Thursday, April 15, 2010

മനസ്‌സിലെന്നും മഴയായ് കര്‍ണികാരവസന്തം

'കണി കാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി
കനക കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞു കാണേണം ഭഗവാനേ...'

മാസങ്ങളില്‍ സുന്ദരിയേതെന്നു ചോദിച്ചാല്‍ മേടമെന്നു നിസ്‌സംശയം പറയാം. വാകയും മുല്ലയും പൂവിടുന്ന മാസം, മാമ്പഴത്തിന്റെയും ചക്കയുടെയും കാലം. കുട്ടികള്‍ക്കിത് വേനലവധിയുടെ ആഘോഷകാലം. കടുത്ത ചൂടെന്ന് പരിതപിച്ചിരിക്കുമ്പോള്‍ ഇടയ്ക്കിടെ പ്രകൃതി മഴയായ് ആശ്വസിപ്പിക്കുമ്പോള്‍, മേടത്തിന് പുതുമഴയുടെ മണമാണ്. മേടപ്പിറവി മലയാളക്കരയ്ക്ക് ആചാരമാണ്, ആഘോഷമാണ്, ആവേശമാണ്. മലയാളക്കര ഒന്നാകെ മേടം ഒന്നിന് വിഷു ആഘോഷിക്കും. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഉത്സവം എന്നാണ് വിഷു അറിയപ്പെടുന്നത്.

മലയാളികള്‍ വിഷു ആഘോഷിക്കുന്ന ദിവസം ഇന്ത്യയിലെ പല ഭാഗത്തും പുതുവര്‍ഷമാണ്. പഞ്ചാബികള്‍ ബൈസാഖിയെന്നും അസംകാര്‍ ബിഹുവെന്നും ഈ ആഘോഷത്തെ വിളിക്കുമ്പോള്‍ കര്‍ണാടകയിലെ തുളുനാട്ടില്‍ അന്ന് ബിസുവാണ്, തമിഴ്‌നാട്ടില്‍ പുത്താണ്ടും.

ജ്യോതിശാസ്ത്രപരമായി മേടപ്പുലരിയാണ് മേഷ രാശിയിലേക്ക് സൂര്യന്‍ മാറുന്നത്. 'വിഷു’ എന്ന വാക്കിന് സംസ്‌കൃതത്തില്‍ തുല്യമെന്നാണര്‍ത്ഥം. വിഷുദിനത്തില്‍ രാത്രിയുടെയും പകലിന്റെയും ദൈര്‍ഘ്യം ഒരുപോലെ ആയിരിക്കും. വിഷുക്കണി ഒരുക്കിയാണ് നാം വിഷുപ്പുലരിയെ സ്വീകരിക്കുന്നത്. കൊന്നപ്പൂക്കള്‍ വിഷുക്കണിക്ക് അലങ്കാരമാവുന്നു.

ഗോള്‍ഡന്‍ ഷവര്‍ ട്രീ എന്ന് പരക്കെ അറിയപ്പെടുന്ന കണിക്കൊന്ന ഫെബേഷ്യ എന്ന കുടുംബത്തില്‍ ഉള്‍പ്പെടുന്നു. കാഷ്യ ഫിസ്റ്റുല എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കൊന്നപ്പൂവിന്റെ സ്വദേശം തെക്കേ ഏഷ്യയാണ്. പാകിസ്ഥാനിലും ഇന്ത്യയിലും മ്യാന്‍മറിലും ശ്രീലങ്കയിലും കാണപ്പെടുന്ന കൊന്ന തായ്‌ലന്‍ഡിന്റെ ദേശീയ വൃക്ഷമാണ്. കേരളത്തിന്റെ ഔദ്യോഗിക പുഷ്പവും കണിക്കൊന്നയാണെത് നമുക്ക് അഭിമാനമാവുന്നു.

സാധാരണയായി കൊന്നയെ ഒരലങ്കാര വൃക്ഷമായിട്ടാണ് കണക്കാക്കുന്നതെങ്കിലും ആയുര്‍വേദത്തില്‍ ഇത് അരഗവദ (രോഗനാശിനി) യാണ്. പനി, വാതം, രക്ത പിത്ത ദോഷങ്ങള്‍, ഹൃദ്‌രോഗം, ആമാശയപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കൊന്നയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കാം.

കൊന്നപ്പൂവിന്റെ ഉത്പത്തിയെ സംബന്ധിച്ച് കേരളത്തില്‍ ഒരു ഐതിഹ്യമുണ്ട്. ഉത്തരകേരളത്തില്‍ ഒരു കൃഷ്ണന്റെ അമ്പലത്തിനരികില്‍ ഒരു ദരിദ്ര കുടുംബം വസിച്ചിരുന്നു. അവിടുത്തെ ബാലന്‍ ഭഗവാന്‍ കൃഷ്ണനുമായി സൗഹൃത്തിലാകുന്നു. എന്നും ആ ബാലനോടൊപ്പം കളിക്കാന്‍ ഉണ്ണിക്കൃഷ്ണന്‍ എത്തുമായിരുന്നു. ഒരു ദിവസം കൃഷ്ണന്‍ തന്റെ അരയില്‍ കിടന്ന അരഞ്ഞാണമൂരി ബാലന് നല്‍കി. പിറ്റേന്ന് അമ്പലനട തുറന്ന മേല്‍ശാന്തിക്ക് കൃഷ്ണവിഗ്രഹത്തിലെ അരഞ്ഞാണം നഷ്ടപ്പെട്ടെന്ന് മനസ്‌സിലായി. അത് അന്വേഷിച്ച് ചെന്ന അദ്ദേഹം കണ്ടത് അരഞ്ഞാണം കൈയില്‍ പിടിച്ചിരിക്കുന്ന ബാലനെയാണ്. അദ്ദേഹം ക്ഷ്രേതാധികാരികളെ വിളിച്ചു വരുത്തി. അവര്‍ ബാലനെ കളളനെന്നാരോപിച്ച് ശകാരിച്ചു. ആ കുട്ടിയുടെ വാക്കുകള്‍ ആരും വിശ്വസിച്ചില്ല. ബഹളം കേട്ട് എത്തിയ ബാലന്റെ അമ്മയ്ക്ക് തന്റെ മകന്‍ കളളനായത് സഹിക്കാന്‍ കഴിഞ്ഞില്ല. ആ സ്ത്രീ തന്റെ മകനെ കണക്കറ്റ് ഉപദ്രവിച്ചു. ആ കുട്ടിയുടെ കൈയിലിരുന്ന അരഞ്ഞാണം വാങ്ങി അമ്മ ദൂരേക്ക് എറിഞ്ഞു. അത് ഒരു മരച്ചില്ലയില്‍ ചെന്നു വീണു, ഉടന്‍ ആ മരം മുഴുവന്‍ പൂത്തുലഞ്ഞു. ആ പൂക്കളാണെെ്രത കൊന്നപ്പൂക്കള്‍.

കണി എന്ന വാക്കിന് ആദ്യം കാണുന്നത് എന്നാണ് അര്‍ത്ഥം, അപ്പോള്‍ വിഷുക്കണി എന്നാല്‍ വിഷുവിന് ആദ്യം കാണുന്നത് എന്നാണര്‍ത്ഥം.
വിഷു ആഘോഷിക്കുന്നത് പ്രധാനമായും വിഷുക്കണി ഒരുക്കിയും വിഷുക്കൈനീട്ടം നല്കിയും വാങ്ങിയുമാണ്. വിഷുവിന് മഞ്ഞനിറമാണ്, വരുന്ന ഒരു വര്‍ഷം മുഴുവന്‍ ധന്യമാകാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് നാം കൊന്നപ്പൂവും പീതാംബരനെയും കണി കണ്ടുണരുന്നു.

ഓട്ടുരുളിയില്‍ അരി, കോടിമുണ്ട്, വെറ്റില, പഴുത്തടയ്ക്ക, കണ്ണാടി, സ്വര്‍ണ്ണം, വെളളി, നാണയം, കണിവെളളരിക്ക ഉള്‍പ്പെടുന്ന പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍, പുസ്തകം എന്നിവ ഒരുക്കും. ഒപ്പം കൃഷ്ണവിഗ്രഹവും കത്തിച്ച നിലവിളക്കുമുണ്ടാകും.
വിഷുത്തലേന്ന് കുടുംബത്തിലെ സ്ത്രീകള്‍ പൂജാമുറിയില്‍ കണി ഒരുക്കും. പിറ്റേന്ന് രാവിലെ കുടുംബാംഗങ്ങള്‍ മുഴുവന്‍ കണികണ്ട ശേഷം മൃഗങ്ങളെയും വൃക്ഷങ്ങളെയും കണി കാണിക്കും.

തെക്കന്‍ കേരളത്തില്‍ വിഷു ഒരു ആചാരവും വടക്കന്‍ കേരളത്തില്‍ ഒരു ആഘോഷവുമാണ്. പെരുമ്പാവൂര്‍ മുതലാണ് വിഷുവിന്റെ ആചാരങ്ങള്‍ക്ക് മാറ്റം വരുന്നത്. അവിടെ കൈനീട്ടമായി അരിയും നെല്ലും പൂവും നാണയവും സ്വര്‍ണ്ണവും വെളളിയും നല്കാറുണ്ട്. തെക്കന്‍ കേരളത്തില്‍ പൊതിച്ച നാളികേരം വയ്ക്കുമ്പോള്‍ മലബാറില്‍ നാളികേരം ഉടച്ചാണ് വയ്ക്കാറ്.

ചിലയിടങ്ങളിലൊക്കെ നാളികേരത്തില്‍ തിരിയിട്ട് കത്തിച്ച് വയ്ക്കാറുണ്ട്. കൊല്ലത്ത് അഷ്ടകം എന്ന പേരില്‍ അരിയും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി കണിക്ക് വയ്ക്കാറുണ്ട്. മഞ്ഞനിറമുളള വെളളരിക്കയാണ് സാധാരണയായി വിഷുക്കണിക്ക് ഉപയോഗിക്കുക, എന്നാല്‍ തെക്കന്‍ കേരളത്തില്‍ അത് അപൂര്‍വ്വമായി മാത്രമേ കിട്ടാറുളളൂ. അതു കൊണ്ട് അവിടെയൊക്കെ സാധാരണ വെളളരിയാണ് കണി വയ്ക്കുന്നത്.

പാലക്കാട്ട് നാളികേരം നുറുക്കി കണിക്കൊപ്പം വയ്ക്കും. ഒരു വെറ്റിലയില്‍ കണിവച്ച ഫലവര്‍ഗങ്ങളുടെ പങ്കും നാണയവും നാളികേരപ്പൂളും കൈനീട്ടമായി നല്കും. കണ്ണൂരില്‍ ഉപ്പ്, കുരുമുളക്, മഞ്ഞള്‍, ചെറുപയര്‍, കടുക് എന്നിവ വിഷുകണിക്ക് ഉപയോഗിക്കും. ഉത്തരകേരളത്തില്‍ വിഷുക്കണിക്ക് ഒരു പ്രത്യേക കാഴ്ചദ്രവ്യം ഒരുക്കാറുണ്ട്. വിഷുക്കലം എന്നറിയപ്പെടുന്ന മണ്‍കലം അരിമാവ് കൊണ്ട് അലങ്കരിച്ച് അതില്‍ ഉണ്ണിയപ്പം (കാരയപ്പം) നിറച്ച് കണി വയ്ക്കും.

തെക്കന്‍ കേരളത്തില്‍ വിഷുവിന് സദ്യ ഉണ്ടാക്കുമ്പോള്‍, മദ്ധ്യകേരളത്തില്‍ സദ്യ പതിവില്ല, ഉത്തരകേരളത്തില്‍ വിഷുവിന് മാംസാഹാരം നിര്‍ബന്ധമാണ്. വടക്കന്‍ കേരളത്തില്‍ പടക്കം ഒഴിവാക്കാനാവില്ല.
വിഷുവിന് കയ്പ്പും മധുരവും പുളിയും ഉളള വിഭവങ്ങള്‍ ഉണ്ടാക്കും. ചിലയിടങ്ങളില്‍ അരിയും നാളികേരവും പാലും പഴവും ചേര്‍ത്ത് വിഷുക്കഞ്ഞി ഉണ്ടാക്കാറുണ്ട്. വിവിധ പച്ചക്കറികള്‍ ചേര്‍ത്ത് തോരന്‍ ഉണ്ടാക്കും. ചിലയിടങ്ങളില്‍ വേപ്പില കൊണ്ട് വേപ്പംപൂരശവും മാമ്പഴപ്പച്ചടിയും ഉണ്ടാകും.
വീണ്ടുമൊരു വിഷുക്കാലം കൂടി; നന്മയുടെ, സമൃദ്ധിയുടെ, വിഷുക്കാലം. വരുന്ന ഒരു വര്‍ഷം ഐശ്വര്യപൂര്‍ണ്ണമാകാന്‍ സമ്പത്‌സമൃദ്ധിയാല്‍ മനസ്‌സും ജീവിതവും നിറയാന്‍ മേടപ്പുലരിയില്‍ വിഷുക്കണി കണ്ടുണരുമ്പോള്‍, പ്രകൃതിപോലും അനുഗ്രഹവര്‍ഷം ചൊരിയുമ്പോള്‍ നമുക്ക് ആഗ്രഹിക്കാം നാമൊക്കെ എത്ര മാറിയാലും നമ്മുടെ ഓര്‍മകളില്‍ കണിക്കൊന്ന എന്നും പൂ ചൊരിയട്ടെയെന്ന്...

No comments:

Post a Comment