Thursday, April 15, 2010

കാലം സൂക്ഷിക്കുന്ന പ്രണയമുദ്രകള്‍

സന്ധ്യയ്ക്ക്, ചാറ്റല്‍ മഴയേറ്റ്‌ ആകാശം നോക്കിനില്‌ക്കുന്ന അനുഭൂതിയാണ്‌ പ്രണയം...

വാകപ്പൂക്കള്‍ കൊഴിഞ്ഞുകിടക്കുന്ന നീണ്ട വഴിത്താരകളില്‍ ഒറ്റയ്‌ക്കു നടക്കുമ്പോള്‍ കേള്‍ക്കുന്ന പിന്‍വിളിയാണ്‌ പ്രണയം...

കൗമാര കുതൂഹലങ്ങളില്‍, യൗവനത്തിന്‍െറ തീക്ഷ്ണതയില്‍, വാര്‍ദ്ധക്യത്തിന്‍െറ സ്‌മരണകളില്‍ എന്നും പ്രണയം തീവ്രതയോടെ ജീവിക്കുന്നു.

കാലനദി കടന്നു ചരിത്രത്തിലിടം നേടിയ എത്രയെത്ര പ്രണയങ്ങള്‍, ലോകഹൃദയത്തില്‍ ഇടം നേടിയ എത്രയെത്ര പ്രണയികള്‍. അതെ, പ്രണയം അനശ്വരമാണ്‌.
യമുനയുടെ കരയില്‍ കൃഷ്‌ണതുളസിക്കാട്ടിലൂടെ നടക്കുമ്പോള്‍ ചെവിയോര്‍ത്താല്‍ കേള്‍ക്കാം, കുടമണികളുടെ നാദം ഒപ്പം ഹൃദ്യമായ മുരളീരവവും. തന്നെക്കാള്‍ അഞ്ചു വയസ്‌സു കൂടുതലുളള രാധയോട്‌ കൃഷ്‌ണനുളള വികാരം എന്തായിരുന്നു? ഏതായാലും രാധാ-കൃഷ്‌ണ പ്രണയസങ്കല്‍പ്പം ഇതിഹാസങ്ങളിലും മനുഷ്യമനസ്‌സുകളിലും ഇന്നും ആര്‍ദ്രതയോടെ നിറഞ്ഞുനില്‌ക്കുന്നു. ആത്മാനന്ദത്തിനു വേണ്ടിയല്ലാതെ കൃഷ്‌ണനെ സ്‌നേഹിച്ച രാധ വരവര്‍ണ്ണിനിയായ യോഗിനിയായി ദ്വാരകയില്‍ ജീവിച്ചു. മരിക്കുന്നതു വരെ രാധയുടെ സ്‌ഥാനത്ത്‌ കൃഷ്‌ണന്‍ ഒരു മയില്‍പ്പീലി തന്‍െറ നെറുകയില്‍ അണിഞ്ഞിരുന്നു.

`കാടുചൊല്ലുന്നതാമെന്നെ കബളിപ്പിക്കുവാന്‍ കൈയിലോടു മേന്തി നടക്കുന്നിതുല്‌പല ബാണന്‍` എന്ന്‌ കുമാരനാശാന്‍ കരുണയില്‍ പറഞ്ഞത്‌ കാമദേവനെക്കുറിച്ചാണ്‌. അരവിന്ദം, അശോകം, നവമാലിക, നീലോല്‌പലം, ചൂതം എന്നീ പുഷ്‌പബാണങ്ങള്‍കൊണ്ട്‌ മനസ്‌സുകളെ കീഴടക്കാന്‍ നടക്കുന്ന കാമദേവന്‍ റോമന്‍ കഥയിലുമുണ്ട്‌. ക്യുപിഡ്‌ സ്‌നേഹത്തിന്‍െറ ദേവതയായ വീനസിന്‍െറ മകനാണ്‌. പ്രണയത്തിന്‍െറ വികാരങ്ങളെയും ആഗ്രഹങ്ങളെയും പ്രതിനിധീകരിക്കുന്ന അമ്പും വില്ലുമാണ്‌ ക്യുപിഡിന്‍െറ ആയുധങ്ങള്‍. തന്നെക്കാള്‍ സുന്ദരിയായ സൈക്കിനെ നശിപ്പിക്കാന്‍ വീനസ്‌ ക്യുപിഡിനെ അയക്കുന്നു. എന്നാല്‍ സൈക്കിനെ കണ്ട്‌ പ്രണയത്തിലായ ക്യുപിഡ്‌ തന്നെ കാണാന്‍ ശ്രമിക്കരുത്‌ എന്ന നിബന്ധനയോടെ അവളോടൊപ്പം ജീവിച്ചു. എന്നാല്‍ ഒരു ദിവസം പ്രലോഭനങ്ങള്‍ക്കടിമപ്പെട്ട്‌ ക്യുപിഡിനെ കാണാന്‍ ശ്രമിച്ച സൈക്കിനോട്‌ കോപിച്ച്‌ ക്യുപിഡ്‌ അപ്രത്യക്ഷനായി. തന്‍െറ പ്രണയസാഫല്യത്തിനായി വീനസിനോട്‌ പ്രാര്‍ത്ഥിച്ച സൈക്കിനെ വീനസ്‌ ഒരുപാട്‌ പരീക്ഷിച്ചു. എന്നാല്‍ അതിലൊക്കെ വിജയിച്ച സൈക്കിനോട്‌ ഒടുവില്‍ ക്യുപിഡ്‌ ക്ഷമിച്ചു.

ഗ്രീക്ക്‌ കഥയിലെ ഓര്‍ഫ്യുസും യൂറിഡൈസും പ്രണയബദ്ധരായിരുന്നു. ഒരുനാള്‍ സര്‍പ്പദംശമേറ്റ്‌ യൂറിഡൈസ്‌ മരിച്ചു. ഓര്‍ഫ്യൂസ്‌ `ലൈര്‍` എന്ന തന്‍െറ സംഗീതോപകരണവും മീട്ടി ലോകം മുഴുവന്‍ യൂറിഡൈസിനെ തേടിയലഞ്ഞു. ഒടുവില്‍ പരലോകത്തുമെത്തി. ഓര്‍ഫ്യൂസിന്‍െറ സംഗീതത്തില്‍ മനംമയങ്ങിയ പരലോകത്തിലെ രാജാവ്‌ യൂറിഡൈസിനെ ഓര്‍ഫ്യൂസിനോടൊപ്പം ഒരു നിബന്ധനയോടെ അയച്ചു. ഇരുവരും പോകുമ്പോള്‍ ഓര്‍ഫ്യൂസ്‌ മുമ്പെ നടക്കണം, പുറംലോകം എത്തുന്നതു വരെ തിരിഞ്ഞു നോക്കരുത്‌. പക്ഷേ, പകല്‍വെളിച്ചം വീണപ്പോള്‍ ഓര്‍ഫ്യൂസ്‌ തിരിഞ്ഞുനോക്കി. യൂറിഡൈസ്‌ എന്നെന്നേക്കുമായി അപ്രത്യക്ഷയായി.

`ഒരു പേരിലെന്തിരിക്കുന്നു? റോസാപുഷ്‌പത്തെ മറ്റെന്തു പേരില്‍ വിളിച്ചാലും അതിന്‍െറ നിറവും സുഗന്ധവും മാറുമോ?`. റോമിയോ ജൂലിയറ്റിനോട്‌ പറഞ്ഞ ആദ്യവാക്കുകളാണിത്‌. ആദ്യകാഴ്‌ചയിലേ അനുരാഗബദ്ധരായ അവരുടെ കഥ ദുരന്തപര്യവസായിയാണ്‌. കടുത്ത ശത്രുതയിലായിരുന്ന രണ്ടു കുടുംബങ്ങളിലാണ്‌ റോമിയോയും ജൂലിയറ്റും ജനിച്ചത്‌. അതുകൊണ്ടു തന്നെ അവര്‍ക്ക്‌ ഒന്നിക്കാന്‍ സാധിച്ചില്ല. ജൂലിയറ്റിന്‍െറ വിവാഹം അവളുടെ വീട്ടുകാര്‍ കൗണ്ട്‌ പാരീസുമായി ഉറപ്പിച്ചു. ഇതില്‍ മനംനൊന്ത ജൂലിയറ്റ്‌ സഹായത്തിനായി ബിഷപ്പായ ഫ്രയര്‍ ലോറന്‍സിനെ സമീപിച്ചു. 24 മണിക്കൂര്‍ മരണത്തെപ്പോലുളള ഒരബോധാവസ്‌ഥയില്‍ അകപ്പെടുന്ന ഒരു മരുന്ന്‌ അദ്ദേഹം ജൂലിയറ്റിന്‌ നല്‌കി. അവള്‍ എഴുന്നേല്‌ക്കുമ്പോള്‍ ഒന്നിക്കാനായി ഒരു സന്ദേശം അദ്ദേഹം റോമിയോയിക്കു അയച്ചു. തന്‍െറ വിവാഹത്തലേന്ന്‌ ജൂലിയറ്റ്‌ മരുന്ന്‌ കഴിച്ചു. നിര്‍ഭാഗ്യവശാല്‍ റോമിയോക്ക്‌ സന്ദേശം ലഭിച്ചില്ല. ജൂലിയറ്റിന്‍െറ മരണവാര്‍ത്ത അറിഞ്ഞ റോമിയോ അവളുടെ കല്ലറയിലെത്തി. അവിടെ അപ്പോള്‍ കൗണ്ട്‌ പാരീസ്‌ ഉണ്ടായിരുന്നു. അയാളെ വധിച്ച ശേഷം റോമിയോ സ്വയം കുത്തി മരിച്ചു. ഉറക്കമുണര്‍ന്ന ജൂലിയറ്റ്‌ കണ്ടത്‌ മരിച്ചു കിടക്കുന്ന റോമിയോയെയാണ്‌. ഒടുവില്‍ അവള്‍ ആത്മഹത്യ ചെയ്‌തു.

ടോളമിക്‌ രാജവംശയായ ഈജിപ്‌ഷ്യന്‍ രാജ്‌ഞി ക്‌ളിയോപാട്രയും റോമന്‍ ജനറല്‍ മാര്‍ക്ക്‌ ആന്‍റണിയും പ്രണയത്തിലായി. ഒക്‌ടേവിയന്‍ സേനക്കെതിരെ ആക്‌ടിയം യുദ്ധം നയിക്കാന്‍ റോമിലേക്ക്‌ പോയ ആന്‍റണി അതില്‍ പരാജയപ്പെടുന്നു. അവിടെ വച്ച്‌ ആന്‍റണി ക്‌ളിയോപാട്ര മരിച്ചെന്ന്‌ കിംവദന്തി കേള്‍ക്കുന്നു. അതില്‍ ദു:ഖാര്‍ത്തനായ ആന്‍റണി മരണത്തെ സ്വയം വരിച്ചു. ആന്‍റണിയുടെ മരണവാര്‍ത്ത അറിഞ്ഞ ക്‌ളിയോപാട്ര സ്വന്തം നാവില്‍ സര്‍പ്പദംശമേല്‍പ്പിച്ച്‌ മരിക്കുന്നു.

ലൈല സുന്ദരിയല്ലായിരുന്നു, പക്ഷേ മജ്‌നു സുന്ദരനും. സുന്ദരിയല്ലാത്ത ലൈലയെ എങ്ങനെയാണ്‌ ഇഷ്‌ടപ്പെട്ടതെന്ന്‌ എല്ലാവരും മജ്‌നുവിനോടു ചോദിച്ചു. മജ്‌നു ഉത്തരം പറഞ്ഞതിങ്ങനെയാണ്‌, `ലൈലയുടെ സൗന്ദര്യം കാണണമെങ്കില്‍ നിങ്ങള്‍ മജ്‌നുവിന്‍െറ കണ്ണിലൂടെ നോക്കണം.` ഖയിസ്‌ എന്ന മജ്‌നു കവിയായിരുന്നു. ലൈലയെ വിവാഹം ചെയ്യണമെന്ന ഖയിസിന്‍െറ ആഗ്രഹം നിരാകരിച്ച്‌ അവളുടെ അച്ഛന്‍ അവളെ മറ്റൊരാള്‍ക്ക്‌ വിവാഹം ചെയ്‌തുകൊടുത്തു. ഈ വാര്‍ത്ത അറിഞ്ഞ ഖയിസ്‌ മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞു നടന്നു. ഒടുവില്‍ അസുഖം ബാധിച്ച്‌ ലൈല മരിച്ചു. പിന്നീട്‌ അജ്ഞാതയായ ഒരു സ്‌ത്രീയുടെ ശവകുടീരത്തിനരികില്‍ ഖയിസിനെ കണ്ടെത്തി. അപ്പോഴും ശവകുടീരത്തിനരികിലെ ഒരു പാറയില്‍ ഖയിസ്‌ ഒരു കവിത കുറിച്ചിട്ടിരുന്നു.

മുഗള്‍ രാജാവായ അക്‌ബറിന്‍െറ പുത്രന്‍ സലീമിന്‍െറ പ്രണയിനി സാധാരണക്കാരിയായ, അതീവസുന്ദരിയും നര്‍ത്തകിയുമായ അനാര്‍ക്കലിയായിരുന്നു. ചക്രവര്‍ത്തി ഈ പ്രണയത്തോടു എതിര്‍പ്പ്‌ പ്രകടിപ്പിച്ചു. അതിന്‍െറ പേരില്‍ സലീമിന്‌ അച്ഛനുമായി യുദ്ധം ചെയ്യേണ്ടി വന്നു. അതില്‍ പരാജയപ്പെട്ട സലീമിന്‍െറ മുന്നില്‍വച്ച്‌ അനാര്‍ക്കലിയെ ജീവനോടെ ഒരു മുറിയിലാക്കി ഇഷ്‌ടികകള്‍ കൊണ്ട്‌ അടച്ചു. സലീം പിന്നീട്‌ ജഹാംഗീര്‍ എന്ന പേരില്‍ ചക്രവര്‍ത്തിയായി. അപ്പോഴും അദ്ദേഹത്തിന്‍െറ ഓര്‍മ്മകളില്‍ അനാര്‍ക്കലി നിറഞ്ഞുനിന്നിരുന്നു.

മറ്റൊരു മുഗള്‍ രാജാവായ ഷാജഹാന്‍െറയും മുംതാസിന്‍െറയും പ്രണയം കാലാന്തരങ്ങളായി നമ്മുടെ മനസ്‌സിലുണ്ട്‌. പ്രണയത്തിന്‍െറ നിത്യസ്‌മാരകമായ താജ്‌മഹല്‍ ഇന്നും ലോകാദ്‌ഭുതങ്ങളിലൊന്നായി നിലനില്‍ക്കുന്നു. ഷാജഹാന്‍െറ പ്രിയപ്പെട്ട ഭാര്യയായിരുന്നു മുംതാസ്‌. അദ്ദേഹത്തിന്‍െറ 14 മക്കള്‍ക്ക്‌ ജന്മം നല്‌കിയ മുംതാസ്‌ ഒടുവിലത്തെ കുഞ്ഞിന്‍െറ ജനനത്തോടെ മരിച്ചു. അവരുടെ ഓര്‍മ്മയില്‍ സൃഷ്‌ടിച്ച താജ്‌മഹലിന്‍െറ പണി 20 വര്‍ഷം കൊണ്ടാണ്‌ പൂര്‍ത്തിയായത്‌.

`നിനക്കാണോ പ്രകൃതി അതിന്‍െറ ശക്തിയും മധുരവും സൗന്ദര്യവും തന്നത്‌? നീയൊരാളാണോ എന്‍െറ ഹൃദയത്തെ ഭരിക്കുന്നത്‌?`. നെപ്പോളിയന്‍ ബോണപാര്‍ട്ട്‌ ജോസഫൈനിന്‌ നല്‌കിയ പ്രണയലേഖനമാണിത്‌. റോസിന്‌ ജോസഫൈന്‍ എന്ന പേര്‌ നല്‌കിയത്‌ നെപ്പോളിയനാണ്‌. വിവാഹം കഴിഞ്ഞ്‌ രണ്ട്‌ ദിവസത്തിനു ശേഷം ഇറ്റലിയില്‍ ഫ്രഞ്ച്‌ സൈന്യത്തെ നയിക്കാന്‍ അദ്ദേഹത്തിന്‌ പോകേണ്ടി വന്നു. ആ വേര്‍പാടിന്‍െറ വേളയില്‍ നെപ്പോളിയന്‍ ജോസഫൈന്‌ ഒരുപാട്‌ പ്രണയലേഖനങ്ങള്‍ അയച്ചു. അവ ഇന്ന് ചരിത്രത്തില്‍ രജതമുദ്രകള്‍. കുഞ്ഞ്‌ ജനിക്കാത്തതിന്‍െറ പേരില്‍ ഒടുവില്‍ ജോസഫൈനും നെപ്പോളിയനും വിവാഹമോചിതരായി.

പിയറി ക്യൂറിയും മേരിയും ശാസ്‌ത്രലോകത്തിലെ ദമ്പതികളാണ്‌. വാര്‍സോവില്‍ ജനിച്ച മേരി വിദ്യാഭ്യാസത്തിനായി പോളണ്ടിലെത്തുന്നു. അവിടെവച്ച്‌ പിയറിയുടെ ശ്രദ്ധ നേടിയ മേരി അദ്ദേഹത്തിന്‍െറ ഔദ്യോഗിക പങ്കാളിയായി പിന്നീട്‌ ജീവിതപങ്കാളിയും. ശാസ്‌ത്രലോകത്ത്‌ ആ ദമ്പതികള്‍ ഒട്ടനവധി സംഭാവനകള്‍ നല്‌കി.

ഇംഗ്‌ളണ്ടിലെ രാജ്ഞിയായ വിക്‌ടോറിയ തന്‍െറ ബന്ധുവായ ആല്‍ബര്‍ട്ട്‌ രാജകുമാരനെ വിവാഹം ചെയ്‌തു. അവരുടെ ദീപ്‌തമായ സ്‌നേഹവും സഹകരണവും ഭരണത്തില്‍ ഒരുപാട്‌ സഹായിച്ചു. ആല്‍ബര്‍ട്ട്‌ രാജകുമാരന്‍െറ വിയോഗം വിക്‌ടോറിയയെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തി. അദ്ദേഹത്തിന്‍െറ മരണശേഷം രാജ്ഞി മൂന്ന്‌ വര്‍ഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടില്ല. അതിനു ശേഷം മരിക്കുന്നതു വരെ നീണ്ട 40 വര്‍ഷം അവര്‍ കറുത്ത വസ്‌ത്രം മാത്രമേ ഉപയോഗിച്ചിട്ടുളളൂ.

രഹസ്യസ്വഭാവം സൂക്ഷിച്ച പ്രണയമാണ്‌ ലോകത്തെ വിറപ്പിച്ച ഹിറ്റ്‌ലറുടെയും ഈവ ബ്രൗണിന്‍െറതും. തന്‍െറ പേഴ്‌സണല്‍ ഫോട്ടോഗ്രാഫറുടെ അസിസ്‌റ്റന്‍റ്‌ മോഡലായ 17കാരിയായ ഈവയെ ഹിറ്റ്‌ലര്‍ പരിചയപ്പെടുന്നു. ഹിറ്റ്‌ലറുടെ സ്വകാര്യ ആഘോഷങ്ങളിലെ ശ്രദ്ധാകേന്ദ്രമായിരുന്നു ഈവ. ഹിറ്റ്‌ലറിന്‌ 56ഉം ഈവയ്ക്ക് 33ഉം വയസ്‌സുളളപ്പോള്‍ അവരുടെ വിവാഹം നടന്നു. അവര്‍ ഒരുമിച്ച്‌ ആത്മഹത്യ ചെയ്യുന്നതു വരെ ഈവ ബ്രൗണിനെക്കുറിച്ച്‌ പൊതുജനത്തിന്‌ അറിയില്ലായിരുന്നു.

ചരിത്രത്തില്‍ ആഹ്‌ളാദത്തിന്‍െറയും നൊമ്പരങ്ങളുടെയും സ്‌മരണകള്‍ നിലനിര്‍ത്തുന്ന എത്രയെത്ര പ്രണയമുഹൂര്‍ത്തങ്ങള്‍. കാലം കഴിഞ്ഞുപോകുമ്പോള്‍ പ്രണയത്തിന്‍െറ തീവ്രതയ്‌ക്കു മാറ്റമുണ്ടെന്നു സമ്മതിക്കാതെ വയ്യ. മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും അടക്കി വാഴുന്ന ഇക്കാലത്ത്‌, ചാറ്റിംഗും എസ്‌ എം എസും ആശയവിനിമയം നടത്താന്‍ സഹായിക്കുമ്പോള്‍, സ്‌പര്‍ശം കൊണ്ട്‌ ലോകത്തെ തിരിച്ചറിഞ്ഞ ഹെലന്‍ കെല്ലറുടെ വാക്കുകള്‍ ശ്രദ്ധിക്കുക.

`ഈ ലോകത്തിലെ ഏറ്റവും മനോഹരമായ വസ്‌തുവിനെ നമുക്ക്‌ കാണാനോ തൊടാനോ സാധിക്കില്ല. അത്‌ ഹൃദയംകൊണ്ട്‌ അനുഭവിക്കുന്ന ഒന്നാണ്‌...`

2 comments: