Saturday, April 24, 2010

ആറ്റുകാലമ്മയ്ക്ക് അമ്മയ്ക്ക് പ്രണാമം

അനന്തപുരി ഭക്തിലഹരിയില്‍ മുങ്ങുന്ന മുഹൂര്‍ത്തമാണ്‌ ആറ്റുകാല്‍ പൊങ്കാല. നഗരം അക്ഷരാര്‍ത്ഥത്തില്‍ സ്‌ത്രീസാഗരമാകുന്ന കാഴ്ച. ലോകത്തിലെ ഏറ്റവും വലിയ വനിതാസംഗമം എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാലയില്‍ ജാതിമതഭേദമെന്യേ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാസ്ത്രീകളും പങ്കെടുക്കുന്നു.ദേവിയ്‌ക്കുളള ആത്‌മാര്‍ത്ഥമായ സമര്‍പ്പണമായ പൊങ്കാല സ്‌ത്രീത്വത്തിന്‍െറ ആഘോഷം കൂടിയാണ്‌. ദിവസങ്ങള്‍ക്ക്‌ മുമ്പേ പൊങ്കാലയ്ക്കായി ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നാളെയാണ് ഈവര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ദേവീക്ഷേത്രത്തിന്‍െറ അഞ്ച്‌ കിലോമീറ്റര്‍ ചുറ്റിനും പൊങ്കാല ഇടാറുണ്ട്‌. തിരുവനന്തപുരത്തിന്‍െറ പ്രധാന വീഥികളിലെല്ലാം നാളെ പൊങ്കാല അടുപ്പുകള്‍ നിറയും.

കുംഭമാസത്തിലെ പൂരം നക്ഷത്രവും പൗര്‍ണ്ണമിയും ഒത്തുചേരുന്ന ദിനത്തിലാണ്‌ ലോകപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ്‌ പൊങ്കാല മഹോത്സവം ആരംഭിക്കുന്നത്‌. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍ ഒന്‍പതാം നാളാണ്‌ പൊങ്കാല നടക്കുക. അവസാന ദിവസം കുരുതിതര്‍പ്പണത്തോടെ ഉത്സവം അവസാനിക്കും. എല്ലാ ഉത്സവദിനവും പച്ചപ്പന്തലിലിരുന്ന്‌ കണ്ണകീചരിതം പാടി ദേവിയെ സ്‌തുതിക്കും. തോറ്റന്‍ പാട്ടെന്നാണ്‌ ഇത്‌ അറിയപ്പെടുക.

രാവിലെ ക്ഷേത്രാങ്കണത്തിലെ പണ്ഡാര അടുപ്പില്‍ തീ കൊളുത്തുന്നതോടു കൂടിയാണ്‌ പൊങ്കാല ആരംഭിക്കുന്നത്‌, പിന്നീട്‌ പൊങ്കാല അടുപ്പുകളിലെല്ലാം തീ പകരും. മണ്‍പാത്രത്തില്‍ അരിയും ശര്‍ക്കരയും തേങ്ങയും ചേര്‍ത്താണ്‌ പൊങ്കാല ഉണ്ടാക്കുന്നത്‌. പൊങ്കാല എന്നറിയപ്പെടുന്ന ശര്‍ക്കരപായസത്തിനോടൊപ്പം വെളള നിവേദ്യവും അരിമാവും ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത്‌ കുഴച്ച്‌ വയണയിലയിലുണ്ടാക്കുന്ന തെരളിയും വറത്തുപൊടിച്ച പയറും അരിയും ശര്‍ക്കരയും ചേര്‍ത്ത്‌ ഉരുട്ടിയെടുക്കുന്ന മണ്ഡപ്പുറ്റും ഉണ്ടാക്കുന്നു. മണ്ഡപ്പുറ്റ്‌ നിവേദ്യം തലവേദന മാറാനും ഓര്‍മ്മശക്തിയ്‌ക്കും നേര്‍ച്ചയായി നടത്താറുണ്ട്‌. ചിലര്‍ മാടന്‍ തമ്പുരാനെ സ്‌മരിച്ച്‌ ചെറുപയര്‍ വേവിക്കാറുണ്ട്‌.

തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിന്ന്‌ കഷ്‌ടിച്ച്‌ മൂന്ന്‌ കിലോമീറ്റര്‍ തെക്കുകിഴക്കുമാറി കരമനയാറ്റിന്‍ തീരത്ത്‌ സ്‌ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവീക്ഷേത്രമാണ്‌ ആറ്റുകാല്‍.തമിഴ്‌ നാടിന്‍െറയും കേരളത്തിന്‍െറയും ശില്‍പഭംഗി ക്ഷേത്രഗോപുരങ്ങളില്‍ കാണാം. ഐതിഹ്യവും ചരിത്രവും സമ്മേളിക്കുന്ന കണ്ണകീചരിതത്തിന്‍െറയും ദാരുകവധത്തിന്‍െറയും കഥകള്‍ പറയുന്ന ശില്‍പങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നവയാണ്‌.

ആറ്റുകാല്‍ ഭഗവതിയുടെ കഥ കണ്ണകീ ചരിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇളങ്കോവടികള്‍ ചിലപ്പതികാരം എന്ന തന്‍െറ കൃതിയില്‍ ആ കഥ പറഞ്ഞിരിക്കുന്നു. കാവേരിപട്ടണത്തിലെ ധനികായ വ്യവസായിയായിരുന്നു കോവലന്‍. അദ്ദേഹം സുന്ദരിയായ കണ്ണകിയെ വിവാഹം ചെയ്‌ത്‌ സന്തോഷമായി ജീവിച്ചുവരികെ, മാധവി എന്ന നര്‍ത്തകിയില്‍ ആകൃഷ്‌ടയായി. തന്‍െറ സമ്പാദ്യംമുഴുവന്‍ അവള്‍ക്കായി ചെലവഴിച്ചു. ഒടുവില്‍ കോവലന്‍ തന്‍െറ തെറ്റ്‌ മനസ്‌സിലാക്കി കണ്ണകിയുടെ അരികില്‍ തിരിച്ചെത്തി. അവരിരുപേരും പാണ്‌ഡ്യരാജാവ്‌ ഭരിക്കുന്ന മധുരയിലെത്തി. കണ്ണകി തന്‍െറകാലില്‍ കിടന്ന ചിലമ്പുകളില്‍ ഒരെണ്ണം കോവലന്‍െറ കൈയില്‍ വില്‍ക്കാനേല്‍പ്പിച്ചു. എന്നാലത്‌ രാജ്ഞിയുടേത്‌ മോഷ്‌ടിച്ചതാണെന്നാരോപിച്ച്‌ കോവലനെ രാജാവിന്‍െറ ഭടന്മാര്‍ പിടികൂടി. മോഷണക്കുറ്റത്തിന്‌ പാണ്‌ഡ്യരാജാവ്‌ കോവലനെ തൂക്കിലേറ്റി. വിവരമറിഞ്ഞ കണ്ണകി തന്‍െറ മറ്റേച്ചിലമ്പുമായി രാജാവിന്‍െറ സവിധത്തിലെത്തി. സത്യം മനസ്‌സിലാക്കിയ രാജാവും രാജ്ഞിയും ആത്മഹത്യ ചെയ്‌തു. കോപാന്ധയായ കണ്ണകി മധുര മുഴുവന്‍ ചുട്ടുകരിച്ചിട്ട്‌ കന്യാകുമാരി വഴി കൊടുങ്ങല്ലൂരിലേക്ക്‌ യാത്ര തിരിച്ചു. യാത്രാമദ്ധ്യേ ദേവി കിളളിയാര്‍ കടന്ന്‌ ആറ്റുകാല്‍ വിശ്രമിച്ചുവെന്നാണ്‌ ഐതിഹ്യം.

ദേവിയുടെ വിശ്രമമാണ്‌ ആറ്റുകാല്‍ ക്ഷേത്രത്തിന്‍െറ ഉദ്‌ഭവത്തിനു കാരണഭൂവായത്‌. മുല്ലുവീട്ടിലെ കാരണവര്‍ കിളളിയാറില്‍ സ്‌നാനം ചെയ്‌തു കൊണ്ടിരിക്കുമ്പോള്‍ ഒരു കൊച്ചു പെണ്‍കുട്ടി എത്തി തന്നെ പുഴ കടക്കാന്‍ സഹായിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. അദ്ദേഹം അതനുസരിച്ചു. പെണ്‍കുട്ടിയുടെ ചൈതന്യം കണ്ട്‌ ഭക്തി തോന്നി അദ്ദേഹം കുട്ടിയെ വീട്ടിലേക്ക്‌ ക്ഷണിച്ചു. എന്നാല്‍ പെണ്‍കുട്ടി പെട്ടെന്ന്‌ അപ്രത്യക്ഷയായി. രാത്രി കാരണവരുടെ സ്വപ്‌നത്തില്‍ ഭഗവതി പ്രത്യക്ഷപ്പെട്ട്‌ അദ്ദേഹത്തിന്‍റ കാവില്‍ മൂന്ന്‌ വരകള്‍ കാണുമെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും ആവശ്യപ്പെട്ടു. രാവിലെ കാവിലെത്തിയ കാരണവര്‍ മൂന്ന്‌ വരകള്‍ കണ്ട്‌ അതിശയിച്ചു. അവിടെ ഒരു ചെറിയ ക്ഷേത്രം പണിതു. പിന്നീട്‌ ആ കുടുംബക്ഷേത്രം നാട്ടുകാര്‍ ഏറ്റെടുക്കുകയും ട്രസ്‌റ്റിന്‍െറ കീഴില്‍ ഇന്ന്‌ കാണുംവിധം വികസിക്കുകയും ചെയ്‌തു.

കഴിഞ്ഞ വര്‍ഷം 27 ലക്ഷം സ്‌ത്രീജനങ്ങള്‍ പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാല ലോകത്തിലെ ഏറ്റവും വലിയ വനിതാസംഗമം എന്ന പേരില്‍ ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌സില്‍ തന്‍െറ സ്‌ഥാനം ഒന്നു കൂടി ഉറപ്പിച്ചു.പല പ്രശസ്‌തരും വിദേശികളും പൊങ്കാലയിടാന്‍ എത്താറുണ്ട്‌.

No comments:

Post a Comment