ഈ തെരുവിലവളെ കല്ലെറിഞ്ഞു കിരാതരാം പകല്‍മാന്യ മാര്‍ജ്ജാരവര്‍ഗ്‌ഗം`
വീണ്ടുമൊരു മാര്‍ച്ച് എട്ട് കൂടി. ലോകത്തിലെ എല്ലാ വനിതകള്‍ക്കും വേണ്ടി സ്വന്തമായി ഒരു ദിനം വന്നിട്ട് ഇന്ന് 100 വര്‍ഷം തികയുന്നു. ഓരോ വര്‍ഷവും നമ്മള്‍ ഈ ദിവസം ആഘോഷിക്കും. സ്‌ത്രീശാക്‌തീകരണത്തെക്കുറിച്ചും ഉന്നമന ത്തെക്കുറിച്ചും ഒരുപാട് പ്രസംഗിക്കും, ഒടുവില്‍ അതെല്ലാം മറക്കും.
ജീവിതത്തിലൊരിക്കലെങ്കിലും ആണാകാന്‍ മോഹിക്കാത്ത പെണ്ണുണ്ടാകുമോ? ആര്‍ത്തവ നാളുകളില്‍ വേദന അനുഭവിക്കുമ്പോള്‍, സ്വാതന്ത്ര്യത്തിന് വീട്ടുകാര്‍ കടിഞ്ഞാണിടുമ്പോള്‍, ഏതു പെണ്ണും ആഗ്രഹിച്ചു പോകും ആണായിരുന്നെങ്കില്ലെന്ന്...
എങ്കിലും സ്‌ത്രീത്വം ആസ്വദിക്കപ്പെടുന്ന ചില മുഹൂര്‍ത്തങ്ങളുണ്ട്. നിറമുളള കുപ്പിവളകളണിയുമ്പോള്‍, വ്യത്യസ്‌തമായ കുപ്പായങ്ങളിടുമ്പോള്‍, മാതൃത്വത്തിന്‍െറ മഹത്വമനുഭവിക്കുമ്പോള്‍ അറിയുന്നു സ്‌ത്രീത്വം ധന്യമാണ്. സ്‌ത്രീകളെ പൂജിക്കാന്‍ പഠിപ്പിച്ച സംസ്‌കാരമാണ് നമ്മുടേത്. പിതാവും ഭര്‍ത്താവും പുത്രനും സ്‌ത്രീയെ സംരക്ഷിക്കണമെന്ന് ഋഷിവര്യന്മാര്‍ നമ്മെ ഓര്‍മ്മപ്പെടുത്തി.
കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ,പുരാണങ്ങളിലും ഇതിഹാസങ്ങളിലും ചരിത്രത്തിലും നിറഞ്ഞുനില്‍ക്കുന്ന എത്ര സ്‌ത്രീരത്‌നങ്ങള്‍. ആത്മാഭിമാനത്തിന്‍െറയും സ്‌നേഹത്തിന്‍റയും ധീരതയുടെയും പ്രതീകങ്ങളായ എത്ര സ്‌ത്രീജനങ്ങള്‍ .
ജനകന് ഉഴവുച്ചാലില്‍നിന്ന് കിട്ടിയ സീത, രാമന്‍െറ മാനസസ്വപ്‌നമായ സീത, ഒടുവില്‍ ആത്മാഭിമാനത്തിന്‍െറ പേരില്‍ ഭൂമി പിളര്‍ന്ന് അന്തര്‍ദ്ധാനം ചെയ്‌ത സീത, ഭാരതസ്‌ത്രീകളില്‍ ആദ്യം ഓര്‍ക്കേണ്ടത് ആ പേരു തന്നെയാണ്.
അഭിമാനം വ്രണപ്പെടുത്തിയതിന്‍െറ പേരില്‍ ദുശ്‌ശാസനന്‍െറ രക്തത്തിനായി കൊതിച്ച് അഴിഞ്ഞ മുടിയുമായി കാത്തിരുന്ന ദ്രൗപദി സ്‌ത്രീത്വത്തിന്‍െറ പ്രതികാരരൂപമാണ്.
അന്ധനായ ഭര്‍ത്താവിന്‍െറ സഹയാത്രികയാകാന്‍ ഇരുട്ടിനെ വരിച്ച ഗാന്ധാരി ത്യാഗത്തിന്‍െറ സ്‌ത്രീരൂപമാണ്. ശ്രീജിതനായ രാവണന്‍െറ ശ്രീയായ ഭാര്യ മണ്ഡോദരി ആത്മസമര്‍പ്പണത്തിന്‍െറ പ്രതീകമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലത്ത് പട നയിച്ച ഝാന്‍സി റാണി ധീരതയുടെ സ്‌ത്രീരൂപമാണ്. വടക്കന്‍ പാട്ടുകളില്‍ ഇന്നും ഉണ്ണിയാര്‍ച്ചയുടെ പെണ്‍കരുത്ത് നിറഞ്ഞുനില്‍ക്കുന്നുണ്ട്.
അകലെ നിന്ന് ആ സ്‌ത്രീ നമ്മുക്കിടയിലേക്ക് കടന്നു വന്നു, സ്‌നേഹത്തിന്‍െറയും കാരുണ്യത്തിന്‍െറയും വ്യത്യസ്‌തമുഖങ്ങള്‍ നമുക്കു മുന്നില്‍ കാട്ടി തന്നത് ആ ദേവതയാണ്; മദര്‍ തെരേസ. ഇന്ദിരാ ഗാന്ധി എന്നത് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ട പേരാണ്. ഇന്ത്യന്‍ സ്‌ത്രീത്വത്തിന്‍െറ യശസ്സ് വാനോളം ഉയര്‍ത്തിയ കല്‍പ്പന ചൗള ഒടുവില്‍ ആകാശത്തു തന്നെ പൊലിഞ്ഞു.
ഇന്ത്യയുടെ ഭരണം ഇപ്പോള്‍ വളയിട്ട കൈകളിലാണെന്ന് വേണമെങ്കില്‍ പറയാം. ആദ്യത്തെ വനിതാ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലും ആദ്യത്തെ വനിതാ ലോക്സഭാ സ്‌പീക്കര്‍ മീരാ കുമാറും യു പി എ അദ്ധ്യക്ഷ സോണിയ ഗാന്ധിയും പ്രതിപക്ഷനേതാവ് സുഷമ സ്വരാജും ഇപ്പോള്‍ ഭരണത്തിന്റെ പല തലങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ്.
എന്നാല്‍ ഇന്ത്യന്‍ സ്‌ത്രീയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. എവിടെ വേണമെങ്കിലും ചതിക്കപ്പെടാം. സ്‌ത്രീ ശരീരം മാത്രമാണെന്ന് കരുതുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സഹപാഠികളുടെയും സുഹൃത്തുക്കളുടെയും എന്തിനധികം ബന്ധുക്കളുടെ പോലും ചതിയില്‍ പെട്ട് ജീവനൊടുക്കുന്നു അവള്‍. നമുക്കൊരു നല്ല കാലം പ്രതീക്ഷിക്കാം, സ്ത്രീത്വം പൂജിക്കപ്പെട്ടില്ലെങ്കിലും അപമാനിക്കപ്പെടാത്ത നല്ല കാലം.
എല്ലാവരുടെയും ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്ന എത്ര സ്‌ത്രീ സാന്നിധ്യങ്ങള്‍ . അമ്മൂമ്മയുടെ പഴങ്കഥകളും അമ്മയുടെ വാത്സല്യവും പെങ്ങളുടെ കുസൃതിയും കാമുകിയുടെ പരിഭവവും ഭാര്യയുടെ സ്‌നേഹവും മകളുടെ കുറുമ്പും സ്‌ത്രീത്വത്തിന്‍െറ വിഭിന്ന മുഖങ്ങളാണ്. സ്‌ത്രീത്വത്തിന്‍െറ ആ പ്രകാശം ഒരിക്കലും അണയാതിരിക്കട്ടെ...
No comments:
Post a Comment