു.
ലക്ഷണങ്ങള്‍
ഉന്മാദാവസ്ഥയില്‍ രോഗി അമിതമായി സംസാരിക്കുകയും അമിതമായി ജോലി ചെയ്യുകയും ചെയ്യുന്നു. ഇതൊരു സ്വഭാവമായി അല്ലാതെ രോഗാവസ്ഥയായി ആരും കണക്കാക്കില്ല. എന്നാല്‍ വിഷാദഘട്ടത്തില്‍ അലസത പ്രകടിപ്പിക്കുകയും ഒറ്റയ്‌ക്കിരിക്കുകയും ചെയ്യുന്നു. ബൈപോളാര്‍ രോഗികള്‍ മാറി മാറി ഈ അവസ്ഥയിലായിരിക്കും. ഇങ്ങനെ വരുമ്പോള്‍ സമൂഹത്തെ ഉള്‍ക്കൊള്ളാനോ മനസ്‌സിലാക്കാനോ രോഗിക്ക് കഴിയില്ല. മനോനിലയിലുണ്ടാകുന്ന ഈ വൈകല്യങ്ങള്‍ പല ഘട്ടങ്ങളിലും ജീവിതത്തിന്‍െറ താളം തെറ്റിക്കും.
കാരണം
ചെറിയ ചെറിയ മൂഡ് മാറ്റങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകുന്നതാണ്. അത് സ്വാഭാവികമാണ്. മനുഷ്യമനസ്‌സ് ഒരു ഗ്രാഫില്‍ വരച്ചാല്‍ മേല്‍ത്തലവും താഴ്‌ത്തലവുമുളെളാരു റേഞ്ചായിരിക്കും. ഈ റേഞ്ചിനുളളില്‍ നില്‍ക്കുന്നതാണ് സാധാരണ മനസ്‌സ്. എന്നാല്‍ ചിലര്‍ക്ക് ഈ പരിധിയില്‍ ഒതുങ്ങി നില്‍ക്കാതെ മനസ്‌സ് മുകളിലേക്കും താഴേക്കും അസാധാരണമായി സഞ്ചരിക്കുന്നു. മനസ്‌സ് മേല്‍ത്തലത്തിലെത്തുമ്പോള്‍ അത്യുല്‍സാഹം കൂടി ഉന്മാദാവസ്ഥയിലും താഴ്‌ന്ന തലത്തിലെത്തുമ്പോള്‍ വിഷാദാവസ്ഥയിലുമെത്തുന്നു. മനസ്‌സിന്‍െറ ഈ അവസ്ഥ ബൈപോളാര്‍ എന്നറിയപ്പെടുന്നു.
തലച്ചോറില്‍ വൈകാരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സര്‍ക്യൂട്ടുകളിലുണ്ടാകുന്ന ചില തകരാറുകളാണ് ബൈപോളാര്‍ രോഗത്തിന്‍െറ മുഖ്യകാരണം. ലിംപിക് സിസ്‌റ്റത്തിന്‍െറ പ്രവര്‍ത്തനം നോര്‍മ്മലായി നിര്‍ത്തുന്നത് മസ്‌തിഷ്‌ക രാസസ്രവങ്ങളായ ഡൊപാമൈന്‍, സെറോടോണിന്‍ തുടങ്ങിയവയാണ്. ഇവയ്‌ക്കുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് മനോനിലയെ താളംതെറ്റിക്കുന്നത്. ഡൊപാമൈന്‍ നില കൂടുമ്പോള്‍ മാനസിക ഊര്‍ജ്ജം വര്‍ദ്ധിച്ച് ഉന്മാദവസ്ഥയിലും സെറോടോണിന്‍ കുറയുമ്പോള്‍ മനസ്‌സ് വിഷാദവസ്ഥയിലുമെത്തുന്നു. പാരമ്പര്യം, മാനസിക സമ്മര്‍ദ്ദം, ജീവിതഗതിയിലുണ്ടാകുന്ന സംഭവങ്ങള്‍, ചില ഹോര്‍മോണ്‍ മാറ്റങ്ങള്‍ എന്നിവയാണ് മറ്റു രോഗകാരണങ്ങള്‍.
ചികിത്സ
രോഗം കൃത്യമായി നിര്‍ണ്ണയിക്കുകയാണ് ചികിത്സയുടെ കാര്യത്തില്‍ ഏറ്റവും പ്രധാനം. പലപ്പോഴും ഈ രോഗം കൃത്യമായി നിര്‍ണയിക്കാന്‍ അത്രയെളുപ്പമല്ല. ഇപ്പോള്‍ ഏതവസ്ഥയിലാണ്? എത്രകാലം ഇങ്ങനെ നില്‍ക്കും? എപ്പോഴാണ് മൂഡ് മാറ്റമുണ്ടാകുന്നത്? തുടങ്ങിയ കാര്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ബുദ്ധിമുട്ടാണ്. സാധാരണ ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാത്ത വിധം മനോനിലയില്‍ മാറ്റമുണ്ടായാല്‍ ചികിത്സ തേടേണ്ടതുണ്ട്. പ്രധാനമായും മൂഡ് സ്‌റ്റെബിലൈസര്‍ മരുന്നുകളാണ് ഉപയോഗിക്കുന്നത്.
ശരിയായ ജീവിത ചിട്ടകളും ഉറക്കക്രമങ്ങളും പാലിക്കുക, മാനസികസമ്മര്‍ദ്ദം ഒഴിവാക്കി കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്‌താല്‍ ബൈപോളാര്‍ രോഗം നിയന്ത്രിച്ചു നിര്‍ത്താം.
Subscribe to:
Post Comments (Atom)
No comments:
Post a Comment